ജോയന്റ്‌ CSIR- UGC; നാല് വർഷ ബിരുദക്കാർക്കും അവസരം, ഡിസംബർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ശാസ്ത്രവിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റൻറ് പ്രൊഫസർ നിയമന അർഹത, പിഎച്ച്ഡി പ്രവേശന അർഹത എന്നിവ നിർണയിക്കുന്നതിനായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) എന്നിവ സംയുക്തമായി, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വഴി നടത്തുന്ന ജോയന്റ് സിഎസ്ഐആർ - യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (എൻഇടി) ഡിസംബർ 2025 സെഷന് അപേക്ഷിക്കാം.

വിഷയങ്ങൾ

അഞ്ച് മേഖലകളിൽ പരീക്ഷ നടത്തും: (i) കെമിക്കൽ സയൻസസ് (ii) എർത്ത് അറ്റ്മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് (iii) ലൈഫ് സയൻസസ് (iv) മാത്തമാറ്റിക്കൽ സയൻസസ് (v) ഫിസിക്കൽ സയൻസസ്.

അവസരങ്ങൾ

സയൻസ്, ഇൻറർ ഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ വിവിധ വിഷയങ്ങളിലെ ഫെലോഷിപ്പോടെയുള്ള ഗവേഷണ അവസരം, അസിസ്റ്റൻറ് പ്രൊഫസർ നിയമനം എന്നിവ; സർവകലാശാലാ വകുപ്പുകൾ, ദേശീയ ലബോറട്ടറികൾ, മറ്റ് അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയിലൊക്കെയായി ആകാം. സർവകലാശാലകൾ, ഐഐടികൾ, പോസ്റ്റ് ഗ്രാേജ്വറ്റ് കോളേജുകൾ, സിഎസ്ഐആർ ഉൾപ്പെടെയുള്ള സർക്കാർ ഗവേഷണസംവിധാനങ്ങൾ, അംഗീകൃത പബ്ലിക്/പ്രൈവറ്റ് സെക്ടർ ഇൻഡസ്ട്രിയൽ അണ്ടർടേക്കിങ്ങുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഗവേഷണ സംവിധാനങ്ങൾ എന്നിവയിലൊക്കെ ഫെലോഷിപ്പിന് സാധുതയുണ്ട്.

മൂന്നു കാറ്റഗറികൾ

പരീക്ഷയിൽ, അപേക്ഷകരെ മൂന്നു കാറ്റഗറികളിലായി പരിഗണിക്കും.

(i) ജെആർഎഫ് അവാർഡിനും അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും (കാറ്റഗറി 1). ഈ വിഭാഗത്തിൽ യോഗ്യത നേടുന്നവർക്ക് പിഎച്ച്ഡി പ്രവേശനത്തിനും അർഹതയുണ്ടാകും

(ii) അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും (കാറ്റഗറി 2) ഇവർക്ക്, ജെആർഎഫ് അർഹത ഉണ്ടാകില്ല

(iii) പിഎച്ച്ഡി പ്രവേശനത്തിനു മാത്രം (കാറ്റഗറി 3). ഇവർക്ക് ജെആർഎഫ് അർഹതയോ അസിസ്റ്റ ന്റ് പ്രൊഫസർ നിയമന അർഹതയോ ഉണ്ടാകില്ല.

കാറ്റഗറി 2, 3 എന്നിവ പ്രകാരമുള്ള യുജിസി നെറ്റ് യോഗ്യത, പിഎച്ച്ഡി പ്രവേശനത്തിനായി സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശന പരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ, പിഎച്ച്ഡി പ്രവേശന പ്രക്രിയയിൽ, റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിൽ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്സിറ്റി/ഉന്നത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇൻറർവ്യൂ/വൈവയ്ക്ക് ലഭിക്കുന്ന മാർക്കിന് 30 ഉം ശതമാനം വെയ്റ്റേജ് നൽകി, ഇവയുടെ സംയുക്ത മെറിറ്റ് കണക്കാക്കി, റാങ്കിങ് നടത്തി പ്രവേശനത്തിനായി പരിഗണിക്കും.

ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന് നെറ്റ് ഫലപ്രഖ്യാപന തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുണ്ടാകും.

