കേരളത്തിൽ ജനറൽ നഴ്സിങ്, ഓക്സിലിയറി നഴ്സിങ് പ്രവേശനത്തിന് അപേക്ഷിക്കാം; അവസരം സർക്കാർസ്ഥാപനങ്ങളിൽ

#ഡോ. എസ്. രാജൂകൃഷ്ണൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേരളത്തിൽ വിവിധ സർക്കാർസ്ഥാപനങ്ങളിൽ 2025-26-ൽ നടത്തുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം), ഓക്സിലിയറി നഴ്സിങ് ആൻഡ് മിഡ് വൈഫറി (എഎൻഎം) കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) കീഴിലുള്ള സർക്കാർ നഴ്സിങ് സ്കൂളുകളിലെ മൂന്നുവർഷ ജിഎൻഎം കോഴ്സ്, സർക്കാർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് ട്രെയിനിങ് സെൻററുകളിലെ രണ്ടുവർഷ എഎൻഎം കോഴ്സ്; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ (ഡിഎംഇ) കീഴിലുള്ള സർക്കാർ നഴ്സിങ് കോളേജുകളിൽ പട്ടികവിഭാഗ വിദ്യാർഥികൾക്കു മാത്രമായി നടത്തുന്ന, ജിഎൻഎം പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിനാണ് എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഡിഎച്ച്എസ് സ്ഥാപനങ്ങളിലെ പ്രവേശനം

• ജിഎൻഎം കോഴ്സ്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ സർക്കാർ നഴ്സിങ് സ്കൂളുകളിലാണ് പ്രോഗ്രാമുള്ളത്. കൂടാതെ, പട്ടികവിഭാഗക്കാർക്കുമാത്രമായി കൊല്ലം ആശ്രാമം നഴ്സിങ് സ്കൂളിലും കോഴ്സുണ്ട്. കോഴ്സ് കാലാവധി മൂന്നുവർഷാണ്. ഇതിൽ അവസാന ആറുമാസം ഇന്റേൺഷിപ്പാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ പരമാവധി ആറുവർഷം ലഭിക്കും. മൊത്തം സീറ്റുകൾ 485.

• എഎൻഎം കോഴ്സ്: തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസർകോട് സർക്കാർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് (ജെപിഎച്ച്എൻ) ട്രെയിനിങ് സെൻററുകളിലാണ് നടത്തുന്നത്. തിരുവനന്തപുരം (തൈക്കാട്) സെന്ററിൽ പട്ടികവിഭാഗക്കാർക്കുമാത്രമാണ് പ്രവേശനം. രണ്ടുവർഷമാണ് പ്രോഗ്രാം ദൈർഘ്യം. കോഴ്സ് വിജയകരമായി പൂർത്തീകരിക്കാൻ പരമാവധി നാലുവർഷം ലഭിക്കും. മൊത്തം സീറ്റുകൾ 120.

സംവരണം (രണ്ടുകോഴ്സുകൾക്കും ബാധകം)

ഭിന്നശേഷിവിഭാഗക്കാർക്ക് അഞ്ചുശതമാനം സംവരണമുണ്ട്. മാൻഡേറ്ററി സംവരണം ശതമാനക്കണക്കിൽ: സ്റ്റേറ്റ് മെറിറ്റ് -50, സാമ്പത്തികപിന്നാക്കം (മുന്നാക്കവിഭാഗത്തിൽ) -10, സാമൂഹികപരവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ -എസ്ഇബിസി - മൊത്തം 30 (ഇതിൽ ഒൻപത് ഉപവിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സീറ്റുകൾ സംവരണംചെയ്തിട്ടുണ്ട്), പട്ടികജാതി -8, പട്ടികവർഗം -രണ്ട്.

സ്പെഷ്യൽ റിസർവേഷൻ: ജിഎൻഎം കോഴ്സിന്, സ്പോർട്സ്, എൻസിസി, എസ്എസ്എ (ഡിഫൻസ് ബോർഡ് ശുപാർശ ചെയ്യുന്നവർ), പാരാമിലിട്ടറി, അനാഥാലയം, ട്രാൻസ്‌ജെൻഡർ, എഎൻഎം നഴ്സസ് തുടങ്ങിയ വിഭാഗങ്ങൾക്കുള്ള സംവരണസീറ്റുകളുണ്ട്.

