50% ബ്ലോക്കുണ്ടെങ്കിലും നെഞ്ചുവേദന ഇല്ലാത്തതെന്തുകൊണ്ട്? ഹൃദയചികിത്സയെക്കുറിച്ച് അറിയേണ്ടതെല്ലാം

#ഡോ. ഷെഫീഖ് മാട്ടുമ്മല്‍
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

രക്തക്കുഴലുകളിലെ ചുരുങ്ങൽ എത്രത്തോളം ഗുരുതരമാണ്, രോഗലക്ഷണങ്ങൾ എന്തൊക്കെ, ഏതെല്ലാം രക്തക്കുഴലുകളെയാണ് ബാധിച്ചത്, ബ്ലോക്കിന്റെ സ്വഭാവം, കാഠിന്യം, പന്പിങ്ങിനെ ബാധിച്ചിട്ടുണ്ടോ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് തുടർചികിത്സ തീരുമാനിക്കുക. പ്രധാനമായും മൂന്ന് ചികിത്സാരീതികളാണ് നിലവിലുള്ളത്.
മരുന്നുകളും ജീവിതശൈലീ മാറ്റങ്ങളും

മരുന്നുചികിത്സ പ്രധാനമായും അപകടഘടകങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സ്റ്റാറ്റിൻ മരുന്നുകൾ, രക്തം കട്ടപിടിക്കുന്നത് തടയാൻ ആസ്പിരിൻ മരുന്നുകൾ, ഹൃദയത്തിന് ആയാസം കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, കൊഴുപ്പുകുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സുരക്ഷിതമായ രീതിയിൽ വ്യായാമം ചെയ്യുക, മാനസിക സമ്മർദം, വിഷാദം എന്നിവ കുറയ്ക്കുക എന്നിവയാണ് ജീവിതശൈലി നിയന്ത്രണങ്ങളിൽ ഉള്ളത്. ഇത് ഭാവിയിൽ രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
ചെറിയ മുറിവിലൂടെ ചെയ്യുന്ന ശസ്ത്രക്രിയകൾ 

ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും ഇതിൽ ഉൾപ്പെടുന്നു. ഒരു നേർത്ത വയർ രക്തക്കുഴലിലൂടെ കടത്തിവിട്ട് അതിലൂടെ തടസ്സമുള്ള ഭാഗത്ത് ബലൂൺ എത്തിക്കും. തുടർന്ന് പ്ലാക്ക് ഇരുവശത്തേക്കും മാറ്റി രക്തക്കുഴൽ അടഞ്ഞുപോകാതിരിക്കാൻ ഒരു ചെറിയ ലോഹവല (ടലേി)േ അവിടെ സ്ഥാപിക്കുകയും ചെയ്യുന്നു.
ഓപ്പൺ സർജറി (ബൈപാസ് സർജറി): അതീവ ഗുരുതരമായതോ ഒന്നിലധികം സ്ഥലങ്ങളിൽ ഉള്ളതോ ആയ തടസ്സങ്ങൾ പരിഹരിക്കാൻ ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്ന് ആരോഗ്യകരമായ രക്തക്കുഴലുകൾ എടുത്ത് തടസ്സമുള്ള ഭാഗത്തെ ഒഴിവാക്കി രക്തം ഒഴുകാനുള്ള പുതിയ പാത ഒരുക്കുന്നു.
കൊറോണറി ആൻജിയോഗ്രഫിയിൽ ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകളിലെ ബ്ലോക്ക് മാത്രമേ വിലയിരുത്താനാകൂ എന്നത് ശരിയാണോ?
ആൻജിയോഗ്രാം എന്നത് ഹൃദയത്തിന്റെ രക്തക്കുഴലുകളെ പഠിക്കാനുള്ള ഒരു പരിശോധന മാത്രമാണ്. ഈ പരിശോധനയ്ക്കായി കത്തീറ്റർ എന്ന് വിളിക്കുന്ന ഒരു ട്യൂബും, പിന്നെ രക്തക്കുഴലുകൾ നഗ്‌നനേത്രങ്ങൾകൊണ്ട് കാണുന്നതിനുള്ള കോൺട്രാസ്റ്റ് അല്ലെങ്കിൽ ഡൈ എന്നിവയുമാണ് ഉപയോഗിക്കുന്നത്.
