ഐഐടിയില്‍ അല്ല കാര്യം; ഇന്ത്യയില്‍നിന്നുള്ള ആപ്പിള്‍, എന്‍വിഡിയ ജീവനക്കാരില്‍ മൂന്നിലൊന്ന് പേരും പഠിച്ചത് ഇവിടെ

പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളാണ് ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയവ. ഇവയില്‍ ജോലി ലഭിക്കുക എന്നത് സ്വപ്‌നതുല്യമായി കരുതുന്നവരാണ് പലരും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ ഐഐടി, ഐഐഎം, പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പഠനം അനിവാര്യമല്ല എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് ആപ്പായ ബ്ലൈന്‍ഡ് ആണ് സര്‍വേ നടത്തിയത്. പുതിയ സര്‍വേ പ്രകാരം ഈ കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരും ടയര്‍ മൂന്നില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നു. 2025 സെപ്റ്റംബര്‍ 17-നും 24-നും ഇടയില്‍ 1602 ഇന്ത്യന്‍ ടെക് ജീവനക്കാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്നത്തെ തൊഴില്‍ വിപണിയില്‍ കോളേജിന്റെ പേരിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF) 2025 അടിസ്ഥാനമാക്കി കോളേജുകളെ നാല് തട്ടുകളായി തിരിച്ചിട്ടുണ്ട്. ടയര്‍ 1 – ഐഐടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി), ഐഐഎമ്മുകള്‍, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിഐടിഎസ്), ടയര്‍ 2 – എന്‍ഐടികള്‍, ഡിടിയു, ജാദവ്പുര്‍ സര്‍വകലാശാല, സമാനമായവ, ടയര്‍ 3-  സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍, ടയര്‍ 4- വിദേശ സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

കാലങ്ങളായി ഇന്ത്യയിലെ മുന്‍നിര സാങ്കേതിക മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ഐഐടികള്‍, ഐഐഎമ്മുകള്‍, ഐഐഎസ്‌സി എന്നിവയാണ് ആഗോളതലത്തില്‍ ജോലി ലഭിക്കുന്നതിനുള്ള മികച്ച വേദികളായി കണക്കാക്കുന്നത്. എന്നാല്‍ ഈ പ്രവണത മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സ്, വിസ, ഒറാക്കിള്‍ പോലുള്ളവര്‍ ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാരമ്പര്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ആപ്പിള്‍, എന്‍വിഡിയ, സോഹോ പോലുള്ള ടെക് ഭീമന്മാര്‍ ആകര്‍ഷകമായ ബിരുദങ്ങളേക്കാള്‍ ആളുകളുടെ കഴിവില്‍ താത്പര്യം കാണിക്കുന്നു. കുറച്ച് പരിശീലനം നല്‍കിയാല്‍ ആരെയും ഒരു ടെക് റോക്‌സ്റ്റാറാക്കാം എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത ഗോള്‍ഡ്മാന്‍ സാക്‌സിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

കോളേജിന്റെ പേര് കരിയറിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടില്ല എന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞു. ബയോഡാറ്റയിലെ വെറുമൊരു വരിയായി കോളേജിന്റെ പേര് മാറിയെന്ന് ടയര്‍-3, ടയര്‍-4 എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിച്ച ഉദ്യോഗര്‍ഥികള്‍ അഭിപ്രായപ്പെട്ടു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടുന്നത് മാത്രം ഉയര്‍ന്ന ശമ്പളം നല്‍കുന്ന ജോലി വാഗ്ദാനം ചെയ്യുന്നില്ല എന്നും സര്‍വേയിലൂടെ വ്യക്തമാകുന്നു.

Content Highlights: Dreaming of a job at tech giants like Apple, Nvidia, or Zoho? A new survey reveals that top IITs/IIMs aren`t always necessary. Discover what truly matters in today`s tech job market.