സ്കൂൾവിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ.യുടെ ‘യുവിക’ പ്രോഗ്രാം

സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നടത്തുന്ന യങ് സയൻറിസ്റ്റ് പ്രോഗ്രാമിന് ഇപ്പോൾ രജിസ്റ്റർചെയ്യാം. ‘യുവ വിജ്യാനി കാര്യക്രം’ (യുവിക) എന്നപേരിൽ അറിയപ്പെടുന്ന രണ്ടാഴ്ച ദൈർഘ്യമുള്ള പ്രോഗ്രാം സഹവാസരീതിയിൽ മേയ് 11 മുതൽ 22 വരെ നടത്തും.
ബഹിരാകാശശാസ്ത്രം, സാങ്കേതികവിദ്യ, പ്രായോഗികതലങ്ങൾ എന്നിവ പരിചയപ്പെടുത്തുക, ഈ രംഗത്തെ ഉയർന്നുവരുന്ന മേഖലകളെപ്പറ്റിയുള്ള അവബോധം വളർത്തുക, സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ് (സ്‌റ്റെം) അടിസ്ഥാനമാക്കിയുള്ള ഗവേഷണ/കരിയർ രംഗങ്ങളിൽ താത്പര്യം ജനിപ്പിക്കുക തുടങ്ങിയവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ.
പ്രോഗ്രാം നടത്തുന്ന കേന്ദ്രങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.) ദെഹ്റാദൂൺ, വിക്രം സാരാഭായ് സ്‌പെയ്‌സ് സെൻറർ (വി.എസ്.എസ്.സി.) തിരുവനന്തപുരം, സതീഷ് ധവാൻ സ്‌പെയ്‌സ് സെൻറർ (എസ്.ഡി.എസ്.സി.) ശ്രീഹരിക്കോട്ട, യു.ആർ. റാവു സാറ്റലൈറ്റ് സെൻറർ (യു.ആർ.എസ്.സി.) െബംഗളൂരു, സ്‌പെയ്‌സ് ആപ്ലിക്കേഷൻസ് സെൻറർ (എസ്.എ.സി.) അഹമ്മദാബാദ്, നാഷണൽ റിമോട്ട് സെൻസിങ് സെൻറർ (എൻ.ആർ.എസ്.സി.) ഹൈദരാബാദ്, നോർത്ത്-ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെൻറർ (എൻ.ഇ.-എസ്.എ.സി.) ഷില്ലോങ്, ഐ.എസ്.ആർ.ഒ. പ്രൊപ്പൽഷൻ കോംപ്ലക്സ്, മഹേന്ദ്രഗിരി, റീജണൽ റിമോട്ട് സെൻസിങ് സെൻറർ (ആർ.ആർ.എസ്.സി.) ജോധ്‌പുർ എന്നീ കേന്ദ്രങ്ങളിലായി പ്രോഗ്രാം നടത്തും.
ചെലവുകൾ ഐ.എസ്.ആർ.ഒ. വഹിക്കും
താമസം, ഭക്ഷണം, കോഴ്സ് മെറ്റീരിയൽ ഉൾപ്പെടെയുള്ളവയുടെ ചെലവുകൾ ഐ.എസ്.ആർ.ഒ. വഹിക്കും. എല്ലാ സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയിൽനിന്നും നിശ്ചിത എണ്ണം വിദ്യാർഥികളുടെ പ്രാതിനിധ്യം പ്രോഗ്രാമിൽ ഉറപ്പാക്കും. പങ്കെടുക്കുന്നവരുടെ യാത്രച്ചെലവുകൾ തിരികെനൽകും. അസൽ ടിക്കറ്റുകൾ ഹാജരാക്കണം.
ക്ലാസ് റൂം ലക്ചറുകൾ, മോഡൽ റോക്കട്രി, സ്കൈ ഗേസിങ്, റോബോട്ടിക് കോഡിങ്/പരീക്ഷണങ്ങൾ, CANSAT പരീക്ഷണങ്ങൾ, ഡ്രോൺ ഡെമോൺസ്ട്രേഷൻ, DlY കിറ്റ് അസംബ്ലി, ഫെസിലിറ്റി വിസിറ്റുകൾ, പ്രഗല്ഭരായ ശാസ്ത്രജ്ഞരുമായുള്ള സംവാദങ്ങൾ തുടങ്ങിയവ മുൻവർഷങ്ങളിലെ പ്രോഗ്രാമിൽ ഉൾപ്പെട്ടിരുന്നു. എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളും ഉണ്ടാകാം.
യോഗ്യത
ജനുവരി ഒന്നിന് ഒൻപതാം ക്ലാസിൽ ഇന്ത്യയിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിൽ വിവിധ ഘടകങ്ങൾക്ക് പരിഗണന നൽകും. അവ ഇപ്രകാരമാണ് (ശതമാനത്തിൽ)
• എട്ടാം ക്ലാസിലെ/ഏറ്റവുമൊടുവിൽ നടന്ന പരീക്ഷയിലെ മാർക്ക്- 50
• ഓൺലൈൻ ക്വിസ് മികവ്- 10
• കഴിഞ്ഞ മൂന്നുവർഷത്തിൽ സയൻസ് ഫെയറിലെ/കോ കരിക്കുലർ പ്രവർത്തനങ്ങളിലെ പങ്കാളിത്തം (സ്കൂൾ/ജില്ല/സംസ്ഥാന തലവും ഉയർന്ന തലങ്ങളും)- 2/5/10
• കഴിഞ്ഞ മൂന്നുവർഷത്തിൽ ഒളിമ്പ്യാഡ്/തത്തുല്യ മത്സരത്തിലെ ഒന്നുമുതൽ മൂന്നുവരെയുള്ള റാങ്ക് (സ്കൂൾ/ജില്ല/സംസ്ഥാന തലവും ഉയർന്ന തലങ്ങളും)- 2/4/5
• കഴിഞ്ഞ മൂന്നുവർഷങ്ങളിൽ സ്പോർട്സ് മത്സരങ്ങളിലെ നേട്ടം (ഒന്നുമുതൽ മൂന്നുവരെയുള്ള സ്ഥാനം (സ്കൂൾ/ജില്ല/സംസ്ഥാന തലവും ഉയർന്ന തലങ്ങളും)- 2/4/5
• കഴിഞ്ഞ മൂന്നുവർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്/എൻ.സി.സി./എൻ.എസ്.എസ്. അംഗത്വം- 5
• പഞ്ചായത്ത് പ്രദേശത്തെ വില്ലേജ്/റൂറൽ സ്കൂൾ പഠനം- 15
രജിസ്ട്രേഷൻ
വിവരങ്ങൾ jigyasa.iirs.gov.in/yuvika -ൽ ലഭിക്കും. രജിസ്ട്രേഷൻ, ഇതേ ലിങ്കിൽ ഫെബ്രുവരി 27 മുതൽ മാർച്ച് 31 വരെ നടത്താം. രജിസ്ട്രേഷനോ പ്രോഗ്രാമിനോ ഫീ നൽകേണ്ടതില്ല. ആദ്യ സെലക്‌ഷൻ പട്ടിക ഏപ്രിൽ 13-ന് പ്രഖ്യാപിക്കും. ആദ്യപട്ടിക പ്രകാരം വരുന്ന ഒഴിവുകൾ പരിഗണിച്ച്, രണ്ടാം കൺഫർമേഷൻ പട്ടിക ഏപ്രിൽ 20-ന് പ്രഖ്യാപിക്കും.
Content Highlights: Free 2-week residential program by ISRO for 9th-grade students. Introduces students to space science, technology, and applications (STEM).