ഗൗണ്‍ വഴിമാറുന്നു; ബിരുദദാനച്ചടങ്ങില്‍ മുണ്ടിനും സാരിക്കും പ്രിയമേറുന്നു

വിദേശങ്ങളിലെ ബിരുദദാനച്ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന തൊപ്പിയും ഗൗണും സംസ്ഥാനത്തെ സര്‍വകലാശാലകളില്‍നിന്നും അപ്രത്യക്ഷമാകുന്നു. തദ്ദേശീയതയെ കൂട്ടുപിടിച്ച് കേരളീയവേഷത്തിലേക്ക് മാറുകയാണ് ബിരുദദാനച്ചടങ്ങുകള്‍. പെണ്‍കുട്ടികള്‍ സാരിയും കുര്‍ത്തയും ധരിക്കുമ്പോള്‍ ആണ്‍ കുട്ടികള്‍ ഷര്‍ട്ടും മുണ്ടും കുര്‍ത്തയും പൈജാമയുമാണ് ധരിക്കുന്നത്.
സാങ്കേതികസര്‍വകലാശാല, ആരോഗ്യസര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളിലെല്ലാം ഈ വേഷത്തിലാണ് ഇപ്പോള്‍ ബിരുദദാനം. ചില കോളേജുകള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളിലും വേഷം കേരളീയമാക്കിയിട്ടുണ്ട്. മിക്ക സര്‍വകലാശാലകളിലും ഓഫ് വൈറ്റാണ് വസ്ത്രത്തിന്റെ നിറമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഗൗണും തൊപ്പിയും മാറ്റി സര്‍ട്ടിഫിക്കറ്റിനൊപ്പം ഷോളുകള്‍ നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ചില സര്‍വകലാശാലകളില്‍ ബിരുദദാനം നിര്‍വഹിക്കുന്നവ കേരളീയവേഷത്തിലേക്ക് മാറിയിട്ടുണ്ട്. ആരോഗ്യസര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. 2024-ല്‍ മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഐഐടികളിലെ ബിരുദദാന വേഷവിധാനത്തിലും ഇതേ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. യൂറോപ്പില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ബിരുദദാനച്ചടങ്ങില്‍ തൊപ്പിയും ഗൗണും വേഷമായി തിരഞ്ഞെടുക്കുന്നത്. ഓക്‌സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകളാണ് ആദ്യഘട്ടത്തില്‍ ഗൗണും തൊപ്പിയും ബിരുദദാനച്ചടങ്ങില്‍ ഉപയോഗിച്ചത്.
പൊതുവായ തീരുമാനം -സിഇടി
ബിരുദദാനത്തിന് കേരളീയവേഷമെന്നത് പൊതുവായ തീരുമാനമാണ്. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിറവും വസ്ത്രവും തീരുമാനിച്ചത്. തൊപ്പിയും ഗൗണും നല്‍കിയതിനുപകരം ഇപ്പോള്‍ ഷോളാണ് കോളേജില്‍നിന്ന് വിദ്യാര്‍ഥികള്‍ നല്‍കുന്നത് -വി.ആര്‍. ജിഷ, യുജി ഡീന്‍, സിഇടി.
Content Highlights: Kerala universities are replacing academic gowns and caps with traditional Indian attire like sarees and mundus, promoting local culture at graduation ceremonies.