പാഠ്യപദ്ധതി പരിഷ്‌കരണം: ഫോക്കസ് ഗ്രൂപ്പുകളുടെ പട്ടിക പരിഗണനയില്‍

Photo: gettyimages.in
Photo: gettyimages.in

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് നയപരമായ തീരുമാനം വൈകുന്നു. ജനുവരിക്ക് മുമ്പു പാഠ്യപദ്ധതി ചട്ടക്കൂട് കരട് തയ്യാറാക്കാനാണ് തീരുമാനിച്ചതെങ്കിലും ഇതുസംബന്ധിച്ച കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകേണ്ടത്.

സംസ്ഥാനത്തിന്റെ രീതിശാസ്ത്രം അനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ പച്ചക്കൊടികാട്ടിയാലെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിന് തുടര്‍നടപടികളിലേക്ക് കടക്കാനാകൂ. മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഫോക്കസ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കാനുള്ള കരട് പട്ടിക സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പഠന വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിദഗ്ധരടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകള്‍. പ്രീസ്‌കൂള്‍, സ്‌കൂള്‍, അധ്യാപനം, വയോജന തുടര്‍വിദ്യാഭ്യാസ മേഖലകളിലാണ് സംസ്ഥാനം ചട്ടക്കൂട് തയ്യാറാക്കേണ്ടത്.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി കരട് തയ്യാറാക്കി നല്‍കാനാണ് കേന്ദ്ര നിര്‍ദേശം. കരട് നല്‍കിക്കഴിഞ്ഞാല്‍ കാര്യമായ മാറ്റംവരുത്താനാകില്ല.

ഇതുകാരണം കേന്ദ്രം അവരുടെ രാഷ്ട്രീയ ഇടപെടലുകള്‍ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കിയേക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്. നേരത്തേ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയശേഷമാണ് സംസ്ഥാനങ്ങള്‍ പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവര്‍ഷമെങ്കിലും പാഠ്യപദ്ധതി മാറേണ്ടതുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിന്റെ രീതിശാസ്ത്രത്തില്‍ ഊന്നിയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം ആകാമെന്നുമാണ് വിലയിരുത്തല്‍.

Content Highlights: Curriculum Reform: List of Focus Groups under consideration, NEP

Content Highlights: