കേരളത്തിന് 649 മെഡിക്കൽ സീറ്റുകൾ കൂടി; രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 11,400 പുതിയ സീറ്റുകൾ

#പ്രകാശൻ പുതിയോട്ടി
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 2025-’26 അധ്യയനവർഷം 11,400 എംബിബിഎസ് സീറ്റുകൾകൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). 41 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരവും നൽകി.

കേരളത്തിൽ പത്തു മെഡിക്കൽ കോളേജുകളിലായി പുതുതായി 700 സീറ്റുകൾ അനുവദിച്ചു. എന്നാൽ, രണ്ടു കോളേജുകളിലായി 51 സീറ്റുകൾ കുറച്ചതിനാൽ ഫലത്തിൽ വർധന 649 ആണ്.

രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് 456 സീറ്റുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാഞ്ഞതിനെ തുടർന്നാണിത്. ഇതിൽ എറണാകുളം അമൃത മെഡിക്കൽ കോളേജിലെ ഒരു സീറ്റും പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 50 സീറ്റും ഉൾപ്പെടും.

അമൃതയിലെ സീറ്റ് 150-ൽ നിന്ന് 149 ആയും പാലക്കാട്ടേത് 150-ൽ നിന്ന് നൂറായും കുറഞ്ഞു. കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള സീറ്റുകൾ തുടരും.

41 സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്നും 129 സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി എൻഎംസിക്ക് 170 അപേക്ഷകളാണ് സീറ്റുവർധനയ്ക്കായി ലഭിച്ചത്.

ഇതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകൾ 1,37,600 ആയി. മെഡിക്കൽ പിജി വിഭാഗത്തിൽ എൻഎംസിക്ക് 3,500 സീറ്റുകൾക്കുള്ള അപേക്ഷ ലഭിച്ചിരുന്നു. ഇതും അംഗീകരിച്ചതോടെ ആകെ പിജി സീറ്റുകൾ 67,000 ആയി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 75,000 എംബിബിഎസ് സീറ്റുകൾ കൂട്ടുകയാണ് ലക്ഷ്യം.

സീറ്റ് വർധിച്ച മെഡിക്കൽ കോളേജുകൾ

നിലവിലുള്ളത് പുതിയത്
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ് 150 250
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 100 150
പാലക്കാട് കരുണ മെഡിക്കൽ കോളേജ് 100 150
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് 200 250
പാലക്കാട് പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് 200 250
തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ അക്കാദമി  150  250
കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് 150 200
കാസർകോട് ഗവ. മെഡിക്കൽ കോളേജ് 0 50
വയനാട് ഗവ. മെഡിക്കൽ കോളേജ് 0 50
പാലക്കാട് മാങ്ങോട് കേരള മെഡിക്കൽ കോളേജ് 0 150