ജെആർഎഫ്-നെറ്റ് അർഹത, അസിസ്റ്റൻറ് പ്രൊഫസർ നിയമന അർഹത, പിഎച്ച്ഡി പ്രവേശന അർഹത എന്നീ വിഭാഗങ്ങളിൽ യോഗ്യത നേടിയതായി പരിഗണിക്കേണ്ടവരുടെ എണ്ണം, റിസൽട്ട് കമ്മിറ്റി തീരുമാനിക്കും.

എംഒഇഎസ് ഫെലോഷിപ്പ്

യോഗ്യത നേടുന്ന 25 പേർക്ക് കേന്ദ്രസർക്കാർ എർത്ത് സയൻസ് മന്ത്രാലയം, എർത്ത് സയൻസ് മേഖലയിലെ ഗവേഷണങ്ങൾക്ക് ഫെലോഷിപ്പ് അനുവദിക്കും.

നാഷണൽ ഫെലോഷിപ്പ്/സ്കീം

മറ്റു പിന്നാക്ക, പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള, നാഷണൽ ഫെലോഷിപ് പദ്ധതിയിൽ താത്‌പര്യമുള്ളവരും സിഎസ്ഐആർ-യുജിസി നെറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ്, ബന്ധപ്പെട്ട നോഡൽ ഏജൻസി നടത്തും.

സ്‌റ്റൈെപ്പൻഡ്

ജെആർഎഫ് യോഗ്യതനേടി ഗവേഷണത്തിന് പ്രവേശനം നേടുന്നവർക്ക്, ഗവേഷണത്തിന്റെ ആദ്യ രണ്ടു വർഷം പ്രതിമാസ സ്‌റ്റൈെപ്പൻഡ് ആയി 37,000 രൂപ അനുവദിക്കും. കണ്ടിൻജൻസി ഗ്രാൻറ് ആയി പ്രതിവർഷം 20,000 രൂപയും. രണ്ടുവർഷ ജെആർഎഫ് കഴിയുമ്പോൾ ഫെല്ലോ പിഎച്ച്ഡിക്ക്‌ രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഫെലോഷിപ്പ് സീനിയർ റിസർച്ച് ഫെലോഷിപ് (എസ്ആർഎഫ്) - നെറ്റ് ആയി മാറ്റും. അെസസ്‌മെൻറിനു വിധേയമായി, സ്‌റ്റൈപ്പെൻഡ് തുക പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കും. വിദഗ്ധ സമിതി എസ്ആർഎഫിന് ശുപാർശ ചെയ്യാതിരിക്കുകയോ, ഫെലോ, പിഎച്ച്ഡിക്ക്‌ രജിസ്റ്റർ ചെയ്യാതിരിക്കുകയോ ചെയ്താൽ മൂന്നാം വർഷവും 37,000 രൂപ പ്രതിമാസ നിരക്കിൽ സ്‌റ്റൈപ്പെൻഡ് അനുവദിക്കും. വിദഗ്ധസമതി ഫെലോഷിപ്പ് നിർത്തലാക്കാൻ ശുപാർശ ചെയ്യുമ്പോൾ നിർത്തലാക്കും.

യോഗ്യത

• കുറഞ്ഞത് 55 ശതമാനം മാർക്കോടെ, അംഗീകൃത സ്ഥാപനത്തിൽനിന്ന്‌ മാസ്റ്റേഴ്‌സ് ബിരുദം/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

• ഒബിസി - എൻസിഎൽ/പട്ടിക/ഭിന്നശേഷി/ട്രാൻസ്‌െജൻഡർ അപേക്ഷകർക്ക് യോഗ്യതാ പ്രോഗ്രാമിൽ 50 ശതമാനം മാർക്ക് മതി.

• പിഎച്ച്ഡി ബിരുദമുള്ള 1991 സെപ്റ്റംബർ 19-നകം മാസ്റ്റേഴ്സ് പരീക്ഷ അഭിമുഖീകരിച്ചവർക്കും (ഫലപ്രഖ്യാപന തീയതി ഏതായാലും) നെറ്റ് അഭിമുഖീകരിക്കാൻ മാസ്റ്റേഴ്സ് പ്രോഗ്രാമിന് 50 ശതമാനം മാർക്കു മതി.

