ഐഐഎം ഇന്ദോര്‍; 2026- 28 പോസ്റ്റ് ഗ്രാജ്വേറ്റ് ബാച്ച് പ്രവേശനം, മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു

#Education Desk
ഐഐഎം ഇന്ദോര്‍.|Photo: IIM Indore
ഐഐഎം ഇന്ദോര്‍.|Photo: IIM Indore

ഐഎം ഇന്ദോറിലെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. 2026- 28 ബാച്ചിലേക്കുള്ള പ്രവേശനം പുതിയ മാര്‍ഗനിര്‍ദശങ്ങള്‍ക്കനുസരിച്ചായിരിക്കും നടത്തുക. CAT 2025 മാര്‍ക്ക്, അക്കാദമിക് യോഗ്യതകള്‍, പ്രവൃത്തി പരിചയം, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2025- ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എഴുതുകയും ഇതില്‍ ഓവറോള്‍ കട്ട്- ഓഫ് ശതമാനം നേടുകയും വേണം. ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞ ഓവറോള്‍ ശതമാനം 90 ആണ്. എന്‍സി- ഒബിസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ 80 ശതമാനം ഓവറോള്‍ നേടണം. അതേസമയം എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിലുള്‍പ്പെട്ടവര്‍ യഥാക്രമം 60, 45, 45 ശതമാനം മാര്‍ക്ക് നേടണം.

ഷോര്‍ട്ട്‌ലിസ്റ്റിങ് പ്രക്രിയ

പ്രവേശന നടപടിയുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന് ഐഐഎം ഇന്ദോര്‍ കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. അതേസമയം പത്താം ക്ലാസ് മാര്‍ക്കുകള്‍ക്ക് പത്ത് ശതമാനം വെയിറ്റേജാണ് ലഭിക്കുക. CAT 2025 പരീക്ഷയുടെ മാര്‍ക്കും ഇതിന്റെ കൂടെ പരിഗണിക്കും. പ്രവൃത്തിപരിചയത്തിനും മാര്‍ക്കുണ്ട്. ഈ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയാണ് 2026 ജനുവരിയില്‍ അഭിമുഖത്തിനായി ക്ഷണിക്കുക.

ഓഫ്‌ലൈനായിട്ടാണ് അഭിമുഖം നടക്കുക. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, ഇന്ദോര്‍, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വെച്ചാണ് അഭിമുഖം നടത്തുക. ചിലപ്പോള്‍ ഓണ്‍ലൈനായിട്ടും അഭിമുഖം നടത്തും. അന്തിമ തിരഞ്ഞെടുപ്പില്‍ അഭിമുഖത്തിന് ലഭിക്കുന്ന മാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കും.

ഒരോ വിഭാഗത്തിനും പ്രത്യക സംവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍സി-ഒബിസിക്ക് 27 ശതമാനം, എസ്‌സി വിഭാഗത്തിന് 15 ശതമാനം, എസ്ടി വിഭാഗത്തിന്  7.5 ശതമാനം, ഇഡബ്ല്യുഎസിന് പരമാവധി 10 ശതമാനം, പിഡബ്ല്യുഡി ഉദ്യോഗാര്‍ഥികള്‍ക്ക് 5 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍. കട്ട്ഓഫ് മാര്‍ക്ക് നേടുന്നത്‌ കൊണ്ട് മാത്രം അഭിമുഖത്തിന് ക്ഷണിക്കണമെന്നില്ല എന്ന് പ്രസിദ്ധീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: IIM Indore announces PG program admission for 2026-28. Check eligibility, CAT 2025 cut-offs, selection process, and interview details.