കൈയിലെയോ കാലിലെയോ രക്തക്കുഴലിലൂടെ കടത്തിവിടുന്ന കത്തീറ്റർ, ഹൃദയരക്തധമനിയിൽ എത്തിയാൽ അതിലൂടെ ഡൈ കടത്തിവിടുന്നു. ശേഷം എക്‌സ്-റേയുടെ സഹായത്തോടെ രക്തക്കുഴലുകൾ പരിശോധിക്കുന്നു. ഇതിലൂടെ രക്തക്കുഴലിലെ വലിയ തടസ്സങ്ങൾ, പ്ലാക്ക് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അതിന്റെ തോത്, രക്തക്കുഴൽ വീർത്തുണ്ടാകുന്ന അവസ്ഥയായ അന്യൂറിസം, വലിയ രക്തക്കട്ടകൾ, രക്തക്കുഴലിന്റെ വിള്ളലുകൾ (ഡിസെക്ഷൻ) എന്നിവ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നു. കൂടാതെ വളരെ സൂക്ഷ്മമായ കാപ്പിലറികൾ സാധാരണ ആൻജിയോഗ്രാമിൽ കാണാത്തത്രയും ചെറുതാണ്.
വലിയ രക്തക്കുഴലുകളെപ്പോലെ ഇത്തരത്തിലുള്ള സൂക്ഷ്മമായ രക്തക്കുഴലുകളെയും രോഗങ്ങൾ ബാധിക്കാറുണ്ട്. ഇവയെ മൈക്രോവാസ്‌കുലാർ ഡിസീസ് എന്ന് പൊതുവേ പറയുന്നു. പ്രധാന ധമനികളിൽ പൂർണമായ രക്തയോട്ടം വ്യക്തമായി കണ്ടാലും, ഇത്തരം ചെറിയ രക്തക്കുഴലുകളിൽ രക്തയോട്ടം കുറയുകയോ അല്ലെങ്കിൽ അവയ്ക്ക് സങ്കോചം ഉണ്ടാവുകയോ ചെയ്യാം.
ഇത്തരം സൂക്ഷ്മ രക്തക്കുഴലുകളുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിന് സാധാരണ ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള ആൻജിയോഗ്രാമിന് പകരം, രക്തയോട്ടം അളക്കുന്നതിനുള്ള സി.എം.ഡി.(ഇീൃീിമൃ്യ ങശരൃീ്മരൌഹമൃ ഉ്യളൌിരശേീി) പോലുള്ള പ്രത്യേക പരിശോധനകളാണ് വേണ്ടത്.
50 ശതമാനത്തോളം ബ്ലോക്ക് ഉള്ളയാൾക്കും നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

50 ശതമാനം എന്നത് ഒരു രക്തക്കുഴലിന്റെ പകുതിഭാഗം അടഞ്ഞ അവസ്ഥയാണ്. ശേഷിക്കുന്ന തുറന്ന ഭാഗത്തിലൂടെ വിശ്രമവേളയിലോ സാധാരണ ദൈനംദിന പ്രവർത്തനങ്ങളിലോ ഹൃദയപേശികൾക്ക് ആവശ്യമായ അളവിൽ രക്തവും ഓക്‌സിജനും എത്തിക്കാൻ സാധിക്കും. സാധാരണ ഗതിയിൽ കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോൾ ഹൃദയത്തിന് ഒരു നിശ്ചിത അളവിലുള്ള രക്തം മാത്രമേ ആവശ്യമുള്ളൂ. പകുതിയോളം അടഞ്ഞ ധമനിയിലൂടെയും ഇതിന് ആവശ്യമായ രക്തം എത്തിക്കാൻ സാധിക്കും.
