പേഴ്‌സണൽ ഫിനാൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സുമായി IIM ബാംഗ്ലൂർ; വിശദാംശങ്ങൾ അറിയാം

ഫിനാൻസ് പ്ലാനിങ് സ്റ്റാൻഡേർഡ്‌സ് ബോർഡുമായി (FPSB) സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂർ പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചു. പേഴ്‌സണൽ ഫിനാൻസ് ആൻഡ് വെൽത്ത് അഡൈ്വസറി എന്ന വിഷയത്തിലാണ് സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചത്. താൽപര്യമുള്ള വിദ്യാർഥികൾക്ക് 2026 ഫെബ്രുവരി 26 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
2026 മാർച്ച് 27- ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് കോഴ്‌സ്. ഐഐഎംബിയുടെ സെന്റർ ഫോർ കാപിറ്റൽ മാർക്കറ്റ്‌സ് ആൻഡ് റിസ്‌ക് മാനേജ്‌മെന്റിലെ എക്‌സിക്യൂട്ടീവ് എജ്യുക്കേഷൻ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രചാരം വർധിപ്പിക്കുന്നതിനായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നടത്തുന്ന സഹകരണത്തിന്റെ ഭാഗമാണ് ഇതെന്ന് എഫ്പിഎസ്ബി അറിയിച്ചു.
യോഗ്യതാ മാനദണ്ഡങ്ങൾ
- പേഴ്‌സണൽ ഫിനാൻസ്, വെൽത്ത് അഡൈ്വസറി മേഖലകളിലുള്ള ജോലികൾ താൽപര്യമുള്ളവർക്ക് വേണ്ടിയാണ് കോഴ്‌സ്.
- എൻജിനീയറിങ്, സയൻസ്, കൊമേഴ്‌സ്, അല്ലെങ്കിൽ ആർട്‌സ് വിഷയങ്ങളിലുള്ള ബിരുദം.
- സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.
ബാങ്കുകൾ, എൻബിഎഫ്സി, എഎംസി, ഇൻഷുറൻസ് കമ്പനികൾ (ലൈഫ്, നോൺ-ലൈഫ്), നിക്ഷേപ സ്ഥാപനങ്ങൾ, ഫാമിലി ഓഫീസുകൾ, ആർഐഎകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് ഇത് പ്രയോജനകരമാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐഎം ബാംഗ്ലൂർ എക്‌സിക്യൂട്ടീവ് എജ്യുക്കേഷൻ പ്രോഗ്രാമിന്റെ പൂർവ്വ വിദ്യാർഥി എന്ന അംഗീകാരം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കിയാൽ എഫ്പിഎസ്ബി ഇന്ത്യ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായി അംഗീകൃത സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ സർട്ടിഫിക്കേഷൻ യോഗ്യതയും നേടാം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റായ eep.iimb.ac.in സന്ദർശിക്കുക
Content Highlights: IIM Bangalore partners with FPSB India to offer a new certificate program in Personal Finance & Wealth Advisory. Learn essential skills and advance your career.