ഫാ. ഹര്‍ഷജന്‍: പ്രായം 91; ക്ലാസെടുത്തത് 22 രാജ്യങ്ങളില്‍

#എം.ബി. ബാബു
ഫാ. ഹർഷജൻ പഴയാറ്റിൽ.|Photo: Mathrubhumi
ഫാ. ഹർഷജൻ പഴയാറ്റിൽ.|Photo: Mathrubhumi

ഖത്തറില്‍ ഒന്‍പതു ദിവസത്തെ ക്ലാസും പ്രഭാഷണവും കഴിഞ്ഞെത്തിയ ഫാ. ഹര്‍ഷജന്‍ ഇ-മെയില്‍ തുറന്നുനോക്കി. സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് ക്ലാസെടുക്കാന്‍ ക്ഷണം വന്നു കിടപ്പുണ്ട്. അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയുടെ ഓര്‍മ്മപ്പെടുത്തലും വന്നിട്ടുണ്ട്.

18-ാം വയസ്സില്‍ ഫ്രാന്‍സിസ്‌കണ്‍ കപ്പൂച്ചിയന്‍ സഭയില്‍ വൈദികനായി ചേര്‍ന്ന ഫാ. ഹര്‍ഷജന്‍ പഴയാറ്റിലിന് പ്രായമിപ്പോള്‍ 91. വാക്കിലും പ്രവൃത്തിയിലും യൗവനം. തൃശ്ശൂര്‍ പുതുക്കാടുള്ള പ്രജ്യോതി വിദ്യാനികേതന്‍ കോളേജിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറും മാനേജരുമാണ്.

പഠനത്തിന്റെ ഭാഗമായി മുഴുവന്‍ സ്‌കോളര്‍ഷിപ്പോടെ 1973-ല്‍ അമേരിക്കയിലെത്തിയതോടെയാണ് ഫാ. ഹര്‍ഷജന്റെ ലോകം വികസിച്ചത്. 20-ാം നൂറ്റാണ്ടിലെ ഹോളിസ്റ്റിക് ക്ലിനിക്കല്‍ സൈക്കോളജിയുടെ ജനയിതാവായി അറിയപ്പെട്ട ഡോ. റോള്ളോ മേയുടെ കീഴില്‍ ഇതേ വിഷയത്തില്‍ ഗവേഷണം നടത്തി.

1985-ല്‍ ഗവേഷണ ഗ്രന്ഥം മിഷിഗന്‍ സര്‍വകലാശാലാ പ്രസ് പുസ്തകമാക്കി. ചികിത്സ, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നിവയ്ക്ക് തുല്യപ്രാധാന്യമായിരുന്നു ഫാ. ഹര്‍ഷജന്റെ ഹോളിസ്റ്റിക് പഠനരീതി നല്‍കിയിരുന്നത്.

ക്ലാസെടുക്കാനായി അമേരിക്ക, ഖത്തര്‍, ബ്രിട്ടന്‍, അബുദാബി, ഇംഗ്ലണ്ട്, കാനഡ, ഹോങ്‌കോങ്‌, ബാങ്കോക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, ബ്രൂണൈ, ഫിലിപ്പീന്‍സ് തുടങ്ങി 22 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സൗദി, ദുബായ് എന്നിവിടങ്ങളിലേക്ക് പോകാനിരിക്കുന്നതേയുള്ളൂ. രണ്ടു ഗവേഷണ ബിരുദവും രണ്ട് ബിരുദാനന്തരബിരുദവുമുണ്ട്. അഞ്ചു പുസ്തകങ്ങളെഴുതിയിട്ടുണ്ട്.

ഒല്ലൂര്‍ സിഎംസിയില്‍ 1969-ല്‍ ഒരു വര്‍ഷത്തെ കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി പഠിച്ച ശേഷം എഴുതിയ ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ ആണ് ആദ്യ പുസ്തകം.

ഫാ. ഹര്‍ഷജന്റെ ഹോളിസ്റ്റിക് അപ്രോച്ച് ക്ലാസില്‍ പങ്കെടുക്കാനെത്തുന്നവരുടെ തിരക്കാണ് വിദേശങ്ങളില്‍. അതിനാല്‍ മണിക്കൂറിന് ഒന്നര ലക്ഷത്തിലേറെ കിട്ടും. കിട്ടുന്ന തുക പ്രജ്യോതി വിദ്യാനികേതന്‍ കോളേജിനായി ചെലവഴിക്കും. മാനേജ്‌മെന്റ് ഫീസീടാക്കാതെ നടത്തുന്ന എയ്ഡഡ്‌ കോളേജാണിത്. ഫാ. ഹര്‍ഷജനും കോളേജിനുമായി 23 പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

തൃശ്ശൂര്‍ ആനന്ദപുരത്തെ പൗലോസ് - റോസമ്മ ദമ്പതിമാരുടെ മകനാണ് ഫാ. ഹര്‍ഷജന്‍. വൈദികനായി ചേര്‍ന്നപ്പോഴുണ്ടായിരുന്ന ഔസേപ്പ് എന്ന പേര് അതിന്റെ സംസ്‌കൃത അര്‍ഥത്തിലേക്ക് മാറ്റി ഹര്‍ഷന്‍ എന്നാക്കി മാറ്റിയത് 1965-ല്‍. ഫ്രാന്‍സിസ്‌കണ്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന, അഞ്ച് അനാഥാലയങ്ങളുടെ സ്ഥാപകനായ ഫാ. ഗബ്രിയേല്‍ പഴയാറ്റില്‍ മൂത്ത സഹോദരനാണ്.

Content Highlights: Learn about Fr. Harshajan, a 91-year-old holistic psychology pioneer who has lectured in 22 countries. Discover his influential work and global impact.