വിദേശ മെഡിക്കൽവിദ്യാർഥികൾക്കുള്ള രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് ഹൈക്കോടതി ശരിവെച്ചു

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊച്ചി: കോവിഡും യുദ്ധവും കാരണം ഓഫ്‌ലൈൻ ക്ലാസുകൾ നഷ്ടമായ, വിദേശത്തു പഠിച്ച മെഡിക്കൽ വിദ്യാർഥികൾക്ക് രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് നിർബന്ധമാക്കിയ കേരള സംസ്ഥാന മെഡിക്കൽ കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പൊതുതാത്‌പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.

ഹർജിക്കാർ 2016-2022 കാലഘട്ടത്തിൽ യുക്രെയ്‌നിൽ മെഡിക്കൽ കോഴ്സ് പഠിച്ചിരുന്നവരാണ്. 2021-ലെ നാഷണൽ മെഡിക്കൽ കമ്മിഷൻ മാർഗരേഖയിൽ ഒരുവർഷത്തെ നിർബന്ധിത മെഡിക്കൽ ഇന്റേൺഷിപ്പാണ് നിഷ്കർഷിക്കുന്നത്. ഇത് തങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു ആലുവ സ്വദേശി ഡോ. തഹിയ തസ്‌ലിം, ആറന്മുളയിലെ ഡോ. റിയ എലിസബത്ത് ജോർജ് തുടങ്ങിയവരുടെ ആവശ്യം.

എന്നാൽ, മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം സംസ്ഥാന മെഡിക്കൽ കമ്മിഷനാണെന്ന് കോടതി നിരീക്ഷിച്ചു. പ്രായോഗിക പരിശീലനമില്ലാതെ ഡോക്ടർമാർക്ക് പൗരന്മാരെ പരിപാലിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Content Highlights: Kerala High Court approves a 2-year mandatory internship for medical students who studied abroad