ജെഇഇ സ്കോർ ഉണ്ടോ? പ്ലസ് ടുവിന് ശേഷം ഇനി IIM-കളിലും പ്രവേശനം നേടാം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഐഐടികളിലെ പ്രവേശനത്തിന് മാത്രമായിരുന്ന ജെഇഇ സ്കോറുകൾ ഉപയോഗിച്ച് ഇനി രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളായ ഐഐഎമ്മുകളിലും പ്രവേശനം നേടാം. ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിജിറ്റൽ ബിസിനസ് തുടങ്ങിയ മേഖലകളിൽ അഞ്ച് ഐഐഎമ്മുകൾ പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു.

ഇതുവരെ സി.എ.ടി. പരീക്ഷ വഴി പ്രധാനമായും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഐഐഎം മുംബൈ, ഐഐഎം ലഖ്‌നൗ, ഐഐഎം സംഭൽപൂർ, ഐഐഎം ബാംഗ്ലൂർ, ഐഐഎം കോഴിക്കോട് എന്നിവയാണ് മൂന്നും നാലും വർഷ ദൈർഘ്യമുള്ള പുതിയ അണ്ടർഗ്രാജുവേറ്റ് കോഴ്‌സുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ള കോഴ്‌സുകളിൽ നിന്ന് വിദ്യാഥികൾക്ക്  പഠനകാലയളവിനിടയിൽ ഒഴിയാനുള്ള 'മൾട്ടിപ്പിൾ എക്സിറ്റ്'  സൗകര്യവുമുണ്ട്. ഒന്നു മുതൽ രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ലഭിക്കുമ്പോൾ, നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. മൂന്നാം വർഷം മുതൽ കോർപ്പറേറ്റ് ഇന്റേൺഷിപ്പുകളും അതോടൊപ്പം വിവിധ മെറിറ്റ് സ്കോളർഷിപ്പുകളും വിദ്യാഭ്യാസ വായ്പാ സഹായങ്ങളും ലഭ്യമാണ്.

ജെഇഇ സ്കോർ വഴി പ്രവേശനം നൽകുന്ന ഐഐഎമ്മുകൾ

  • ഐഐഎം മുംബൈ

    • കോഴ്‌സ്: ബിഎസ് ഇൻ ഡിജിറ്റൽ സയൻസ് ആൻഡ് ബിസിനസ് മാനേജ്‌മെന്റ്- നാല് വർഷം.

    • യോഗ്യത: +2 ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ കുറഞ്ഞത് 60% മാർക്ക്.

    • തിരഞ്ഞെടുപ്പ്: ജെഇഇ മെയിൻ റാങ്കിന്റെ അടിസ്ഥാനത്തിൽ. അഖിലേന്ത്യാ റാങ്ക് 15,000 നും 20,000 നും ഇടയിലുള്ളവർക്ക് ഇന്റർവ്യൂ വഴി പ്രവേശനത്തിന് അവസരമുണ്ട് (70% വെയിറ്റേജ് ജെഇഇ സ്കോറിനും 30% ഇന്റർവ്യൂവിനും).

  • ഐഐഎം ലഖ്‌നൗ 

     

    • കോഴ്‌സ്: ബിഎസ് ഇൻ എഐ ആൻഡ് ബിസിനസ് അനലിറ്റിക്സ്. 

    • യോഗ്യത: ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടിയവരും 21 വയസ്സിൽ താഴെയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

  • ഐഐഎം സംഭൽപൂർ 

     

    • കോഴ്‌സ്: ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് എഐ.

    • യോഗ്യത: പ്ലസ് ടുവിന് പി.സി.എം. വിഷയങ്ങളിൽ 60% മാർക്ക്.

    • തിരഞ്ഞെടുപ്പ്: ജെഇഇ മെയിൻ പെർസെന്റൈലും ഓൺലൈൻ ഇന്റർവ്യൂവും. മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ ബിഎസ്‌സിയും നാല് വർഷം പൂർത്തിയാക്കുമ്പോൾ ബിഎസ് ഓണേഴ്‌സ് ബിരുദവും നൽകും.

