JEE MAIN 2026: ആദ്യ സെഷൻ ഫലം ഫെബ്രുവരി 12-നകം, രണ്ടാം സെഷൻ രജിസ്‌ട്രേഷൻ ഉടൻ

2026 ജെഇഇ മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പുറത്തുവിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി. കഴിഞ്ഞ ദിവസം അവസാനിച്ച ഒന്നാമത്തെ സെഷൻ പരീക്ഷയുടെ താത്കാലിക ഉത്തരസൂചികയും പ്രതികരണവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ എക്‌സിലാണ് വിവരങ്ങൾ പങ്കുവെച്ചത്. ജെഇഇ മെയിൻ പരീക്ഷയുടെ രണ്ടാമത്തെ സെഷൻ രജിസ്‌ട്രേഷനെക്കുറിച്ചും അറിയിപ്പുണ്ട്.
ആദ്യ സെഷൻ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ 2026 ഫെബ്രുവരി നാലിനും അഞ്ചിനും ഇടയിൽ ഉദ്യോഗാർഥികൾക്ക് താത്കാലിക ഉത്തരസൂചിക ചോദ്യംചെയ്യാൻ അവസരം ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന എതിർപ്പുകൾ കൂടി പരിഗണിച്ച ശേഷം ഫെബ്രുവരി 12- നകം അന്തിമഫലം പ്രഖ്യാപിക്കും.
ഫെബ്രുവരി ഒന്നു മുതൽ 25 വരെ ജെഇഇ രണ്ടാമത്തെ സെഷൻ രജിസ്‌ട്രേഷൻ ആരംഭിക്കും. താത്പര്യമുള്ള വിദ്യാർഥികൾ കൃത്യസമയത്തിനുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പരീക്ഷാ നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കുമായി jeemain@nta.ac.in അല്ലെങ്കിൽ ഹെൽപ് ലൈൻ നമ്പറായ 011-40759000 വഴിയോ ബന്ധപ്പെടാം.
Content Highlights: NTA releases JEE Main 2026 exam updates, provisional answer key, and registration details for Session 2.