സ്കൂൾ-കോളേജ് പാഠ്യപദ്ധതിയിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം: വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര അംഗീകാരം

#Education desk
Representative Image | Photo: Canva.com
Representative Image | Photo: Canva.com

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിർദ്ദേശങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

എന്തുകൊണ്ട് മാറ്റം?

പോക്സോ നിയമവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്കിടയിലുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങൾ ക്രിമിനൽ കുറ്റമാകുന്ന സാഹചര്യങ്ങളും പ്രായപൂർത്തിയാകാത്തവരിലെ ഗർഭധാരണവും തടയുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് വിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, എൻ.സി.പി.സി.ആർ, എൻ.എ.എൽ.സി.എ. പ്രതിനിധികൾ എന്നിവരടങ്ങുന്ന 26 അംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശകൾ

വിദ്യാർത്ഥികൾക്ക് പ്രായത്തിനനുസൃതമായ അറിവ് നൽകി അവരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

  • പ്രൈമറി തലം മുതൽ പഠനം: കുട്ടികൾക്ക് പ്രൈമറി തലം മുതൽ തന്നെ ശരീര സുരക്ഷ, ശുചിത്വം, ശരീരഭാഗങ്ങൾ, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. കുട്ടികൾ വളരുന്നതിനനുസരിച്ച് സിലബസ് വിപുലീകരിക്കണം.

  • നിർബന്ധിത ക്ലാസുകൾ: പ്രൈമറി തലം മുതൽ തന്നെ ആഴ്ചയിൽ രണ്ടുതവണ 15 മുതൽ 20 മിനിറ്റ് വരെ നീളുന്ന നിർബന്ധിത ക്ലാസുകൾ ഇതിനായി മാറ്റിവെക്കണം. ഈ ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരെ നിയോഗിക്കണം.

  • എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ: പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് നൽകേണ്ട പഠനസാമഗ്രികൾ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് തയ്യാറാക്കണം.

  • ദേശീയ വിദ്യാഭ്യാസ നയവുമായി സംയോജിപ്പിക്കും: കൗമാര വിദ്യാഭ്യാസ പദ്ധതികളെ പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധിപ്പിച്ച് കുട്ടികളിൽ മികച്ച ജീവിതനൈപുണികളും വിമർശനാത്മക ചിന്തയും വളർത്തിയെടുക്കും.

  • മാതാപിതാക്കൾക്കും ബോധവൽക്കരണം: കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി പതിവായി വർക്ക്‌ഷോപ്പുകളും സംവാദങ്ങളും സംഘടിപ്പിക്കും.

കോടതിയുടെ നിരീക്ഷണം

കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറിമാരായ മുതിർന്ന അഭിഭാഷകർ മാധവി ദിവാൻ, ലിസ് മാത്യു എന്നിവർ സമിതിയുടെ റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. എന്നാൽ, സമഗ്ര ലൈംഗിക വിദ്യാഭ്യാസം (കോംപ്രഹൻസീവ് സെക്സ് എജ്യൂക്കേഷൻ) എന്ന വാക്ക് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കൃത്യമായ നിർവചനം നൽകേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധിച്ച ശേഷം ഉചിതമായ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

Content Highlights: The Central Government has approved an expert committee's recommendation to integrate age-appropriate comprehensive sex education into the national school curriculum, aimed at reducing teenage pregnancies, creating POCSO awareness, and fostering body safety right from the primary level.