ഐ.ഐ.ടി. വിദ്യാർഥികൾക്ക് ഇനി ക്യാമ്പസ് മാറി പഠിക്കാം

#Education desk
പ്രതീകാത്മകചിത്രം  | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി.കൾ തമ്മിൽ വിദ്യാർഥികളെ കൈമാറുന്ന വിപുലമായ പദ്ധതിക്ക് തുടക്കമാകുന്നു. ഇതനുസരിച്ച് ഒരു ഐ.ഐ.ടി.യിൽ പഠിക്കുന്ന വിദ്യാർഥിക്ക് നിശ്ചിത സെമസ്റ്ററുകൾ മറ്റൊരു ഐ.ഐ.ടി.യിൽ പോയി പഠിക്കാനും അവിടെനിന്ന് നേടുന്ന ക്രെഡിറ്റുകൾ തന്റെ ബിരുദ സർട്ടിഫിക്കറ്റിനായി ഉപയോഗിക്കാനും സാധിക്കും.

കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന ഐ.ഐ.ടി. കൗൺസിൽ യോഗത്തിലാണ് ശുപാർശ മുന്നോട്ടുവെച്ചത്. ബിരുദ വിദ്യാർഥികളിൽ അഞ്ച് ശതമാനം പേർക്ക് ഇത്തരത്തിൽ കാമ്പസ് മാറാനുള്ള അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.

വിദഗ്ധരുടെ ക്ലാസുകൾ: ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ധനായ അധ്യാപകൻ മറ്റൊരു ഐ.ഐ.ടി.യിലാണ് ഉള്ളതെങ്കിൽ, അവിടെ പോയി ആ കോഴ്സ് പഠിക്കാൻ വിദ്യാർഥിക്ക് സാധിക്കും.

സ്പോർട്സ് & കൾച്ചർ: സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയ ഒരു വിദ്യാർഥിക്ക് മികച്ച കോച്ചിങ് സൗകര്യമുള്ള ഐ.ഐ.ടി. ഡൽഹി പോലെയുള്ള കാമ്പസുകളിൽ ഒന്നോ രണ്ടോ സെമസ്റ്റർ ചെലവഴിക്കാം.

ഇന്റേൺഷിപ്പുകൾ: ഇന്റേൺഷിപ്പുകൾക്ക് കൂടുതൽ സമയം കണ്ടെത്താനും സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി മുന്നോട്ടുപോകാനും ഫ്ലെക്സിബിൾ പഠനരീതി സഹായകമാകും.

എൻ.ഐ.ടി.കൾക്കും അവസരം

ഐ.ഐ.ടി.കൾക്ക് പുറമെ എൻ.ഐ.ടി., ഐ.ഐ.ഐ.ടി., എൻ.എൽ.യു. തുടങ്ങിയ സ്ഥാപനങ്ങളുമായും ഇത്തരത്തിൽ ക്രെഡിറ്റ് പങ്കിടാനുള്ള ചട്ടക്കൂട് തയ്യാറാക്കാൻ ഐ.ഐ.ടി. മദ്രാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എൻ.ഐ.ടി.കളിലെ അവസാന വർഷ വിദ്യാർഥികൾക്ക് ഐ.ഐ.ടി. മദ്രാസിൽ പഠിക്കാനും പിന്നീട് നേരിട്ട് പിഎച്ച്.ഡി.ക്ക് പ്രവേശനം നേടാനുമുള്ള സൗകര്യമുണ്ട്. ഇത് കൂടുതൽ വിപുലീകരിക്കാനാണ് നീക്കം.

ഓരോ ഐ.ഐ.ടി.യുടെയും സെനറ്റുകൾ പൊതുരേഖയ്ക്ക് അംഗീകാരം നൽകുന്നതോടെ പദ്ധതി ഔദ്യോഗികമായി നിലവിൽ വരും. ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രായോഗിക കാര്യങ്ങൾ പരിഗണിച്ചാകും ഓരോ കാമ്പസും വിദ്യാർഥികളെ സ്വീകരിക്കുന്നത്.

Content Highlights: IIT students can now study at other IIT campuses and transfer credits.