സാങ്കേതിക തടസ്സം; 'നാറ്റ'യെഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍

മലപ്പുറം: ശനിയാഴ്ച നടന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്വർ (നാറ്റ) പ്രവേശനപ്പരീക്ഷയെഴുതാനാകാതെ നൂറുകണക്കിന് വിദ്യാർഥികൾ. ഓൺലൈനായി നടത്തിയ പരീക്ഷ പലയിടങ്ങളിലും ലൈനിലെ തടസ്സംമൂലം പൂർത്തിയാക്കാനായില്ല. അതേസമയം, ഇതിന്റെ ഫലം വ്യാഴാഴ്ച വരാനിരിക്കുകയാണ്.
അഞ്ചുവർഷ ബി.ആർക് ഡിഗ്രി പ്രവേശനത്തിനുള്ള പരീക്ഷയാണ് നാറ്റ. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്.
പല കേന്ദ്രങ്ങളിലും സാങ്കേതികതടസ്സങ്ങളുണ്ടായി. രാജ്യവ്യാപകമായിത്തന്നെ സെർവർ പ്രശ്നങ്ങൾ കാരണം പരീക്ഷാനടത്തിപ്പ് തടസ്സപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ വ്യാപകമായ പരാതിയാണ് നാറ്റ സെല്ലിൽ ലഭിച്ചിട്ടുള്ളത്. ഒട്ടേറേ വിദ്യാർഥികൾ ടെലിഗ്രാമടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും പ്രശ്നങ്ങൾ വിശദീകരിച്ച് പോസ്റ്റുകളിട്ടു.
കോവിഡ് സാഹചര്യത്തിൽ കേന്ദ്രങ്ങളിലെത്താതെ വീട്ടിലിരുന്നും പരീക്ഷയെഴുതാൻ സൗകര്യംചെയ്തിരുന്നു. കേരളത്തിൽ ഇങ്ങനെ വീടുകളിൽ പരീക്ഷയെഴുതിയവരാണ് കൂടുതലും വെട്ടിലായത്.
രാവിലെ 10 മുതൽ 12.15 വരെയാണ് സമയം. ഓൺലൈൻ ബന്ധം നിരന്തരം വിച്ഛേദിക്കപ്പെടുകയായിരുന്നു. പലതവണ വീണ്ടും ശ്രമിച്ചിട്ടും ഒട്ടേറേപ്പേർക്ക് പരീക്ഷയെഴുതാനായില്ല. 2000 രൂപയാണ് ഓരോരുത്തരും ഫീസടച്ചത്. അവസരം നഷ്ടപ്പെട്ട നിലമ്പൂർ സ്വദേശി പി.എം. ഗൗതം ശങ്കർ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും മാനവവിഭവശേഷി മന്ത്രിക്കും പരാതിനൽകി. പരീക്ഷാഫലപ്രഖ്യാപനം നീട്ടിവെക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.
വെബ്ക്യാമറ ഓണായിട്ടും സ്ക്രീനിൽ ഒന്നും കാണാനില്ലാത്ത അവസ്ഥയായിരുന്നുവെന്ന് ഗൗതം പറഞ്ഞു. പലതവണ ഡൽഹിയിലെ ഹെൽപ്പ് ഡെസ്കിൽ വിളിച്ചതിനുശേഷമാണ് കിട്ടിയത്. വീണ്ടും അവസരം കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് 2000 രൂപ ഫീസടച്ച് അടുത്ത 12-ന് നടക്കുന്ന പരീക്ഷയെഴുതാം. ആ പരീക്ഷയെങ്കിലും തടസ്സമില്ലാതെ നടത്താനുള്ള സജ്ജീകരണം അധികൃതർ ഒരുക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
Content Highlights: Hundreds of students could not write NATA exam due to poor internet connection and technical issues
Content Highlights: