കേരളത്തിലെ ആദ്യ ഒരു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുകളുമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി; അപേക്ഷകൾ ക്ഷണിച്ചു

#Education desk
കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി | ചിത്രം: മാതൃഭൂമി
കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020, യു.ജി.സി.യുടെ Postgraduate Curriculum Framework 2024, National Higher Education Qualifications Framework (NHEQF) എന്നിവയുടെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നാലുവർഷത്തെ ബിരുദമോ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ബിരുദമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പഠനത്തിനും ഗവേഷണത്തിനും മികച്ച തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് പുതിയ തുടക്കം. 

സവിശേഷതകൾ

ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ വഴക്കമുള്ളതും ബഹുവിഷയാധിഷ്ഠിതവും ആഗോള നിലവാരമുള്ളതുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ ഓഫ് ഇൻഫോർമാറ്റിക്സ്, സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് എന്നീ സ്കൂളുകൾക്ക് കീഴിലാണ് നിലവിൽ മൂന്ന് പ്രത്യേക മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഉള്ളത്.

അത്യാധുനിക സാങ്കേതികവിദ്യകൾ, ഇന്റർ ഡിസിപ്ലിനറി പഠനം, വ്യവസായ സഹകരണം, ഗവേഷണ പരിശീലനം എന്നിവ സംയോജിപ്പിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

പ്രോഗ്രാമുകൾ ഒറ്റനോട്ടത്തിൽ

1. എം.എസ്.സി. എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി 

  • പഠനവിഷയങ്ങൾ: ESG റിപ്പോർട്ടിങ്, സർകുലർ ഇക്കോണമി, ലൈഫ് സൈക്കിൾ അസസ്മെന്റ്, സസ്റ്റൈനബിലിറ്റി അനലിറ്റിക്സ്, കാലാവസ്ഥാ പ്രതിരോധം.

  • തൊഴിൽ സാധ്യതകൾ: സസ്റ്റൈനബിലിറ്റി ഓഫീസർ, ESG അനലിസ്റ്റ്, ക്ലൈമറ്റ് റിസ്ക് & കാർബൺ മാനേജ്മെന്റ് വിദഗ്ധൻ, പോളിസി അനലിസ്റ്റ് എന്നിവയായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും അന്താരാഷ്ട്ര സംഘടനകളിലും അവസരങ്ങൾ.

2. എം.എസ്.സി. സൈബർ സെക്യൂരിറ്റി

  • പഠനവിഷയങ്ങൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ, ക്രിപ്‌റ്റോഗ്രഫി, എതിക്കൽ ഹാക്കിംഗ്, എഐ ഫോർ സൈബർ സെക്ക്യൂരിറ്റി, മാൽവെയർ അനാലിസിസ്.

  • പ്രായോഗിക പരിശീലനം: ഒന്നാം സെമസ്റ്ററിലെ മൈനർ പ്രോജക്ടും രണ്ടാം സെമസ്റ്ററിലെ മേജർ പ്രോജക്ട്/ഗവേഷണം/ഇന്റസ്ട്രി ഇന്റേൺഷിപ്പും വഴി യഥാർത്ഥ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

3. എം.എസ്.സി. അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

  • പഠനവിഷയങ്ങൾ: Computational Data Analytics, Deep Learning & Generative AI, Natural Language Processing, Computer Vision, Reinforcement Learning.
  • പ്രത്യേകത: 20 ക്രെഡിറ്റുള്ള മേജർ പ്രോജക്ട്, ഗവേഷണ പ്രവർത്തനം അല്ലെങ്കിൽ വ്യവസായ ഇന്റേൺഷിപ്പ് എന്നിവയിലൂടെ സമകാലിക AI പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാം.

അപേക്ഷിക്കേണ്ട വിധം

രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 10 ആണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: duk.ac.in/admission

Content Highlights: Digital University Kerala has introduced innovative, one-year Master's programs in Advanced AI, Cyber Security, and Environmental Sustainability aligned with NEP 2020, with the second-phase application deadline set for July 10, 2026.