എഎൻഎം കോഴ്സിന് എസ്എസ്എ, പാരാമിലിട്ടറി, ആശപ്രവർത്തകർ, അനാഥാലയം തുടങ്ങിയ വിഭാഗങ്ങൾക്ക്, സീറ്റുകൾ സംവരണംചെയ്തിട്ടുണ്ട്.

ജിഎൻഎം കോഴ്സിന് എതാനും കേന്ദ്രഭരണപ്രദേശ നോമിനേഷൻ സീറ്റുകളുമുണ്ട്. സംവരണത്തിന്റെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.

അക്കാദമിക് യോഗ്യത

(a) ജിഎൻഎം: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണലായും ഇംഗ്ലീഷ് നിർബന്ധവിഷയമായും പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തത്തിൽ 40 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.

ഈ വിഷയങ്ങൾ പഠിച്ച്‌ പ്ലസ്ടു യോഗ്യത നേടിയവരുടെ അഭാവത്തിൽ മറ്റ് ഓപ്ഷണൽ വിഷയങ്ങൾ പഠിച്ച്‌ പ്ലസ്ടു ജയിച്ചവരെ പരിഗണിക്കും.

പ്ലസ്‌ടു യോഗ്യത നേടിയശേഷം എഎൻഎം കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ രജിസ്ട്രേഡ് എഎൻഎം നഴ്സുമാർക്ക്, അവർക്ക് സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷിക്കാം.

മാർക്കിളവ്: എസ്‌ഇബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ 35 ശതമാനം മാർക്കുമതി. പട്ടികവിഭാഗക്കാർക്ക് പാസ് മാർക്കും. മാർക്ക് പൂർണസംഖ്യയിലേക്ക് ക്രമപ്പെടുത്താൻ പറ്റില്ല.

(b) എഎൻഎം കോഴ്സ്: പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

പ്രായം (രണ്ടിനും ബാധകം): 2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷ നൽകാനുള്ള അവസാന തീയതിക്കുമുൻപ്‌ അക്കാദമിക് യോഗ്യത വേണം.

റാങ്ക് പട്ടിക

ജിഎൻഎം: സയൻസ് വിഭാഗക്കാർക്ക് ഒരു റാങ്ക് പട്ടികയും നോൺ സയൻസ് വിഭാഗക്കാർക്ക് മറ്റൊരു റാങ്ക് പട്ടികയും തയ്യാറാക്കും. സയൻസ് വിഭാഗക്കാർക്ക്, പ്ലസ്‌ടു/തത്തുല്യ പ്രോഗ്രാം രണ്ടാംവർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കുലഭിച്ച മാർക്ക് നോർമലൈസ് ചെയ്തത് മൊത്തത്തിൽ (300-ൽ) പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. നോൺ സയൻസ് വിഭാഗക്കാർക്ക് മൂന്നു കോർ വിഷയങ്ങളുടെ രണ്ടാംവർഷ പരീക്ഷയിലെ മൊത്തം (300) മാർക്കാണ് റാങ്കിങ്ങിന് പരിഗണിക്കുക.

എഎൻഎം: പ്ലസ്‌ടു/തത്തുല്യ കോഴ്സ് രണ്ടാംവർഷ പരീക്ഷയിലെ മൊത്തം മാർക്ക് അടിസ്ഥാനമാക്കി റാങ്ക് പട്ടിക തയ്യാറാക്കും (പരമാവധി 1000) റാങ്ക്, നൽകുന്ന സ്ഥാപന ഓപ്ഷൻ എന്നിവ പരിഗണിച്ച് സീറ്റ് അലോട്മെൻറ് നടത്തും.

സ്റ്റൈപ്പെൻഡ്

ജിഎൻഎം (ഡിഎച്ച്എസ്): പ്രതിമാസം 700 രൂപ സ്റ്റൈപ്പെൻഡ്. ആറുമാസത്തെ ഇന്റേൺഷിപ്പ് കാലത്ത് 2000 രൂപ സ്റ്റൈപ്പെൻഡ്‌ അനുവദിക്കും. എഎൻഎം: പ്രതിമാസം 500 രൂപ സ്റ്റൈപ്പെൻഡ്.

