ദിവസേന 12 മണിക്കൂര്‍ പഠനം, ആദ്യ ശ്രമത്തില്‍ തന്നെ കീം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജോണ്‍ ഷിനോജ്

പത്താം ക്ലാസ് കഴിഞ്ഞതും എന്‍ജിനീയറിങ്ങാണ് തനിക്ക് പറ്റിയ മേഖലയെന്ന് ജോണ്‍ ഷിനോജ് കണ്ടെത്തി. മറ്റൊന്നും ആലോചിക്കാതെ പഠനത്തോടൊപ്പം എന്‍ട്രന്‍സ് കോച്ചിങ്ങിനും ചേര്‍ന്നു. രണ്ടുവര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ജോണ്‍ കീം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ജെഇഇ പ്രവേശന പരീക്ഷയിലും മികച്ച റാങ്ക് നേടിയ ജോണിന് ഐഐടി ഗാന്ധിനഗറില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഈ റാങ്ക് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഇതൊരു ബോണസ് സമ്മാനമാണെന്നും ജോണ്‍ പറയുന്നു.
പഠനത്തോടൊപ്പം കോച്ചിങ്
പത്താം ക്ലാസ് വരെ ഐസിഎസ്ഇ സിലബസിലായിരുന്നു പഠിച്ചിരുന്നത്. ശേഷം കേരള സിലബസിലേക്ക് മാറി. മാന്നാനം കെഇ സ്‌കൂളിലാണ് പഠിച്ചത്. പഠനത്തോടൊപ്പം തന്നെ എന്‍ട്രന്‍സ് കോച്ചിങ്ങും ഉണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്്. പൂര്‍ണ്ണമായും എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സമര്‍പ്പിച്ച രണ്ട് വര്‍ഷങ്ങളായിരുന്നു ഇത്.
12 മണിക്കൂര്‍ പഠനം
ഒരു ദിവസം 12 മണിക്കൂര്‍ വരെ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നു. ഇത് ശ്രമകരമായിരുന്നു. അടിസ്ഥാനപരമായി പഠിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. അതിനാല്‍ തന്നെ എത്ര നേരം വേണമെങ്കിലും പഠിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു. എന്റെ മികച്ച ശ്രമം പുറത്തെടുക്കുക, ഫലം കാണുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. കളിക്കാനായി ഒരു മണിക്കൂര്‍ സമയം ലഭിച്ചിരുന്നു. ഈ സമയം കായിക വിനോദങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. ഫോണ്‍ ഉപയോഗം പൂര്‍ണ്ണമായും നിലച്ച വര്‍ഷങ്ങളായിരുന്നു കടന്ന് പോയത്. സാധാ കീപാഡ് ഫോണായിരുന്നു കൈയിലുണ്ടായിരുന്നത്. ആഴ്ച്ചയില്‍ ഒരുവട്ടം വീട്ടിലേക്ക് വിളിക്കാന്‍ മാത്രമായിട്ടാണ് ആ ഫോണ്‍ എടുക്കുന്നത്
കണക്ക് പ്രിയപ്പെട്ടത്
പ്രിയപ്പെട്ട വിഷയം കണക്കായിരുന്നു. ബുദ്ധിമുട്ടേറിയ വിഷയങ്ങള്‍ വീണ്ടും വീണ്ടും പഠിക്കലായിരുന്നു രീതി. മുന്‍വര്‍ഷ ചോദ്യ പേപ്പറുകള്‍ വിടാതെ സൂക്ഷമതയോടെ പഠിച്ചു. പത്താം ക്ലാസ് വരെയുള്ള ഐസിഎസ്ഇ പഠനം ഈ യാത്രയില്‍ വലിയ അടിത്തറയായിരുന്നു. പലഭാഗങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണ സ്‌കൂള്‍ കാലത്ത് തന്നെ എനിക്ക് ലഭിച്ചിരുന്നു. ഇഷ്ടപ്പെട്ട് പഠിക്കുക എന്നതായിരുന്നു എന്റെ തന്ത്രം അത്തരത്തിലുള്ള സമീപനം പഠനത്തെ എളുപ്പമാക്കാന്‍ സഹായിച്ചു.
കുടുംബമാണ് ശക്തി
എല്ലാത്തിനും തണലായി നില്‍ക്കുന്ന കുടുംബമാണ് ശക്തി. പഠനത്തിനായി പൂര്‍ണ്ണപിന്തുണ അവര്‍ നല്‍കി. അച്ഛന്‍ ഷിനോജ് ജെ വട്ടക്കുഴി ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്. അമ്മ അനീറ്റ തോമസ് എന്‍ജിനീയിങ് കോളേജില്‍ അധ്യാപികയാണ്. രണ്ട് സഹോദങ്ങളാണ് ഉള്ളത്. സഹോദരന്‍ ടോം ഷിനോജ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി എമീലിയ മരിയം ഷിനോജ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Content Highlights: John Shinoj secured rank 1 in KEAM