നിത്യജീവിതസംഘർഷങ്ങൾ നേരിടാൻ പുതിയ തലമുറയെ വിദ്യാഭ്യാസം സജ്ജമാക്കണം-ബിയോണ്ട് ദി ഹാഷ്ടാഗ് സംവാദം

കൊച്ചി: നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ നേരിടുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കണമെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ആദ്യദിനത്തിൽ നടന്ന് 'ബിയോണ്ട് ദി ഹാഷ്ടാഗ്- ആക്ഷൻ ഫോർ ചേഞ്ച്' എന്ന സംവാദത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇതിലൂടെ കുട്ടികൾ ലഹരി ഉപയോഗം പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയാനാകുമെന്ന് അവർ പറഞ്ഞു.
യുവതലമുറയ്ക്കിടയിലെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് നിയമ സംവിധാനം കൊണ്ട് മാത്രമാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് അഭിപ്രായപ്പെട്ടു. ലഹരിയുടെ ഡിമാൻഡ് ഇല്ലാതാക്കുന്നതിന് ബോധവൽക്കരണവും കായിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേക്ക് അവരെ തിരിച്ചുവിടുന്നതിനും നടപടികളുണ്ടാകണമെന്നും അവർ പറഞ്ഞു.
രാഷ്ട്രീയത്തോടുള്ള വിമുഖത പുതിയ തലമുറ വെടിയണമെന്ന് സംവാദത്തിൽ സംസാരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജനീഷ് ഒ.ജെ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എബിൻ വർക്കി, എറണാകുളം ജില്ലാ പഞ്ചാത്തംഗം ജ്യൂബിൾ ജോർജ് എന്നിവർ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇടപ്പെട്ടുകൊണ്ടു മാത്രമേ രാഷ്ട്രീയരംഗത്തെ നവീകരിക്കാൻ കഴിയൂവെന്നും അവർ അഭിപ്രായപ്പെട്ടു. പുതിയ തലമുറ നേരിടുന്ന മാനസിക സംഘർഷങ്ങളും മറ്റ് സാമൂഹ്യ പ്രശ്‌നങ്ങളും നേരിടുന്നതിന് ഇത് സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
Content Highlights: Empowering the Next Generation: Education's Role in Tackling Life's Challenges