• മാസ്റ്റേഴ്സ് പ്രോഗ്രാമിന് പഠിക്കുന്നവർ, പരീക്ഷാ ഫലം കാത്തിരിക്കുന്നവർ, യോഗ്യതാ പരീക്ഷ വൈകിയവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. ഇവർ പരീക്ഷയിൽ യോഗ്യത നേടിയാൽ നെറ്റ് ഫലം പ്രഖ്യാപിച്ച് രണ്ടു വർഷത്തിനകം മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി മാസ്റ്റേഴ്സ് ബിരുദം നേടണം. പിഎച്ച്ഡി പ്രവേശനാർഹതമാത്രം ലഭിക്കുന്നവർ, നെറ്റ് ഫലം പ്രഖ്യാപിച്ച് ഒരു വർഷത്തിനകം മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി മാസ്റ്റേഴ്സ് ബിരുദം നേടണം.

• നാലു വർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ബിരുദം നേടിയവർ, പ്രസ്തുത പ്രോഗ്രാമിൽ അന്തിമ വർഷത്തിൽ/അന്തിമ സെമസ്റ്ററിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. അവർക്ക് യോഗ്യതാ ബിരുദ കോഴ്സിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഒബിസി- എൻസിഎൽ/ഇഡബ്ല്യുഎസ്/പട്ടിക/ഭിന്നശേഷി/യുജിസി തീരുമാനപ്രകാരമുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്ക് 70 ശതമാനം മാർക്ക് മതി. ഇപ്പോൾ ഈ കോഴ്സിൽ (നാല് വർഷ) പഠിക്കുന്നവർ ജെആർഎഫിന്/പിഎച്ച്ഡി പ്രവേശനത്തിന് അർഹത നേടിയതായി പരിഗണിക്കപ്പെടാൻ, ജെആർഎഫ് എങ്കിൽ നെറ്റ് ഫലം വന്ന് രണ്ടുവർഷത്തിനകവും, പിഎച്ച്ഡി പ്രവേശനത്തിനെങ്കിൽ നെറ്റ് ഫലം വന്ന് ഒരു വർഷത്തിനകവും യുജിസി െറഗുലേഷൻസ് പ്രകാരമുള്ള യോഗ്യത നേടണം.

അസിസ്റ്റൻറ് പ്രൊഫസൽ യോഗ്യതാ സർട്ടിഫിക്കറ്റിന് സമയപരിധിയില്ലാതെ സാധുതയുണ്ട്.

അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് നാല് വർഷ/എട്ട് സെമസ്റ്റർ ബിരുദക്കാർക്ക് അർഹത ഉണ്ടാകില്ല.

നാലു വർഷ ബിരുദക്കാർക്ക് പ്രസ്തുത ബിരുദം ലഭിച്ച വിഷയം പരിഗണിക്കാതെ, ഗവേഷണം നടത്താൻ താത്‌പര്യമുള്ള ഏതൊരു വിഷയത്തിലും നെറ്റ് അഭിമുഖീകരിക്കാം.

അർഹതയുള്ള പ്രോഗ്രാമുകളിൽ നാലു വർഷ ബിഎസ്, ബിഇ, ബിടെക്‌, ബിഫാർമ; എംബിബിഎസ്, എംഎസ്സി, ഇൻറഗ്രേറ്റഡ് ബിഎസ്- എംഎസ്, തുടങ്ങിയവയും തത്തുല്യ പ്രോഗ്രാമുകളും ഉൾപ്പെടും.

പ്രായപരിധി

ജെആർഎഫിന് 2025 ഡിസംബർ ഒന്നിന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണ വിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ച് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

അസിസ്റ്റൻറ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.

പരീക്ഷ

കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഡിസംബർ 18-ന് നടത്തും. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ.

അപേക്ഷിക്കുമ്പോൾ നാല് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം.

വിശദമായ പരീക്ഷാ ഘടന csirnet.nta.nic.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും. സിലബസ് www.csirhrdg.res.in ൽ ലഭിക്കും.

അപേക്ഷ

csirnet.nta.nic.in വഴി ഒക്ടോബർ 24-ന് രാത്രി 11.50 വരെ നൽകാം. അപേക്ഷാഫീസ് 1150 രൂപ (ഒബിസി/ഇഡബ്ല്യുഎസ് - 600 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്‌െജൻഡർ വിഭാഗങ്ങൾ -325 രൂപ). തുക 25-ന് രാത്രി 11.50-നകം െക്രഡിറ്റ്/െഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 27 മുതൽ 29-ന് രാത്രി 11.50 വരെ അവസരമുണ്ടാകും.

നാല് വർഷ ബിരുദക്കാർക്കും അവസരം

വിദ്യാഭ്യാസരംഗം