സി.ബി.എസ്.ഇ. പോർട്ടൽ വീഴ്ച കണ്ടെത്തിയ വിദ്യാർഥി ഇനി ഐ.ഐ.ടി.യിൽ എൻജിനിയർ

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: സി.ബി.എസ്.ഇ.യുടെ ഓൺസ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) പോർട്ടലിന്റെ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ജോലിനൽകി കാൻപുർ ഐ.ഐ.ടി. പത്തൊൻപതുകാരനായ നിസർഗ അധികാരിക്ക് ടെക്‌നോളജി ഇനവേഷൻ ഹബ്ബിൽ സൈബർ സുരക്ഷാ എൻജിനിയറായാണ് നിയമനം. പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനായി സി.ബി.എസ്.ഇ. കരാറിലേർപ്പെട്ട സ്വകാര്യകമ്പനിയുടെ ഒ.എസ്.എം. പോർട്ടലിലെ പ്രശ്നങ്ങൾ നിസർഗയാണ് പുറത്തുകൊണ്ടുവന്നത്.

നിസർഗ പ്രഗല്‌ഭനാണെന്നും കഴിവുകളും ശേഷിയും വർധിപ്പിക്കാനുള്ള അവസരമാണ് നൽകുന്നതെന്നും കാൻപുർ ഐ.ഐ.ടി. ഡയറക്ടർ മണീന്ദ്ര അഗർവാൾ പറഞ്ഞു. ഇപ്പോൾ സൈബർ ടീമിൽ എൻജിനിയറായാണ് നിയമിച്ചത്.

കുറച്ചുവർഷങ്ങൾക്കുമുൻപും ചെറുപ്പക്കാരായ കുറച്ച് എൻജിനിയർമാരെ ഇതേ ടീമിലെടുത്തിരുന്നു. കാൻപുർ ഐ.ഐ.ടി. ജോലിക്കെടുക്കുന്ന പ്രായം കുറഞ്ഞ എൻജിനിയർമാരിൽ ഒരാളാകും നിസർഗയെന്നതിൽ സംശയമില്ലെന്നും ഡയറക്ടർ പറഞ്ഞു.

പശ്ചിമബംഗാൾ സ്വദേശിയായ നിസർഗ ഈവർഷമാണ് പന്ത്രണ്ടാം ക്ലാസ് പാസായത്. ആറുവയസ്സുള്ളപ്പോൾത്തന്നെ സൈബർ സുരക്ഷാ കാര്യങ്ങളിൽ തത്‌പരനായിരുന്നു. സ്‌കൂൾ പഠനകാലത്താണ് എത്തിക്കൽ ഹാക്കിങ് രംഗത്തെത്തിയത്. പഠനത്തിനൊപ്പംതന്നെ സോഫ്റ്റ്‌വേർ എൻജിനിയറിങ് ജോലികളും ചെയ്തിട്ടുണ്ട്. ചില സ്റ്റാർട്ടപ്പുകൾക്കൊപ്പമാണ് നേരത്തേ ജോലിചെയ്തിരുന്നത്.

സൈബർ സുരക്ഷയ്ക്ക് പ്രാധാന്യമുള്ളൊരു ജോലി ആദ്യമായാണ് ലഭിക്കുന്നതെന്നും നിലവിൽ ഉപരിപഠനത്തിന് ഉദ്ദേശിക്കുന്നില്ലെന്നും നിസർഗ പറഞ്ഞു.

Content Highlights: IIT Kanpur has hired 19-year-old Nisarga Adhikari as a cyber security engineer after he successfully exposed critical security vulnerabilities in the CBSE on-screen marking portal.