CUET പിജി 2026: അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14-ന് രാത്രി 11.50 വരെ

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Freepik
പ്രതീകാത്മക ചിത്രം | Photo: Freepik

2026-ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (സിയുഇടി-പിജി) പരിധിയിൽ നിലവിൽ 165 സർവകലാശാലകൾ/സ്ഥാപനങ്ങൾ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർവകലാശാലകൾ-40, സ്റ്റേറ്റ് സർവകലാശാലകൾ-30, ഗവൺമെൻറ് സ്ഥാപനങ്ങൾ/പൂർണ ഫണ്ടിങ് ഉള്ളത്-20, കല്പിത സർവകലാശാലകൾ/സ്വകാര്യ സർവകലാശാലകൾ-75.

ചില കേന്ദ്ര സർവകലാശാലകൾ: ബാബാ സാഹേബ് ഭിം റാവു അംബേദ്കർ, സെൻട്രൽ സാൻസ്‌ക്രിറ്റ്, ബനാറസ് ഹിന്ദു, സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി ഓഫ് ആന്ധ്രപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കർണാടക, കശ്‌മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്നാട് കേന്ദ്ര സർവകലാശാലകൾ, ഡോ. ഹരിസിങ് ഗൗർ, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ, ജാമിയ മിലിയ ഇസ്‌ലാമിയ, ജവാഹർലാൽ നെഹ്റു, മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ ഹിന്ദി, മഹാത്മാഗാന്ധി സെൻട്രൽ, നാളന്ദ, നാഷണൽ സാൻസ്‌ക്രിറ്റ്, നോർത്ത് ഈസ്റ്റേൺ ഹിൽ, പോണ്ടിച്ചേരി, സൗത്ത് ഏഷ്യൻ, ദി ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജസ്, ഡൽഹി, ഹൈദരാബാദ്, വിശ്വഭാരതി.

ചില സംസ്ഥാന സർവകലാശാലകൾ: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള ഡിജിറ്റൽ, ഡൽഹി ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, ഡൽഹി ടെക്നോളജിക്കൽ, ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്.

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്/ഡീംഡ് യൂണിവേഴ്സിറ്റീസ് വിഭാഗം (ചില സ്ഥാപനങ്ങൾ): അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻഷ്യൽ മാനേജ്മെന്റ്, സെൻറർ ഫോർ ഡിവലപ്മെൻറ് സ്റ്റഡീസ്, ഫുട്‌വേർ ഡിസൈൻ ആൻഡ് ഡിവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ലഖ്‌നൗ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ്, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിവലപ്മെൻറ് റിസർച്ച്, ലക്ഷ്മീഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ, നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓൺട്രപ്രനേർഷിപ്പ് ആൻഡ് മാനേജ്മെൻറ് (ഹരിയാണ), രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്മെൻറ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ്‌.

പൂർണ പട്ടിക exams.nta.nic.in/cuet-pg/ ൽ ലഭിക്കും.

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള കോഴ്സുകൾ, യോഗ്യത, ടെസ്റ്റ് പേപ്പർ കോഡ് എന്നിവ വെബ്സൈറ്റ് ലിങ്ക് വഴി മനസ്സിലാക്കാം. കൂടുതൽ സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ വെബ്സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കണം.

കേരളത്തിൽനിന്ന്

കേരളത്തിൽനിന്ന്‌ മൂന്നു സർവകലാശാലകളും രണ്ട് സ്ഥാപനങ്ങളുമാണ് പരീക്ഷയുടെ പരിധിയിൽവരുന്നത്.

• കേന്ദ്ര സർവകലാശാലാവിഭാഗത്തിൽ കേരള കേന്ദ്ര സർവകലാശാല(പെരിയ-കാസർകോട്) യുണ്ട്: ഇവിടെ മൊത്തം 26 കോഴ്സുകൾ. എംഎ (എട്ട് പ്രോഗ്രാമുകൾ), എംഎസ്‌സി (11), എംഎസ്ഡബ്ല്യു, എംഎഡ്, എംകോം, എൽഎൽഎം, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംബിഎ ജനറൽ, എംബിഎ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ്.

സ്റ്റേറ്റ് സർവകലാശാലകളുടെ വിഭാഗത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (കുസാറ്റ്), കേരള ഡിജിറ്റൽ സർവകലാശാലയുമുണ്ട്.

•കുസാറ്റ്: മൊത്തം 44 പ്രോഗ്രാമുകൾ. അതിൽ എംഎ (2), എംഎസ്‌സി (21), എംടെക് (15), എംവൊക് (2), എൽഎൽഎം, എൽഎൽഎം (ഐപിആർ), എംഎഫ്എസ്‌സി, എംസിഎ.

• കേരള ഡിജിറ്റൽ സർവകലാശാല (തിരുവനന്തപുരം): രണ്ട് എംടെക്‌ പ്രോഗ്രാമുകളും 11 എംഎസ്‌സി പ്രോഗ്രാമുകളും ഒരു എംബിഎ പ്രോഗ്രാമും ഉൾപ്പെടെ 14 പ്രോഗ്രാമുകൾ.

• സെൻറർ ഫോർ ഡിവലപ്മെൻറ് സ്റ്റഡീസ് (തിരുവനന്തപുരം): ന്യൂഡൽഹി, ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ അഫിലിയേഷനുള്ള എംഎ അപ്ലൈഡ് ഇക്കണോമിക്സ് പ്രോഗ്രാം.

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (കോട്ടയം കാമ്പസ്): പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേണലിസം (ഇംഗ്ലീഷ്)

ഓരോ സർവകലാശാല/സ്ഥാപനം എന്നിവയിലെ ഓരോ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, മറ്റ് വ്യവസ്ഥകൾ, സിയുഇടിയിൽ അഭിമുഖീകരിക്കേണ്ട ടെസ്റ്റ് പേപ്പർ കോഡ് തുടങ്ങിയ വിവരങ്ങൾ, ബന്ധപ്പെട്ട സ്ഥാപന ലിങ്കിൽ ലഭിക്കും.

നാലു പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം

സിയുഇടി പിജി പരീക്ഷാർഥികൾക്ക് നാല് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. അപേക്ഷാർഥിയുടെ സ്ഥിരം/നിലവിലെ മേൽവിലാസം പരിഗണിച്ച് മുൻഗണന നിശ്ചയിച്ചാണ് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം രണ്ട് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാണ് അവസരം ഉണ്ടായിരുന്നത്. ഇതിനകം അപേക്ഷ നൽകിയവർക്ക് അധിക സെൻററുകൾ ഉൾപ്പെടുത്താൻ കറക്ഷൻ വിൻഡോ സജീവമാക്കുന്ന ജനുവരി 18 മുതൽ 20 വരെ സൗകര്യം ഉണ്ടാകും.

Content Highlights: Discover the 165 universities and institutions participating in CUET PG 2026.