ഡിഎംഇ സ്ഥാപനങ്ങളിൽ പട്ടികവിഭാഗക്കാർക്ക് ജിഎൻഎം

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജുകളിൽ പട്ടികവിഭാഗ വിദ്യാർഥികൾക്കുമാത്രമായി നടത്തുന്ന, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി പ്രോഗ്രാമിലെ പ്രവേശനത്തിനും അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം ആറുമാസ ഇന്റേൺഷിപ്പ് ഉൾപ്പെടെ മൂന്നുവർഷമാണ്.

തിരുവനന്തപുരത്തും കോഴിക്കോട്ടും പട്ടികജാതി വിഭാഗക്കാർക്കും കോട്ടയത്ത് പട്ടികവർഗ വിഭാഗക്കാർക്കും പ്രവേശനം നൽകും. ഓരോ കേന്ദ്രത്തിലും 30 സീറ്റുകൾ വീതമുണ്ട്. ഓരോ കേന്ദ്രത്തിലും 20 ശതമാനം സീറ്റുകൾ ഈ വിഭാഗങ്ങളിലെ ആൺകുട്ടികൾക്ക്‌ സംവരണംചെയ്തിട്ടുണ്ട്. അവരുടെ അഭാവത്തിൽ സീറ്റുകൾ പെൺകുട്ടികൾക്ക് നൽകും.

തിരുവനന്തപുരത്ത് ഒരു സീറ്റ് എഎൻഎം യോഗ്യതയുള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്.

കോട്ടയത്ത് പട്ടികവർഗ വിഭാഗക്കാരുടെ അഭാവത്തിൽ പരമാവധി 20 പട്ടികജാതി വിഭാഗക്കാർക്ക് പ്രവേശനം നൽകും.

അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് മൊത്തത്തിൽ 40 ശതമാനം മാർക്കുവാങ്ങി പ്ലസ്‌ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റു സ്ട്രീമുകളിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവരെ പരിഗണിക്കും.

പ്ലസ്‌ടു കഴിഞ്ഞ് അംഗീകൃത നഴ്സിങ്‌ സ്കൂളുകളിൽനിന്നും എഎൻഎം കോഴ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. പ്രായം: 2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീ 5300 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസസൗജന്യങ്ങൾക്ക് അർഹതയുള്ളതിനാൽ പ്രവേശനവേളയിൽ ഫീ അടയ്ക്കേണ്ടതില്ല.

അപേക്ഷ

രണ്ടുവകുപ്പുകളുടെയും കോഴ്സുകളുടെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പ്രോസ്പെക്ടസ് lbscentre.in-ൽ ലഭിക്കും. എത്ര പ്രോഗ്രാമുകൾക്ക് അപേക്ഷിച്ചാലും പൊതുവായ ഒരപേക്ഷയേ നൽകാവൂ. താത്‌പര്യമുള്ള കോഴ്സുകൾ അപേക്ഷയിൽ തിരഞ്ഞെടുക്കണം. lbscentre.in | lbscentre.kerala.gov.in ഇവയിൽ ഏതെങ്കിലും ഒന്നുവഴി ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ഡിഎച്ച്എസ്, ഡിഎംഇ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന പട്ടികവിഭാഗക്കാരുടെ അപേക്ഷാഫീസ്: എഎൻഎം മാത്രം -150 രൂപ, ജിഎൻഎം മാത്രം -200 രൂപ, എഎൻഎം ആൻഡ് ജിഎൻഎം (രണ്ടിനും) - 300 രൂപ.

ഡിഎച്ച്എസിലേക്ക് മാത്രം അപേക്ഷിക്കുന്ന മറ്റുള്ളവർ -എഎൻഎം മാത്രം -300 രൂപ, ജിഎൻഎം മാത്രം -400 രൂപ, എഎൻഎം ആൻഡ് ജിഎൻഎം (രണ്ടിനും) - 600 രൂപ.

അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷനൽകൽ വേളയിൽ ഓൺലൈനായി രൂപപ്പെടുത്താവുന്ന ​െചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖകൾ വഴിയും ഫീസ് അടയ്ക്കാം.

Content Highlights: Apply for GNM and ANM courses in Kerala for 2025-26