ഹൃദയത്തിന്റെ രക്തധമനികളിൽ 70 ശതമാനത്തിലധികം ചുരുക്കം സംഭവിക്കുകയും ശാരീരിക അധ്വാനം ഉണ്ടാകുമ്പോൾ രക്തം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന അവസ്ഥയിലല്ലാതെ സാധാരണയായി നെഞ്ചുവേദന ഉണ്ടാകാറില്ല. പ്ലാക്ക് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് കാലാന്തരങ്ങളിൽ അടിഞ്ഞുകൂടിയാണ് രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുന്നത്. പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ സാവധാനത്തിലുള്ള അതായത് വർഷങ്ങളെടുത്ത് ഉണ്ടാകുന്ന മാറ്റം, സാഹചര്യങ്ങളുമായി ഒത്തുപോകാനും പൊരുത്തപ്പെടാനും ഹൃദയത്തിന് സമയം നൽകും.
രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കുന്നത് എന്തൊക്കെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്?
ഒരു രോഗിക്ക് ഹൃദയധമനിയിൽ ബ്ലോക്ക് കണ്ടെത്തിയാൽ അത് പരിഹരിക്കാൻ ആൻജിയോപ്ലാസ്റ്റിയാണോ ബൈപാസ് ആണോ വേണ്ടത് എന്ന് തീരുമാനിക്കുന്നത് ചില ഘടകങ്ങളെ ആശ്രയിച്ചാണ്.
ബ്ലോക്കുകളുടെ എണ്ണം: ഹൃദയത്തിന്റെ ഒന്നോ രണ്ടോ മൂന്നോ (നീളം കുറഞ്ഞവ) രക്തക്കുഴലുകളിൽ മാത്രം ബ്ലോക്ക് ഉള്ളവർക്ക് ആൻജിയോപ്ലാസ്റ്റിയാണ് അഭികാമ്യം. എന്നാൽ കൂടുതൽ നീളത്തിലുള്ള (ഉശളളൗലെ ടലേിീശെ)െ രക്തധമനികളിൽ ബ്ലോക്കുകൾ ഉള്ളവർക്ക് ഇത് അനുയോജ്യമല്ല.
അടിയന്തര സാഹചര്യങ്ങൾ: കടുത്ത ഹൃദയാഘാതം ഉണ്ടാകുമ്പോൾ, അടഞ്ഞുപോയ ഹൃദയരക്തധമനികൾ അടിയന്തരമായി തുറന്ന് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനും ഹൃദയപേശികളെ സംരക്ഷിക്കാനും ആൻജിയോപ്ലാസ്റ്റിയാണ് അഭികാമ്യം.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അപകടസാധ്യത കൂടുതലുള്ളവർ, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ താങ്ങാൻ കഴിയാത്തവർ, പ്രായാധിക്യം ഉള്ളവർ എന്നിവർക്കും ആൻജിയോപ്ലാസ്റ്റിയാണ് ഉത്തമം.
രോഗികളുമായി ബന്ധപ്പെട്ട മുൻഗണനകൾ പരിഗണിക്കുമ്പോൾ, രോഗിയുടെ ദൈനംദിന ജീവിതത്തിനും ശാരീരികശേഷിക്കും വേഗത്തിലുള്ള രോഗമുക്തി അനിവാര്യമാകുമ്പോൾ ആൻജിയോപ്ലാസ്റ്റിയാണ് ഒരുപടി മുന്നിലുള്ളത്.
ആൻജിയോപ്ലാസ്റ്റിക്കുശേഷം എന്തൊക്കെ പരിശോധനകൾ നടത്തിയാണ് രോഗിയുടെ ആരോഗ്യം ഉറപ്പുവരുത്തുക?
ആൻജിയോപ്ലാസ്റ്റിക്കുശേഷവും, രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനും, ഭാവിയിൽ രക്തക്കുഴലുകളിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് തടയാനും കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനകളും രോഗനിർണയ പരിശോധനകളും നടത്തണം. അതിൽ പ്രധാനമായവ ഇവയാണ്:
ലിപിഡ് പ്രൊഫൈൽ: കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് സുരക്ഷിതമായ പരിധിയിലാണെന്ന് ഉറപ്പാക്കാനും സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനും ഇത് സഹായിക്കും.
