വിദേശ വിദ്യാഭ്യാസം: 97 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികൾക്കും വേണ്ടത് അതിവേഗം ജോലി കിട്ടുന്ന കോഴ്‌സുകൾ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

വിദേശ പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളിൽ 97 ശതമാനം പേരും പ്രാധാന്യം നൽകുന്നത് ഉടൻ ജോലികിട്ടുന്ന കോഴ്സുകൾക്കാണെന്ന്  പഠനം. ലണ്ടൻ ആസ്ഥാനമായുള്ള സിറ്റി സെന്റ് ജോർജ്ജ്‌സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ കമ്മീഷൻ ചെയ്ത് ആർലിംഗ്ടൺ റിസർച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ജോലി ലഭിക്കാനുള്ള സാധ്യത, പ്രവൃത്തിപരിചയം എന്നിവ അത്യാവശ്യമാണെന്ന് കരുതുന്നവരാണ് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരിൽ ഏറെയും. മാതാപിതാക്കളും വിദ്യാർഥികളുമുൾപ്പടെ 3000 പേരിലാണ് പഠനം നടത്തിയത്.

പ്രധാന കണ്ടെത്തലുകൾ:

  • സർവേയിൽ പങ്കെടുത്ത മറ്റ് രാജ്യക്കാരെയും അപേക്ഷിച്ച്, പ്രായോഗിക പഠനം, സാങ്കേതിക കഴിവുകൾ, പ്രൊഫഷണൽ പെരുമാറ്റങ്ങൾ എന്നിവ വിദ്യാഭ്യാസ അനുഭവത്തിന്റെ പ്രധാന ഭാഗങ്ങളായി കണക്കാക്കുന്നതിൽ ഇന്ത്യൻ പഠിതാക്കളാണ് ഏറ്റവും മുന്നിൽ.
  • ആഗോള സർവേയിൽ, 60 ശതമാനം പേർ പഠനത്തിൽ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് അനിവാര്യമാണെന്ന് കരുതുന്നു. 56 ശതമാനം പേർ സാങ്കേതികമായ കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകി.
  • ഏകദേശം 56 ശതമാനം ഇന്ത്യൻ വിദ്യാർഥികൾ പ്രൊഫഷണൽ പെരുമാറ്റങ്ങൾ വളർത്തുന്നത് നിർണായകമാണെന്ന് വിലയിരുത്തി.

Content Highlights: Study reveals 97% of Indian students value education directly aiding career.