IIT മദ്രാസിൽ സൗജന്യ എഐ സ്റ്റാർട്ടപ്പ് പരിശീലനം; മികച്ച ആശയങ്ങൾക്ക് 4 ലക്ഷം രൂപ ഗ്രാന്റ്

എഐ ആശയങ്ങളെ പ്രാവർത്തികമായ സംരംഭങ്ങളാക്കി മാറ്റാൻ ഐഐടി മദ്രാസ് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വാധ്വാനി സ്‌കൂൾ ഓഫ് ഡാറ്റാ സയൻസ് ആൻഡ് എഐയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബിൽഡിങ് എ സക്‌സസ്ഫുൾ എഐ സ്റ്റാർട്ടപ്പ് എന്ന പ്രോഗ്രാമിലൂടെ ബിസിനസ് പ്ലാനിങ്, ഫണ്ട് ശേഖരണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനം ലഭിക്കും. എഐ മേഖലയിലെ നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 10 മുതൽ 14 വരെ ഐഐടി മദ്രാസ് കാമ്പസിലാണ് ക്ലാസുകൾ നടക്കുക. താത്പര്യമുള്ളവർക്ക് ജൂലൈ 27 വരെ അപേക്ഷിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം?
അവസാന വർഷ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, എഞ്ചിനീയർമാർ, പ്രൊഡക്റ്റ് മാനേജർമാർ, പ്രാരംഭ ഘട്ടത്തിലുള്ള എഐ സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം.
പ്രധാന സവിശേഷതകൾ:
പഠനരീതി: ക്ലാസ് റൂം പഠനം, പ്രായോഗിക പരിശീലനങ്ങൾ, യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിഷയങ്ങൾ: വിപണി സാധ്യതകൾ കണ്ടെത്തൽ, മിനിമം വയബിൾ പ്രൊഡക്റ്റ് (എം.വി.പി) നിർമ്മാണം, ബിസിനസ്സ് മോഡലുകൾ വികസിപ്പിക്കൽ, ഉപഭോക്താക്കളെ ആകർഷിക്കൽ, ഫണ്ട് ശേഖരണം തുടങ്ങിയ എഐ സ്റ്റാർട്ടപ്പിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദമായ പരിശീലനം ലഭിക്കും.
മാർഗ്ഗനിർദ്ദേശം: മുൻ ഗൂഗിൾ സെർച്ച് വൈസ് പ്രസിഡന്റും ടുഗെദർ ഫണ്ട് ജനറൽ പാർട്ട്ണറുമായ ലക്ഷ്മി ശങ്കറിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. ട്വിറ്റർ, ഐബിഎം, ഇ.വൈ തുടങ്ങിയ സ്ഥാപനങ്ങളിൽ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
4 ലക്ഷം രൂപയുടെ സമ്മാനത്തുക:
പരിപാടിയുടെ അവസാന ദിനം പിച്ച് ഡേ ആയിരിക്കും. ഇതിൽ പങ്കെടുക്കുന്നവർ തങ്ങളുടെ എഐ സ്റ്റാർട്ടപ്പ് ആശയങ്ങൾ നിക്ഷേപകർക്കും വിദഗ്ദ്ധർക്കും മുന്നിൽ അവതരിപ്പിക്കണം. ഏറ്റവും മികച്ച പ്രൊജക്റ്റ് അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പിന് സംരംഭം വികസിപ്പിക്കുന്നതിനായി നാല് ലക്ഷം രൂപ ഗ്രാന്റായി ലഭിക്കും. കൂടാതെ പ്രമുഖ നിക്ഷേപകരുമായി ബന്ധപ്പെടാനും വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ അറിയാനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ ഇമെയിൽ വഴി വിവരമറിയിക്കുന്നതാണ്.
Content Highlights: IIT Madras is offering a free five-day training program titled "Building a Successful AI Startup" from August 10 to 14, offering participants expert mentorship and a chance to win a ₹4 lakh grant.