പ്രമേഹ പരിശോധന: പ്രമേഹം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കാൻ എച്ച്.ബി.എ.വൺ.സി. അല്ലെങ്കിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ എന്നിവ പരിശോധിക്കണം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
ഇ.സി.ജി: ഹൃദയമിടിപ്പിൽ താളപ്പിഴകളോ, രക്തയോട്ടക്കുറവ് മൂലം ഹൃദയപേശികളുടെ പ്രവർത്തനത്തിൽ മാറ്റമോ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ഇ.സി.ജി. ടെസ്റ്റ് ആവശ്യമാണ്.
എക്കോ ടെസ്റ്റ്: ഹൃദയപേശികളുടെ പ്രവർത്തനം, ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള ശേഷി, ഹൃദയ വാൽവുകളുടെ അവസ്ഥ എന്നിവ വിലയിരുത്തുന്നതിനായി എക്കോകാർഡിയോഗ്രാം ടെസ്റ്റ് ചെയ്യുന്നു.
വൃക്ക-കരൾ എന്നിവയുടെ പരിശോധനകൾ: കഴിക്കുന്ന മരുന്നുകൾ രോഗിയുടെ ശരീരം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്രിയാറ്റിനി ൻ, ഇലക്ട്രോലൈറ്റുകൾ, കരൾ എൻസൈമുകൾ എന്നിവയുടെ പരിശോധനകൾ ആവശ്യമാണ്.
ആൻജിയോപ്ലാസ്റ്റി ചെയ്ത് രോഗി ആശുപത്രി വിട്ടശേഷം സാധാരണ രീതിയിൽ 1-3 ആഴ്ചയ്ക്കുള്ളിലാണ് ലാബ് ഫലങ്ങൾ വിലയിരുത്തി സുഖം പ്രാപിക്കുന്നതിന്റെ പുരോഗതി കണക്കാക്കുന്നത്.
മരുന്നുകളിൽ മാറ്റം വരുത്തുന്നതിനും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പിക്കുന്നതിനുമായി ഇടക്കാല പരിശോധന 3-6 മാസത്തെ ഇടവേളകളിൽ നടത്തുന്നു. ദീർഘകാല ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് കാർഡിയോളജിസ്റ്റിനെ കണ്ട് വർഷത്തിലൊരിക്കൽ ഇതേ പരിശോധനകൾ ആവർത്തിക്കേണ്ടതാണ്.
ത്രോംബോലൈറ്റിക് തെറാപ്പിയാണോ പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണോ കൂടുതൽ ഗുണകരം?
അക്യൂട്ട് ഹാർട്ട് അറ്റാക്ക് ചികിത്സിക്കുന്നതിന് ഏറ്റവും അഭികാമ്യം പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണ്. കാരണം, അടഞ്ഞ രക്തക്കുഴൽ ഫലപ്രദമായി തുറക്കാനും അപകട സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. അടഞ്ഞ രക്തക്കുഴലിലെ രക്തക്കട്ടകൾ നീക്കം ചെയ്ത് അവിടെ സ്റ്റെന്റ് ഘടിപ്പിക്കുന്നു. കാത്ത് ലാബ് സംവിധാനങ്ങളുള്ള ആശുപത്രികളിൽ മാത്രമേ ഇത് സാധിക്കൂ എന്നുള്ളതാണ് ഇതിന്റെ പോരായ്മ.
ത്രോംബോലൈറ്റിക് തെറാപ്പിയിൽ രക്തക്കട്ടകൾ അലിയിക്കാനുള്ള മരുന്നുകൾ സിരയിലൂടെ കുത്തിവയ്ക്കും. ഇത്തരം മരുന്നുകൾ വേഗത്തിൽ ലഭിക്കുമെങ്കിലും രക്തസ്രാവത്തിനും പക്ഷാഘാതത്തിനും ഇവ കാരണമാകാം. മാത്രമല്ല, ഈ മരുന്നുകൾ കുത്തിവെച്ചാൽ രക്തക്കുഴലുകൾ പൂർണമായും തുറക്കണമെന്നുമില്ല. ഇതിനെ ഫെയിൽഡ് ത്രോംബോലിസിസ് എന്ന് പറയുന്നു. ഇത്തരം ആളുകളിലും അടിയന്തര ആൻജിയോപ്ലാസ്റ്റി അനിവാര്യമാണ്.
