നാലുവർഷ ബിരുദം; പഠനവും പരീക്ഷയും മാറും, ചോദ്യപേപ്പർ നിരീക്ഷിക്കാൻ സമിതി

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളുടെ പാഠ്യപദ്ധതിയും പരീക്ഷാരീതിയും ഉടച്ചുവാർക്കാൻ വിദഗ്ധസമിതി ശുപാർശ. കോഴ്‌സുകളുടെ പഠനലക്ഷ്യം കൈവരിക്കുന്ന തരത്തിലാണോ പരീക്ഷാ നടത്തിപ്പെന്ന് ഉറപ്പാക്കാൻ സർവകലാശാലകളിൽ പ്രത്യേക അക്കാദമിക സമിതി രൂപവത്കരിക്കും. അസസ്മെന്റ് ആൻഡ് ഇവാലുവേഷൻ കമ്മിറ്റി എന്ന പേരിലുള്ള സമിതി ഓരോ കോഴ്‌സുകളുടെയും ഇന്റേണൽ, സെമസ്റ്റർ പരീക്ഷാ ചോദ്യക്കടലാസ് വിലയിരുത്തും.
പാഠ്യപദ്ധതി, ഇൻേറൺഷിപ്പ്, മൂല്യനിർണയം, പരീക്ഷാ ചട്ടക്കൂട് തുടങ്ങിയവ വിലയിരുത്താനും പരിഷ്കരിക്കാനുമായി അന്തഃസർവകലാശാല പഠന ബോർഡ് സമിതികളും രൂപവത്കരിക്കും. സമിതികളുടെ പ്രവർത്തനം ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മേൽനോട്ടത്തിലാകും. കാര്യവട്ടം ഗവ. കോളേജ് പ്രൊഫസർ ഡോ. എസ്. ഗ്ലാഡ്സ്റ്റൻ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി കൺവീനറുമായ സമിതിയുടേതാണു റിപ്പോർട്ട്.
പഠിക്കുന്ന വിഷയത്തിൽ വിദ്യാർഥിയുടെ ആഴത്തിലുള്ള അറിവ് അളക്കുന്ന തരത്തിലാകും പരീക്ഷയിലെ 60 ശതമാനം ചോദ്യങ്ങളും. വിമർശനചിന്തയും സർഗാത്മകതയുമൊക്കെ പരീക്ഷകളിലൂടെ പരിശോധിപ്പിക്കപ്പെടണം. ഏകീകൃത അക്കാദമിക കലണ്ടറിന്റെ കാര്യക്ഷമമായ നിർവഹണത്തിനായി സംസ്ഥാനതലത്തിൽ ആസൂത്രണസമിതി പ്രവർത്തിക്കും.
സ്കോളർഷിപ്പ് ഒരു വർഷം കൂടി
ഇപ്പോൾ കോളേജ് വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്പുകൾ ഒരു വർഷത്തേക്കുകൂടി നീട്ടും. ബിരുദം നാലു വർഷമായതിനാൽ പഠനസഹായം മുടങ്ങാതിരിക്കാനാണിത്. നാലുവർഷ ബിരുദത്തിലെ പ്രശ്നപരിഹാരത്തിനും വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കാനുമായി കേന്ദ്രീകൃത പോർട്ടലും തയ്യാറാക്കും.
Content Highlights: 4-Year Degree Reform 2026: New Exam Patterns & Academic Oversight in Kerala