'താസമം', 'നീലകണുശൈലം'; പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറിൽ അടിമുടി അക്ഷരപ്പിശാച്

കേരളത്തിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയത്തിന്റെ നിലവാരത്തെചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ തന്നെ അക്ഷരത്തെറ്റുകൾ കൊണ്ട് വിദ്യാർഥികളെ വഴിതെറ്റിക്കുകയാണ്. 2025-ലെ ഹയര്‍സെക്കൻഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിനെയാണ് അടിമുടി അക്ഷരപ്പിശാച് വിഴുങ്ങിയിരിക്കുന്നത്. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്.
'താമസ'ത്തെ 'താസമം' എന്നും 'നീലകണ്ഠശൈല'ത്തെ 'നീലകണുശൈല'മെന്നും 'കാതോര്‍ക്കും' എന്ന പദത്തെ 'കാരോര്‍ക്കു'മെന്നും 'വലിപ്പത്തില്‍' എന്ന വാക്കിനെ 'വലിപ്പിത്തി'ലെന്നും 'ഉല്‍ക്കണ്ഠകളെ' 'ഉല്‍ക്കണങ്ങളെ'ന്നും 'ആധി'യെ 'ആധിയ'മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നത്.
Content Highlights: higher secondary malayalam question paper spelling mistake controversy discussion