ബിരുദ പ്രവേശനപരീക്ഷ പ്ലസ്ടു പാഠ്യപദ്ധതിയോട് ചേര്‍ന്നുപോകുന്നതാണോ; പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം

പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ന്യൂഡല്‍ഹി: ജെ.ഇ.ഇ, നീറ്റ് പോലെയുള്ള ബിരുദ പ്രവേശനപരീക്ഷകള്‍ പ്ലസ്ടു പാഠ്യപദ്ധതിയോട് ചേര്‍ന്നുപോകുന്നതാണോയെന്ന് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പരീക്ഷകളുടെയും പാഠ്യപദ്ധതിയുടെയും നിലവാരം ഒത്തുനോക്കാനാണ് നടപടിയെടുക്കുക. വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നീക്കം.

പ്ലസ്ടു പാഠ്യപദ്ധതിയുടെ നിലവാരത്തെക്കാള്‍ കൂടിയ ചോദ്യങ്ങളാണ് പലപ്പോഴും പ്രവേശനപരീക്ഷകളില്‍ വരുന്നതെന്നാണ് അധ്യാപകരും രക്ഷിതാക്കളും പരാതി പറയുന്നത്. അതുകാരണമാണ് കോച്ചിങ് സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യമാണ് മന്ത്രാലയം പരിശോധിക്കുക.

ഇരു പരീക്ഷകളുടെയും അടിസ്ഥാന സിലബസ് പ്ലസ്ടുവാണെങ്കിലും ചോദ്യങ്ങളുടെ നിലവാരം കടുപ്പമേറിയതാണെന്നാണ് സമിതിക്ക് കിട്ടിയ പൊതു അഭിപ്രായം.

വിശാലമായ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ കോച്ചിങ് സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ വീണ് മിക്കവരും വിദ്യാര്‍ഥികളെ ചില കോഴ്‌സുകള്‍ക്കു മാത്രം ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് സമിതി വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യം നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍ ശക്തമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രവേശനപരീക്ഷകളെ ലക്ഷ്യമാക്കി രാജ്യത്ത് കോച്ചിങ് സെന്ററുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ ജൂണിലാണ് വിദ്യാഭ്യാസമന്ത്രാലയം ഒന്‍പതംഗ വിദഗ്ധസമിതിയെ നിയോഗിച്ചത്.

Content Highlights: Indian government to examine if entrance exams like JEE & NEET align with +2 syllabus. Addressing concerns over tough questions & over-reliance on coaching centers.