വിദേശത്ത് പഠിച്ച ഡോക്ടർമാരുടെ പരീക്ഷ: ആശങ്കകൾ പരിഹരിക്കും; നിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് NBEMS

ന്യൂഡൽഹി: ജൂൺ 2026-ലെ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ പരീക്ഷയുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഉദ്യോഗാർഥികൾ ഉയർത്തുന്ന ന്യായമായ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്. എന്നാൽ, ഇന്ത്യയിൽ വൈദ്യശാസ്ത്ര പരിശീലനം നടത്തുന്നതിന് ആവശ്യമായ കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പരീക്ഷാ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പരീക്ഷയിലെ കടുത്ത മാനദണ്ഡങ്ങൾക്കെതിരെ ന്യൂഡൽഹിയിലെ ഗൗതം നഗറിൽ ഉദ്യോഗാർഥികൾ പ്രതിഷേധവും നിരാഹാര സമരവും ശക്തമാക്കുന്നതിനിടയിലാണ് ബോർഡിന്റെ നിലപാട്. കൂടുതൽ സുതാര്യവും ഉദ്യോഗാർത്ഥി സൗഹൃദവുമാക്കാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പിന്നാലെയാണ് തീരുമാനം.
തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ:
കുറഞ്ഞ വിജയശതമാനം: ജൂൺ മാസത്തിൽ നടന്ന പരീക്ഷ എഴുതിയ 37,448 ഉദ്യോഗാർത്ഥികളിൽ 12.38 ശതമാനം പേർ മാത്രമാണ് യോഗ്യത നേടിയത്. പരീക്ഷയിൽ ഉൾപ്പെടുത്തിയ വീഡിയോ അധിഷ്ഠിത ചോദ്യങ്ങൾ പരീക്ഷാർത്ഥികളുടെ ക്ലിനിക്കൽ ശേഷി അളക്കാനാണെന്നും കേവലം തിയറി മാത്രം പോരെന്നുമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കുന്നത്.
വിദഗ്ധ സമിതി റിപ്പോർട്ട്: റിട്ടയേർഡ് എയർ മാർഷൽ ഡോ. പവൻ കപൂറിന്റെ നേതൃത്വത്തിൽ മൂന്നംഗ വിദഗ്ധ സമിതി വിഷയം പഠിക്കുകയും പ്രധാന മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
വർഷത്തിൽ മൂന്ന് തവണ പരീക്ഷ നടത്താനുള്ള സാധ്യത പരിശോധിക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. 30% ലളിതമായ ചോദ്യങ്ങൾ, 50% മിതമായവ, 20% കഠിനമായ ചോദ്യങ്ങളായിരിക്കണമെന്നും പറയുന്നു.
ചോദ്യങ്ങളോ പരീക്ഷയുടെ പ്രയാസമോ ഉദ്യോഗാർത്ഥികളുടെ ഫലത്തെ പ്രതികൂലമായി ബാധിച്ചതായി തെളിവുകളില്ലാത്തതിനാൽ ജൂൺ പരീക്ഷയ്ക്ക് ഗ്രേസ് മാർക്കോ പകരമുള്ള ആശ്വാസ മാർക്കുകളോ നൽകേണ്ടതില്ലെന്ന് സമിതി ശുപാർശ ചെയ്തു.
വിജയശതമാനത്തിലെ കണക്കുകൾ
ആദ്യമായി പരീക്ഷ എഴുതിയവരിൽ 35.7% പേർ യോഗ്യത നേടിയപ്പോൾ, രണ്ടാം ശ്രമത്തിൽ 21.45 ശതമാനമായി കുറഞ്ഞു. അഞ്ചിൽ കൂടുതൽ തവണ പരീക്ഷ എഴുതിയവരിൽ 3.29% മാത്രമാണ് വിജയിച്ചത്. 2025 ഡിസംബറിലെ പരീക്ഷയിലും സമാനമായ രീതി തന്നെയാണ് രേഖപ്പെടുത്തിയത് (ആദ്യ ശ്രമത്തിൽ 47.53%, അഞ്ചിലധികം ശ്രമങ്ങളിൽ 5.58%).
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മികച്ച യോഗ്യതാനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും നിലവിലെ ഫലം പരീക്ഷ അന്യായമാണെന്നതിന് തെളിവല്ലെന്നും എൻ.ബി.ഇ.എം.എസ്. കൂട്ടിച്ചേർത്തു. പരീക്ഷാ പരിഷ്കാരങ്ങൾ തുടരുമ്പോഴും അടിസ്ഥാന ഡോക്ടറേറ്റ് യോഗ്യതയിൽ വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടതില്ല.
Content Highlights: The National Board of Examinations in Medical Sciences (NBEMS) has stated it will not compromise on minimum qualifying standards for foreign medical graduates despite ongoing candidate protests, while agreeing to review exam frequency and infrastructure based on an expert panel's recommendations.