കാത്ത് ലാബ് സൗകര്യങ്ങളുള്ള ആശുപത്രി അടുത്തില്ലെങ്കിൽ ത്രോംബോലിസിസ് മികച്ച പ്രഥമ ചികിത്സ എന്ന നിലയിൽ ആശ്വാസകരമാണ്. ശേഷം കാത്ത് ലാബ് സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് രോഗിയെ മാറ്റുന്നു.
ആൻജിയോപ്ലാസ്റ്റിയോ ബെപ്പാസ് സർജറിയോ അനുയോജ്യരല്ലാത്ത രോഗികളിൽ മറ്റ് എന്ത് ചികിത്സയ്ക്കുള്ള സാധ്യതയാണുള്ളത്?
ആൻജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സർജറിയോ അനുയോജ്യമല്ലാത്തവരിൽ സാധാരണയായി മരുന്നുകൾകൊണ്ടുള്ള മെച്ചപ്പെട്ട ചികിത്സയാണ് പ്രധാനമായും നടത്താറുള്ളത്. ഇതിനെ ഒപ്റ്റിമൽ മെഡിക്കൽ തെറാപ്പി എന്ന് പറയുന്നു. അതായത് ഹൃദയത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിനും, നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മരുന്നുകളാണ് പ്രധാനമായും നൽകുക.
ബീറ്റാ ബ്ലോക്കറുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ, ദീർഘനേരം പ്രവർത്തിക്കുന്ന നൈട്രേറ്റ്, റാണോലാസിൻ തുടങ്ങിയ മരുന്നുകൾ ഹൃദയമിടിപ്പ് ലഘൂകരിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. സ്റ്റാറ്റിനുകളും രക്തം നേർപ്പിക്കുന്നതിനുള്ള ഔഷധങ്ങളും നിലവിലുള്ള പ്ലാക്ക് വളരുന്നത് തടയാനും സഹായിക്കുന്നു.
മരുന്നുകൾ കൂടാതെ നോൺ ഇൻവേസീവ് സർക്കുലേഷൻ തെറാപ്പികൾ ലഭ്യമാണ്. അതിൽ പെടുന്നതാണ് ഋഋഇജയും ഋടണഠയും.
ഋഋഇജ എന്നാൽ എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർ പൾസേഷൻ. ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനുള്ള ചെറിയ പ്രകൃതിദത്ത ബൈപാസുകൾ (ഇീഹഹമലേൃമഹ)െ ഉണ്ടാകുന്നതിനായി ഹൃദയമിടിപ്പിനൊപ്പം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു കഫ് കാലുകളിൽ കെട്ടിവയ്ക്കുന്ന ചികിത്സാരീതിയാണിത്.
എക്സ്ട്രാകോർപോറിയൽ ഷോക്ക് വേവ് തെറാപ്പി (ഋടണഠ )എന്നാൽ തീവ്രത കുറഞ്ഞ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ഹൃദയപേശികളിൽ പുതിയ സൂക്ഷ്മ രക്തക്കുഴലുകൾ വളരാൻ സഹായിക്കുന്ന ചികിത്സയാണ്.
ആൻജിയോപ്ലാസ്റ്റിയെക്കാൾ നൂതനമായ മറ്റൊരു ചികിത്സാരീതിയാണ് കോറോണറി സൈനസ് റെഡ്യൂസർ. ഹൃദയത്തിൽനിന്നുള്ള പ്രധാന സിരകളിൽ സ്ഥാപിക്കുന്ന മണൽ ഘടികാരത്തിന്റെ ആകൃതിയിലുള്ള ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണമാണിത്. ചികിത്സിച്ച് മാറ്റാനാകാത്ത കഠിനമായ നെഞ്ചുവേദനയെ ശമിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ബൈപ്പാസ് ചെയ്യാൻ കഴിയാത്ത അപൂർവം ചിലതരം ബ്ലോക്കുകളിൽ ഒരു പാലിയേറ്റീവ് രീതിയിൽ താത്ക്കാലിക വേദനാശമനത്തിനായി ഇവ ഉപയോഗിക്കാവുന്നതാണ്.
