73% വിദ്യാർഥികളും ഹയർ സെക്കൻഡറി പൂർത്തിയാക്കുന്നതിന് മുൻപ് പഠനം ഉപേക്ഷിക്കുന്നു: പാർലമെന്ററി സമിതി

ന്യൂഡൽഹി: രാജ്യത്ത് വിദ്യാഭ്യാസ തലം ഉയരുന്തോറും സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് രാജ്യത്തെ ഏകദേശം 73 ശതമാനത്തോളം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റി (2026-27) ചൂണ്ടിക്കാട്ടി. പതിനെട്ടാം ലോകസഭയുടെ പത്താം റിപ്പോർട്ടാണ് ബുധനാഴ്ച സഭയിൽ സമർപ്പിച്ചത്.
യു.ഡി.ഐ.എസ്.ഇ 2024-25 കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ് മേഖലകളിലെ ആകെ 10,92,671 സ്കൂളുകളിൽ ഭൂരിഭാഗവും പ്രൈമറി തലത്തിലുള്ളവ മാത്രമാണ്:
പ്രൈമറി സ്കൂളുകൾ: 9,11,032
അപ്പർ പ്രൈമറി സ്കൂളുകൾ: 4,12,805
സെക്കൻഡറി സ്കൂളുകൾ: 1,61,808
ഹയർ സെക്കൻഡറി സ്കൂളുകൾ: 90,866
വിദ്യാർത്ഥികളുടെ പങ്കാളിത്തം:
പ്രൈമറി (1-5 ക്ലാസുകൾ): 6.18 കോടി വിദ്യാർത്ഥികൾ
അപ്പർ പ്രൈമറി (6-8 ക്ലാസുകൾ): 4.08 കോടി
സെക്കൻഡറി (9-10 ക്ലാസുകൾ): 2.36 കോടി
ഹയർ സെക്കൻഡറി (11-12 ക്ലാസുകൾ): 1.64 കോടി
ഉയർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്ന് സമിതി വിലയിരുത്തി. നിലവിലുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളെ ഹയർ സെക്കൻഡറി തലത്തിലേക്ക് ഉയർത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുൻകൈ എടുക്കണം. കൂടുതൽ സ്കൂളുകൾ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ പകുതിയിലധികം സ്കൂളുകളിലും ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യങ്ങൾ: ആകെയുള്ള 14,71,437 സ്കൂളുകളിൽ 5,23,143 സ്കൂളുകളിൽ മാത്രമാണ് ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളുള്ളത്. റാമ്പുകളും ഹാൻഡ് റെയിലുകളും ലഭ്യമായത് 8,08,466 സ്കൂളുകളിൽ മാത്രമാണ്.
ബജറ്റ് വിനിയോഗത്തിലെ വീഴ്ച: 2024-25 വർഷത്തിൽ 186 ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനായി 482 ലക്ഷം രൂപ വകയിരുത്തിയെങ്കിലും 2.60 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ: സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നതിന് അനുവദിച്ച 962 ലക്ഷം രൂപയുടെ ഗ്രാന്റിൽ 80.50 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്.
Content Highlights: A report presented by the Public Estimates Committee in Parliament reveals that nearly 73% of students in India drop out before completing higher secondary education, while also highlighting severe infrastructural deficiencies and underutilized budgets for disabled students.