JEE Main 2027: എൻ.ആർ.ഐ വിദ്യാർഥികൾക്ക് തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ട് ഉപയോഗിക്കാം

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ. മെയിൻ) രജിസ്ട്രേഷനായി എൻ.ആർ.ഐ. ഉദ്യോഗാർഥികൾക്ക് സാധുവായ തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ട് ഉപയോഗിക്കാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി. ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് എന്നിവ ഇല്ലാത്ത പ്രവാസി വിദ്യാർഥികൾക്ക് അപേക്ഷാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ തീരുമാനം സഹായകമാകും.

എക്സ് അക്കൗണ്ടിലൂടെ ഉദ്യോഗാർഥി ചോദിച്ച സംശയത്തിന് മറുപടിയായാണ് എൻ.ടി.എ. വിവരം പങ്കുവെച്ചത്. മറ്റ് തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന എൻ.ആർ.ഐ. വിദ്യാർഥികൾക്ക് പാസ്‌പോർട്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് ഏജൻസി സ്ഥിരീകരിച്ചു.

JEE Main 2027 സെഷൻ 1: പ്രധാന തീയതികൾ

JEE Main 2027 ഒന്നാം സെഷനിലേക്കുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർകൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

  • അപേക്ഷ ആരംഭിച്ച തീയതി: ഒക്ടോബർ 24, 2026

  • വൈകിയ ഫീസില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 22, 2026

  • വൈകിയ ഫീസോടെ അപേക്ഷിക്കാനുള്ള തീയതികൾ: നവംബർ 23 മുതൽ 26, 2026 വരെ

  • അപേക്ഷ തിരുത്താനുള്ള സമയം: നവംബർ 27 മുതൽ 29, 2026 വരെ

നവംബർ 22-നകം അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് അധിക ഫീസ് അടച്ച് നവംബർ 26 വരെ അപേക്ഷ സമർപ്പിക്കാം. കൂടാതെ, അപേക്ഷയിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തേണ്ടവർക്ക് നവംബർ 27 മുതൽ 29 വരെയുള്ള കറക്ഷൻ വിൻഡോ പ്രയോജനപ്പെടുത്താം.

പരീക്ഷാ സമയക്രമം 

2027 ജനുവരി 20, 21, 22, 23, 24, 28 തിയതികളിലാണ് പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി എല്ലാ വിവരങ്ങളും പരിശോധിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Content Highlights: NRI students can use valid passports as identity proof for JEE Main 2027 registration