ഐഐടി വീണ്ടും അതിർത്തി കടക്കുന്നു; ഭൂട്ടാനിലും മൊറോക്കോയിലും ക്യാംപസുകൾ തുടങ്ങാൻ അപേക്ഷ

#Education Desk
ടാന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഐടി മദ്രാസിന്റെ കാമ്പസ്.|Photo: IIT Madras Zanzibar Campus/ Facebook
ടാന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഐടി മദ്രാസിന്റെ കാമ്പസ്.|Photo: IIT Madras Zanzibar Campus/ Facebook

ഉന്നതപഠനത്തിന് വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന രാജ്യത്തെ മികച്ച കോളേജുകളിൽ ഒന്നാണ്‌ ഐഐടികൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതല്ലാതെ വിദേശത്ത് രണ്ടിടത്തും ഐഐടിയുടെ ക്യാംപസുകളുണ്ട്. ഇതുകൂടാതെ ഐഐടിയുടെ ക്യാംപസുകൾ സ്ഥാപിക്കുന്നതിനായി ഭൂട്ടാനും മൊറോക്കോയും കേന്ദ്ര സർക്കാറിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ട്‌.

ഭൂട്ടാനും മൊറോക്കോയും ഉൾപ്പടെ  രാജ്യങ്ങളിൽനിന്നു ഐഐടി ക്യാംപസ് ആരംഭിക്കുന്നതിനുള്ള അഭ്യർഥനകൾ വന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പുതിയ ക്യാംപസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിലവിൽ ടാൻസാനിയയിലും അബുദാബിയിലുമാണ് ഐഐടിയുടെ ക്യാംപസുകൾ പ്രവർത്തിക്കുന്നത്‌. ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ ടാൻസാനിയയിൽ പ്രവർത്തിക്കുന്ന ക്യാംപസാണ് ആദ്യമായി രാജ്യത്തിനുപുറത്ത് ആരംഭിച്ചത്. ആദ്യമായി ഒരു വനിത ഐഐടിയുടെ ഡയറക്ടർ ഇൻ ചാർജ് സ്ഥാനത്തിരിക്കുന്നു എന്ന പ്രത്യേകത കൂടി ടാൻസാനിയ ക്യാംപസിനുണ്ട്.

എൻഇപി 2020- ന്റെ ഭാഗമായി ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം വിദേശരാജ്യങ്ങളിൽ വിപുലീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉയർന്ന റാങ്കിലുള്ള വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കാൻ അനുവദിക്കുന്നതും ഇന്ത്യയിലെ മികച്ച ഉന്നതപഠനസ്ഥാപനങ്ങൾക്ക് വിദേശത്ത് ക്യാംപസുകൾ സ്ഥാപിക്കാൻ വഴിയൊരുക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിയമിച്ച 17 അംഗ സമിതിയുടെ ശുപാർശകളാണ് വിദേശത്ത് ഐഐടി ക്യാംപസുകൾ ആരംഭിക്കുന്നതിന് വഴിയൊരുക്കിയത്. അടുത്തവർഷം നൈജീരിയയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാമത്തെ വിദേശ ക്യാംപസിന്റെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നൈജീരിയൻ ഫെഡറൽ ഗവൺമെന്റ് ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ചിരുന്നു.

Content Highlights: IITs are expanding globally! Bhutan and Morocco have formally requested to establish IIT campuses. Learn about the latest developments and international expansion plans.