ജിമ്മും ഡയറ്റും മാത്രമല്ല, ആർത്തവവും ചർച്ചയാകണം; ശരീരത്തിൻ്റെ ആവശ്യങ്ങളെ പരിഗണിക്കാൻ പഠിച്ചു- ജെമീമ

#Lifestyle desk
ജെമീമ റോഡ്രിഗസ് | Photo: instagram.com/jemimahrodrigues
ജെമീമ റോഡ്രിഗസ് | Photo: instagram.com/jemimahrodrigues

ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും കായികതാരങ്ങൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസ്. രാജ്യത്തിനായി കളത്തിലിറങ്ങുമ്പോൾ ആർത്തവത്തെക്കുറിച്ച് ആശങ്കപ്പെടാൻ ആരും ആഗ്രഹിക്കില്ലെന്നും എന്നാൽ ആ ദിവസങ്ങളിലെ വേദനയും ക്ഷീണവും പരിശീലനത്തെപ്പോലും ബാധിക്കാറുണ്ടെന്നും ജെമീമ പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

കരിയറിന്റെ തുടക്കകാലത്ത് ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ വലിയ മടിയായിരുന്നുവെന്നും അന്ന് പലപ്പോഴും ശരീരം വിശ്രമം ആവശ്യപ്പെടുമ്പോഴും താൻ പരിശീലനത്തിന് മുതിരാറുണ്ടായിരുന്നുവെന്നും ജെമീമ വെളിപ്പെടുത്തി. എന്നാൽ ഇന്ന് തന്റെ ശരീരത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാനും വിശ്രമം ആവശ്യമാണെങ്കിൽ അത് എടുക്കാനും താൻ പഠിച്ചെന്നും അവർ പറയുന്നു. ആർത്തവത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ മാറണമെന്നും വീടുകളിലും സ്കൂളുകളിലും ഇതിനെക്കുറിച്ച് തുറന്ന സംസാരങ്ങൾ ഉണ്ടാകണമെന്നും താരം അഭിപ്രായപ്പെട്ടു. സഹതാരങ്ങൾ പലരും ആർത്തവവേദന കാരണം നടക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്നത് താൻ കണ്ടിട്ടുണ്ടെന്നും അത്തരം നിർണായക ദിവസങ്ങളിൽ ടീമംഗങ്ങളുടെയും പരിശീലകരുടെയും ഫിസിയോയുടെയും പിന്തുണ വളരെ വലുതാണെന്നും ജെമീമ പറഞ്ഞു. 

കായികതാരങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതാണെന്നും പ്രതീക്ഷകളുടെയും വിമർശനങ്ങളുടെയും സമ്മർദ്ദം പലപ്പോഴും വലിയ പോരാട്ടമാണെന്നും ജെമീമ പറയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തളർന്നുപോകാതെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ തേടുന്നത് പ്രധാനമാണ്. പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ ഫിറ്റ്നസിന് വലിയ പ്രാധാന്യമാണ് ജെമീമ നൽകുന്നത്. ജിം സെഷനുകൾക്കും റണ്ണിങ്ങിനും ഒപ്പം കൃത്യമായ ഭക്ഷണക്രമവും ഉറക്കവും തന്റെ ദിനചര്യയുടെ ഭാഗമാണ്. പ്രഭാതഭക്ഷണത്തിന് പഴങ്ങളും സ്മൂത്തികളും ഗ്രീൻ ജ്യൂസും ഉൾപ്പെടുത്താറുള്ള താരം ഉച്ചയ്ക്കും രാത്രിയും പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ സമീകൃതാഹാരമാണ് കഴിക്കുന്നത്. എങ്കിലും മുംബൈയിലെ സ്ട്രീറ്റ് ഫുഡുകൾ ഇടയ്ക്ക് ആസ്വദിക്കാറുണ്ടെന്നും ജെമീമ പറയുന്നുണ്ട്. വലിയ മത്സരങ്ങൾക്ക് മുൻപ് അമിതമായി ചിന്തിക്കാതിരിക്കാനും മനസ്സിനും ശരീരത്തിനും വിശ്രമം നൽകാനും ശ്രദ്ധിക്കാറുണ്ടെന്നും ജെജീമ പറഞ്ഞു. 

Content Highlights: Indian cricketer Jemimah Rodrigues opens up about menstrual challenges and mental pressures faced by athletes.