കഠിനമായതും സ്ഥിരവുമായ നെഞ്ചുവേദന കൈകാര്യം ചെയ്യുന്നതിനും തടയുന്നതിനുമായി സുഷുമ്‌നാനാഡി ഉത്തേജനം (ടഇട) പോലുള്ള ന്യൂറോമോഡുലേഷൻ തെറാപ്പികളും ഇന്ന് ലഭ്യമാണ്.
കൂടാതെ ശാരീരികശേഷിയും, ഹൃദയശേഷിയും സുരക്ഷിതമായി മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക മേൽനോട്ടത്തിലുള്ള വ്യായാമമുറകൾ, രോഗത്തെക്കുറിച്ചുള്ള അവബോധ പരിപാടികൾ എന്നിവയും ചികിത്സയുടെ ഭാഗമാണ്.
രക്തസമ്മർദം, പ്രമേഹം എന്നിവ പൂർണമായും നിയന്ത്രിക്കുന്നതും പുകവലി പൂർണമായും ഉപേക്ഷിക്കുന്നതും അനിവാര്യമാണ്.

എല്ലാ ബ്ലോക്കിനും സ്റ്റെന്റ് ഇടാൻ സാധിക്കുമോ? സ്റ്റെന്റ് ഇടാൻ പറ്റാത്ത സാഹചര്യത്തിൽ എന്ത് ചെയ്യും? സ്റ്റെന്റ് ഇട്ടില്ലെങ്കിൽ വീണ്ടും ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂടുമോ?

എല്ലാ ബ്ലോക്കുകളും സ്റ്റെന്റ് ചെയ്യാൻ കഴിയില്ല. സങ്കീർണമായ തടസ്സങ്ങളുള്ള, വളരെയധികം കാൽസ്യം അടിഞ്ഞുകൂടിയ രണ്ടോ അതിലധികമോ രക്തക്കുഴലുകളിലെ ബ്ലോക്കുകളിൽ ആൻജിയോപ്ലാസ്റ്റി ഫലപ്രദമാവില്ല. എന്നാൽ, കാൽസ്യം നീക്കംചെയ്യുന്ന നൂതനമായ ചില മാർഗങ്ങൾ ഇപ്പോഴുമുണ്ട്.
കഠിനമായ ഹൃദയാഘാതംപോലുള്ള അടിയന്തരഘട്ടങ്ങളിൽ ഉടനടി സ്റ്റെന്റിങ് ആവശ്യമാണ്. എന്നാൽ, സ്ഥിരതയുള്ളതോ നേരിയതോ ഗുരുതരമല്ലാത്തതോ ആയ തടസ്സങ്ങൾക്ക് സ്റ്റെന്റിങ് ആവശ്യമില്ല.
സ്റ്റെന്റിങ്ങിന് പുറമേയുള്ള മറ്റ് മാർഗങ്ങൾ പ്രധാനമായും മരുന്നുകളും ജീവിതശൈലീനിയന്ത്രണവുമാണ്. രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്നുകൾ, സ്റ്റാറ്റിനുകൾ എന്നിവയ്‌ക്കൊപ്പം പുകവലി നിർത്തൽ, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവകൂടി പാലിച്ചാൽ, ഫലപ്രദമായി ഹൃദയത്തിലെ തടസ്സങ്ങൾ നിയന്ത്രിക്കാൻ കഴിയും.
രണ്ടോ അതിലധികമോ രക്തക്കുഴലുകളിലെ കഠിനമായ ബ്ലോക്കും ഇടത് പ്രധാന ധമനിയിലെ തടസ്സവും പരിഹരിക്കാനാണ് ഓപ്പൺ ഹാർട്ട് സർജറി പലപ്പോഴും മുൻഗണന നൽകുന്നത്.
മറ്റൊരു നൂതനസംവിധാനമാണ് മരുന്ന് ലേപനം ചെയ്ത ബലൂണുകൾ അഥവാ ഡി.സി.ബി. അല്ലെങ്കിൽ മെറ്റൽലെസ് ആൻജിയോപ്ലാസ്റ്റി. ബലൂൺ മുഖാന്തരം മരുന്ന് രക്തക്കുഴലിന്റെ ഭിത്തിയിൽ പുരട്ടുന്ന മാർഗമാണിത്.
