ഏഴാംസെമസ്റ്റര്‍വരെയുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷയില്ല

#എം. ബഷീര്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ എന്‍ജിനിയറിങ് കോളേജുകളില്‍ എട്ടാംസെമസ്റ്റര്‍ ഒഴികെയുള്ളവയ്ക്ക് ഇപ്രാവശ്യം പരീക്ഷ ഒഴിവാക്കുന്നു. പകരം സംവിധാനം തീരുമാനിക്കാന്‍ സാങ്കേതിക സര്‍വകലാശാല എക്സിക്യുട്ടീവ്, ഉപസമിതിയെ ചുമതലപ്പെടുത്തി. അക്കാദമിക് കൗണ്‍സിലുമായി ചര്‍ച്ചചെയ്ത് ഉപസമിതി അന്തിമ തീരുമാനമെടുക്കും. ജൂലായ് ഒന്നിന് ആരംഭിക്കുന്ന എട്ടാംസെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ മാസത്തില്‍ ഒരിക്കല്‍ക്കൂടി നടത്തും. മറ്റിടങ്ങളില്‍ കുടുങ്ങിയവര്‍ക്കു വേണ്ടിയാണിത്.

അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ ജോലി സാധ്യതകള്‍ക്കും ഉപരിപഠന സാധ്യതകള്‍ക്കും തടസ്സമാകാതിരിക്കാനാണ് എട്ടാംസെമസ്റ്റര്‍ പരീക്ഷ നടത്തി വേഗം ഫലംപ്രഖ്യാപിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ഏഴാം സെമസ്റ്റര്‍വരെ പരീക്ഷ വേണ്ടെന്നുവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പകരമായി മുന്‍ സെമസ്റ്ററുകളിലെ മാര്‍ക്കിന്റെ ശരാശരിയെടുത്ത് അതിനനുസരിച്ച് മാര്‍ക്ക് നല്‍കുകയോ ഇന്റേണല്‍ ടെസ്റ്റുകളുടെ മാര്‍ക്ക് സെമസ്റ്റര്‍ മാര്‍ക്കാക്കുകയോ ചെയ്യാമെന്നാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ അസൈസന്‍മെന്റോ മറ്റോ നല്‍കി അത് വിലയിരുത്തി മാര്‍ക്ക് നല്‍കാമെന്ന ആലോചനയുമുണ്ട്. എട്ടാം സെമസ്റ്റര്‍ പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങളായെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ പറഞ്ഞു.

Content Highlights: Engineering students upto seven semester don't have to write exam this year, Corona Virus, Covid-19, Corona Outbreak

Content Highlights: