ഡാറ്റാ സയൻസ്, എ.ഐ കോഴ്സുകളിലേക്ക് ഐസിടാക് അപേക്ഷ ക്ഷണിച്ചു

എറണാകുളം: കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) എറണാകുളം കച്ചേരിപ്പടിയിലുള്ള ലേണിങ് ഹബ്ബിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് എന്നീ അത്യാധുനിക പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വ്യവസായ മേഖലകളിൽ വർദ്ധിച്ചുവരുന്ന ഓട്ടോമേഷൻ, എ.ഐ അധിഷ്ഠിത തൊഴിലവസരങ്ങൾ എന്നിവ അനായാസം പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഡീപ് ലേണിങ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), കമ്പ്യൂട്ടർ വിഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ അറിവ് നൽകുന്നതാണ് എ.ഐ ആൻഡ് മെഷീൻ ലേണിങ് കോഴ്സ്.
പഠിച്ചിറങ്ങുന്ന ആദ്യ ദിനം മുതൽ തന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തരായ പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകൾ ഐസിടാക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബിരുദധാരികൾക്കും ഐടി മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്ന മറ്റ് പ്രൊഫഷണലുകൾക്കും വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യം നേടാൻ പരിശീലനം സഹായിക്കും.
പൂർണ്ണമായും ഓഫ്‌ലൈൻ രീതിയിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ കാലാവധി അഞ്ച് മാസമാണ്. വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽപരിചയം ഉറപ്പാക്കുന്നതിനായി ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായോഗിക പരിശീലന സെഷനുകൾ, വ്യവസായ മേഖലയിലെ വിദഗ്ധരുമായുള്ള ആശയവിനിമയം, കാപ്സ്റ്റോൺ പ്രോജക്റ്റുകൾ, ഇന്റർവ്യൂ നേരിടുന്നതിനുള്ള പ്രത്യേക പരിശീലനം എന്നിവയെല്ലാം പഠനപദ്ധതിയുടെ ഭാഗമാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച പ്ലേസ്‌മെൻ്റ് സഹായവും തൊഴിൽ നൈപുണ്യ പരിശീലനവും ലഭിക്കും. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരവുമുണ്ട്.
താൽപ്പര്യമുള്ളവർ 2026 ജൂൺ 5-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. സീറ്റുകൾ പരിമിതമായതിനാൽ മുൻഗണനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ സമർപ്പിക്കുന്നതിനായി https://ictkerala.org/en/interest/ എന്ന ലിങ്ക് സന്ദർശിക്കുക.
Content Highlights: The ICT Academy of Kerala (ICTAK) has invited applications for its five-month offline Industry Readiness Programs in Data Science and AI/Machine Learning at the Ernakulam Learning Hub, offering internship and placement assistance for applications submitted before June 5, 2026.