ഗുരുതരമല്ലാത്ത ഒരു ബ്ലോക്ക് സ്റ്റെന്റ് ചെയ്യാതെ മരുന്നുകൾ ഉപയോഗിച്ചുമാത്രം ചികിത്സിക്കുന്നത് ആവർത്തിച്ചുള്ള ഹൃദയാഘാതത്തിനുള്ള ദീർഘകാല സാധ്യത വർധിപ്പിക്കുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗുരുതരവും ഉയർന്ന അപകടസാധ്യതയുള്ളതുമായ 'അസ്ഥിരമായ ഹൃദയാഘാതം' (ഡിേെമയഹല ഇീൃീിമൃ്യ അൃലേൃ്യ ഉശലെമലെ) ചികിത്സിക്കാതെ വിടുന്നത് വലിയ ഹൃദയാഘാതത്തിനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.
ബൈപ്പാസ് സർജറി
കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ബൈപ്പാസ് ശസ്ത്രക്രിയക്കുശേഷമുള്ള പരിചരണത്തിൽ പ്രത്യേകം ശ്രദ്ധ വേണം. മുറിവ് കൃത്യമായി കൈകാര്യം ചെയ്യണം. ക്രമാനുഗതമായി വേണം ശാരീരികപ്രവർത്തനങ്ങൾ ആരംഭിക്കാൻ. ഹൃദയാരോഗ്യപരമായ പോഷകാഹാരവും കൃത്യമായ മരുന്നുകളും കഴിക്കണം. ഇത്തരത്തിൽ ആറുമുതൽ പന്ത്രണ്ടുവരെ ആഴ്ച കൃത്യമായ ശ്രദ്ധ ആവശ്യമാണ്. നെഞ്ചിലെയും കാലിലെയും മുറിവുകൾ വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കണം. കഠിനമായി ഉരയ്ക്കരുത്. സോപ്പും വെള്ളവും ഉപയോഗിച്ച് ആ ഭാഗം പതുക്കെ കഴുകുക.
പനി , മുറിവിൽ ചുവപ്പ്, നീർവീക്കം, പഴുപ്പ് എന്നിവ ഉണ്ടാകുന്നത് അണുബാധയുടെ ലക്ഷണമാണ്. അത് ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ ലോഷനുകൾ, പൊടികൾ, ഓയിന്റ്‌മെന്റുകൾ എന്നിവ മുറിവിൽ പുരട്ടുത് (അംഗീകാരമില്ലാത്തവ പ്രത്യേകിച്ചും).
രക്തചംക്രമണം വർധിപ്പിക്കുന്നതിന് ദിവസവും ഇടയ്ക്കിടെയുള്ള നടത്തം നല്ലതാണ്. ആദ്യത്തെ ഏതാനും ആഴ്ചകൾ ഭാരമുള്ള വസ്തുക്കൾ (23 കിലോഗ്രാം) ഉയർത്തുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ, ഭാരമുള്ള വസ്തുക്കൾ തള്ളുന്നതും വലിക്കുന്നതും ഒഴിവാക്കുക. ഡോക്ടറുടെ അനുമതി ലഭിക്കുന്നതുവരെ വാഹനം ഓടിക്കരുത്.
പച്ചക്കറികൾ, പഴങ്ങൾ, തവിടോടുകൂടിയ ധാന്യപ്പൊടികൾ, മത്സ്യം, തൊലിയില്ലാത്ത ചിക്കൻ എന്നിവപോലുള്ള പ്രോട്ടീൻ സമ്പന്നമായ, ഹൃദയാരോഗ്യപരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സോഡിയം (ഉപ്പ്), പഞ്ചസാര, പൂരിത അളവിലുള്ള വറുത്ത ഭക്ഷണങ്ങളിലെ കൊഴുപ്പുകൾ എന്നിവ പരിമിതപ്പെടുത്തുക. ജലാംശം നിലനിർത്തുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ദിവസവും ധാരാളം വെള്ളം കുടിക്കുക.