  • ഐഐഎം ബാംഗ്ലൂർ

     

    • കോഴ്‌സ്: ബിബിഎ ഇൻ ഡിജിറ്റൽ ബിസിനസ് ആൻഡ് എന്റർപ്രണർഷിപ്പ്.

    • യോഗ്യത: സയൻസ്, കൊമേഴ്‌സ്, ആർട്‌സ് സ്ട്രീമുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

    • തിരഞ്ഞെടുപ്പ്: ജെഇഇ മെയിൻ, സിയുഇടി-യുജി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം പ്രവേശന പരീക്ഷ വഴി. ജെഇഇ മെയിനിൽ 90 പെർസെന്റൈലിന് മുകളിലുള്ളവർക്ക് മുൻഗണനയുണ്ടാകും.

  • ഐഐഎം കോഴിക്കോട് 

     

    • കോഴ്‌സ്: ബാച്ചിലർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് - മൂന്ന് മുതൽ നാല് വർഷം വരെ.

    • തിരഞ്ഞെടുപ്പ്: ജെഇഇ മെയിനിൽ 80 പെർസെന്റൈലിന് മുകളിലുള്ളവർക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ നിന്ന് ഇളവ് ലഭിക്കുകയും നേരിട്ട് ഇന്റർവ്യൂ റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്യാം.

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ നൽകുന്ന മറ്റ് ഐഐഎമ്മുകൾ

പ്ലസ് ടുവിന് ശേഷം അഞ്ച് വർഷത്തെ ബിരുദ-ബിരുദാനന്തര മാനേജ്‌മെന്റ് കോഴ്‌സുകൾ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെഇഇ സ്കോറുകൾക്ക് മുൻഗണന ലഭിക്കാറുണ്ട്:

  • ഐഐഎം ഇൻഡോർ: ഐ.പി.എം.എ.ടി. പരീക്ഷ വഴിയാണ് പ്രവേശനമെങ്കിലും ജെഇഇ അഡ്വാൻസ്ഡ് സ്കോർ മികച്ചതാണെങ്കിൽ ഇന്റർവ്യൂവിൽ മുൻഗണന ലഭിക്കും.

  • ഐഐഎം റോഹ്തക്: ഐ.പി.എം.എ.ടി. വഴിയുള്ള ഷോർട്ട് ലിസ്റ്റിംഗിൽ ജെഇഇ മെയിനിൽ 90 പെർസെന്റൈലിൽ കൂടുതലുള്ളവർക്ക് ഇളവ്/മുൻഗണന ലഭിക്കും.

  • ഐഐഎം ജമ്മു & ഐഐഎം ബോധ് ഗയ: ജി.ഐ.പി.എം.എ.ടി. വഴിയാണ് പ്രവേശനം. ജെഇഇ മെയിനിലെ ഉയർന്ന മാത്‌സ് സ്കോറുകൾക്ക് പ്രവേശനസമയത്ത് പ്രത്യേക പരിഗണനയുണ്ട്.

ജെഇഇ സ്കോർ സ്വീകരിക്കുന്ന മറ്റ് പ്രമുഖ സ്ഥാപനങ്ങൾ

  • ഐഐഐടി ഹൈദരാബാദ്: ബി.ടെക് - എം.എസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് ജെഇഇ മെയിൻ സ്കോർ സ്വീകരിക്കുന്നു.

  • ബിറ്റ്‌സ് പിലാനി : ബിഇ, എംഎസ്‌സി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് ബിറ്റ്‌സാറ്റ് (ബി.ഐ.ടി.എസ്.എ.ടി.) വഴി പ്രവേശനം നൽകുന്നു.

  • എൻഎംഐഎംഎസ് : ഡാറ്റാ സയൻസ്, ബിസിനസ് അനലിറ്റിക്‌സ് തുടങ്ങിയ ബി.ടെക് പ്രോഗ്രാമുകൾക്ക് ജെഇഇ മെയിൻ സ്കോർ പരിഗണിക്കാറുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ തീയതികൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

Content Highlights: Five premier Indian Institutes of Management (IIMs) have introduced undergraduate programs in emerging fields like AI, Data Science, and Digital Business, offering direct admissions based on JEE Main and JEE Advanced scores.