കോളേജ് ടൂറുകളിൽ സെൽഫിക്കും റീലുകൾക്കും വിലക്ക്; യാത്ര പരമാവധി 5 ദിവസം മാത്രമാക്കി കർണാടക സർക്കാർ

#Education desk
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

ബെംഗളൂരു: സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ പഠനയാത്രകളിലും വിനോദയാത്രകളിലും വിദ്യാർഥികൾ സെൽഫിയെടുക്കുന്നതും റീലുകൾ ചിത്രീകരിക്കുന്നതും നിരോധിച്ച് കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. യാത്രയുടെ പരമാവധി ദൈർഘ്യം യാത്രാ സമയമടക്കം അഞ്ച് ദിവസമായി ചുരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 11-നാണ് കോളേജ് യാത്രകൾക്കായുള്ള പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് പുറപ്പെടുവിച്ചത്.

പ്രധാന നിർദ്ദേശങ്ങൾ:

  • യാത്ര പുറപ്പെടുന്നതിന് മുൻപ് കോളേജുകൾ വകുപ്പിൽ നിന്ന് എഴുതിത്തയ്യാറാക്കിയ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. യാത്രയുടെ റൂട്ട് പ്ലാൻ, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരിക്കൽ അനുമതി ലഭിച്ചാൽ റൂട്ടിലോ സന്ദർശിക്കുന്ന സ്ഥലങ്ങളിലോ മാറ്റം വരുത്താൻ പാടില്ല.

  • മൺസൂൺ മഴക്കാലത്ത് യാതൊരു കാരണവശാലും പഠനയാത്രകൾ സംഘടിപ്പിക്കരുത്.

  • നദികൾ, കടൽ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, മലനിരകൾ തുടങ്ങിയ അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ മുൻകൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. ട്രെക്കിഘ്, നീന്തൽ എന്നിവ പ്ലാനിലുണ്ടെങ്കിൽ സാക്ഷ്യപ്പെടുത്തിയ വിദഗ്ധരുടെ സാന്നിധ്യവും പ്രാദേശിക സുരക്ഷാ ക്ലിയറൻസും നിർബന്ധമാണ്.

  • യാത്രയെക്കുറിച്ചും സഞ്ചരിക്കുന്ന വഴികളെക്കുറിച്ചും പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി വിവരങ്ങൾ കൈമാറണം.

  • ഗസ്റ്റ് ലക്ചറർമാരുടെ മാത്രം മേൽനോട്ടത്തിൽ യാത്രകൾ സംഘടിപ്പിക്കാൻ പാടില്ല. കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും യാത്രയിൽ ഉണ്ടായിരിക്കണം. വിദ്യാർഥികൾക്കൊപ്പം പോകുന്ന അധ്യാപകരുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടീമിൽ രണ്ട് വനിതാ അധ്യാപകരും ഒരു ഗ്രൂപ്പ്-ഡി ജീവനക്കാരനും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഉത്തരമുണ്ട്. 

Content Highlights: Selfies and reels are banned during government first-grade college study and excursion tours in Karnataka