രക്തം നേർപ്പിക്കുന്നതിന്, കൊളസ്‌ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകൾക്ക് പുറമേ ഡോക്ടർ നിർദേശിച്ച എല്ലാ മരുന്നുകളും കൃത്യസമയത്ത് കഴിക്കുക. പരിശോധനകൾ കൃത്യമായി ചെയ്യുക. നിർദേശിച്ച പ്രകാരം കാർഡിയോളജി
സ്റ്റിനെ കാണുക.

ആർത്തവവിരാമത്തെത്തുടർന്നുള്ള ഹോർമോൺ ചികിത്സ, ഹാർട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുമോ?

ഹോർമോൺ തെറാപ്പി അറുപതുവയസ്സിനുമുൻപ് അല്ലെങ്കിൽ ആർത്തവവിരാമമായി പത്തുവർഷത്തിനുള്ളിൽ ആരംഭിച്ചാൽ, ഹൃദ്രോഗസാധ്യത കുറയ്ക്കാൻ കഴിയും. എന്നാൽ, ഹൃദ്രോഗം തടയാൻമാത്രമായി ഇതുപയോഗിക്കാൻ മെഡിക്കൽ മാർഗനിർദേശങ്ങൾ ശുപാർശ ചെയ്യുന്നില്ല.
ആർത്തവവിരാമത്തോടടുത്ത് ഹോർമോൺ തെറാപ്പി ആരംഭിക്കുന്നതുവഴി ആരോഗ്യകരമായ രക്തക്കുഴലുകളെ സംരക്ഷിക്കാൻ സാധിക്കും. നേരത്തേയുള്ള ചികിത്സയുടെ ഫലമായി അൻപതിനും അൻപത്തൊൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ഹൃദ്രോഗസാധ്യതയും മൊത്തത്തിലുള്ള മരണസാധ്യതയും കുറവാണ്.
ആർത്തവവിരാമം കഴിഞ്ഞ് അറുപതുവയസ്സോ അതിൽക്കൂടുതലോ കഴിഞ്ഞ് ഹോർമോൺ തെറാപ്പി ആരംഭിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കൽ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ഹോർമോൺ തെറാപ്പി ആരംഭിക്കുന്നതിനുമുൻപ് പ്രായം, മൊത്തത്തിലുള്ള ആരോഗ്യം, ആർത്തവവിരാമമായിട്ട് എത്രകാലമായി? എന്നീ ഘടകങ്ങൾ വിലയിരുത്തേണ്ടതാണ്.

ആൻജിയോപ്ലാസ്റ്റിക്കുശേഷം ജീവിതകാലം മുഴുവൻ രക്തം നേർപ്പിക്കുന്ന ഔഷധങ്ങൾ ഉപയോഗിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

ആൻജിയോപ്ലാസ്റ്റിക്കുശേഷം രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ ആജീവനാന്തം ഉപയോഗിക്കണം. കാരണം, ആൻജിയോപ്ലാസ്റ്റി ചികിത്സയിൽ രക്തധമനി തുറന്ന് രക്തയോട്ടം പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ, പ്ലാക്ക് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാൻ ഇതിനാവില്ല. ഈ പ്ലാക്കുകളിൽ പ്ലേറ്റ്ലെറ്റ് എന്ന രക്തകോശങ്ങൾ അടിഞ്ഞുകൂടുന്നത് ഇത്തരത്തിലുള്ള രക്തം നേർപ്പിക്കുന്ന ഔഷധങ്ങൾ തടയുന്നു. മാത്രമല്ല, സ്റ്റെന്റിനെയും, മറ്റ് രക്തക്കുഴലുകളെയും സംരക്ഷിക്കും. വീണ്ടുമൊരു ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ ഉള്ള സാധ്യത കുറയ്ക്കുന്നു.


(സെന്റർ ഫോർ ഹാർട്ട് & വാസ്‌കുലാർ കെയർ
കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ സെന്റർ ഫോർ ഹാർട്ട് & വാസ്‌കുലാർ കെയർ ചെയർമാൻ & സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ.) 

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്‌

Content Highlights: A comprehensive cardiology guide detailing the diagnosis, treatment options (medication, angioplasty, bypass surgery, and non-invasive therapies), and post-procedure care for heart blockages, addressing common patient doubts like asymptomatic blockages and lifelong blood thinner use.