15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോച്ചിങ് നിരോധനം: കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

#Education desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളെ കൃത്യമായി ക്രമീകരിക്കുന്നതിനും വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുമായി കർശന നിയന്ത്രണങ്ങൾ അടങ്ങിയ പുതിയ കരട് നയം പുറത്തിറക്കി കർണാടക സർക്കാർ. 15 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിനും പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമാണ് പുതിയ നയം വിലക്കേർപ്പെടുത്തുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ 'കർണാടക ട്യൂട്ടോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ്/കോച്ചിങ് സെന്റർ (രജിസ്ട്രേഷനും റെഗുലേഷനും) ചട്ടങ്ങൾ 2026' എന്ന കരടിലാണ് പ്രധാനം നിർദേശങ്ങളുള്ളത്.

പ്രധാന നിയന്ത്രണങ്ങൾ:

  • പ്രവേശന വിലക്ക്: 10-ാം ക്ലാസ് പൂർത്തിയാക്കാത്ത അല്ലെങ്കിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോച്ചിങ് സെന്ററുകളിൽ പ്രവേശനം നൽകാൻ പാടില്ല. അതായത് 9-ാം ക്ലാസ് വരെയുള്ള കുട്ടികളെ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കും.

  • സമയപരിധി: ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ പാടുള്ളൂ (പരീക്ഷകൾ, പുനഃപരിശോധന, സംശയനിവാരണം എന്നിവ ഉൾപ്പെടെ). രാവിലെ ആറ് മണിക്കും രാത്രി ഒമ്പത് മണിക്കും ഇടയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. സാധാരണ സ്കൂൾ/കോളേജ് സമയങ്ങളിൽ ക്ലാസുകൾ നടത്തരുത്.

  • ഫീസ് തവണകളായി അടയ്ക്കാം: മുഴുവൻ ഫീസും ഒരുമിച്ച് വാങ്ങുന്ന രീതി അവസാനിപ്പിക്കും. കുറഞ്ഞത് നാല് തുല്യ തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യം രക്ഷിതാക്കൾക്ക് നൽകണം.

  • ഫീസ് തിരികെ നൽകൽ: പഠനം പകുതിക്കുവെച്ച് നിർത്തുന്ന വിദ്യാർഥികൾക്ക് ശേഷിക്കുന്ന സമയത്തെ ഫീസും ഹോസ്റ്റൽ ഫീസും 10 ദിവസത്തിനകം തിരികെ നൽകണം. പുസ്തകങ്ങളോ മറ്റ് പഠനോപകരണങ്ങളോ സ്ഥാപനത്തിൽ നിന്ന് തന്നെ വാങ്ങാൻ വിദ്യാർഥികളെ നിർബന്ധിക്കരുത്.

  • മാനസികാരോഗ്യ പിന്തുണ നിർബന്ധം: വിദ്യാർഥികൾക്ക് കൗൺസിലിങ് സൗകര്യവും മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വർക്ക്ഷോപ്പുകളും സംഘടിപ്പിക്കണം. വിദ്യാർഥികളുടെ മാർക്കുകൾ പരസ്യപ്പെടുത്തരുത്.

  • വ്യാജ പരസ്യങ്ങൾക്ക് വിലക്ക്: റാങ്കുകളോ ഉയർന്ന മാർക്കോ ഉറപ്പുനൽകുന്ന വ്യാജ പരസ്യങ്ങൾക്ക് നിരോധനമുണ്ട്. കോഴ്സുകളെക്കുറിച്ചും ഫീസ് ഘടനയെക്കുറിച്ചും പൂർണവിവരങ്ങൾ വെബ്സൈറ്റുകളിലും പ്രോസ്പെക്റ്റസുകളിലും പരസ്യപ്പെടുത്തണം.

  • രജിസ്ട്രേഷനും പിഴയും: 20-ൽ അധികം വിദ്യാർഥികളുള്ള സ്ഥാപനങ്ങൾ നിർബന്ധമായും സേവാസിന്ധു പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനും ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

  • സർക്കാർ അധ്യാപകർക്ക് വിലക്ക്: സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളിൽ പഠിപ്പിക്കാൻ അനുമതിയില്ല.

ബെംഗളൂരുവിലും മറ്റ് ജില്ലകളിലും നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും. പൊതുജനങ്ങൾക്ക് കരട് നയത്തിൽ അഭിപ്രായങ്ങൾ അറിയിക്കാൻ 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

Content Highlights: Prohibits admission for students under 15 years or below 10th grade in coaching centers