പഴയ പല കോഴ്സുകളും കളമൊഴിഞ്ഞു; എഐ കാലത്ത് എന്തു പഠിക്കണം

#ഡെന്നി തോമസ് വട്ടക്കുന്നേല്‍
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

വസ്ത്രമോ വാഹനമോ പല്ലുതേയ്ക്കുന്ന ബ്രഷോ തിരഞ്ഞെടുക്കുന്നത് പോലെയല്ല ഭാവി ജീവിതം നിര്‍ണയിക്കുമെന്നുറപ്പുള്ള കോഴ്‌സ് തിരഞ്ഞെടുക്കുന്നത്. വസ്ത്രവും വാഹനവുമെല്ലാം നമ്മള്‍ ഇന്ന് തിരഞ്ഞെടുത്ത് ഇന്ന് തന്നെ ഉപയോഗിക്കും. എന്നാല്‍ നമ്മള്‍ ഇന്ന് പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ പ്രയോജനം വരുന്നത് ഭാവിയിലാണ്. അതുകൊണ്ട് തന്നെ ഇന്ന് എന്ത് പഠിക്കണമെന്ന് തീരുമാനിക്കും മുമ്പ് ആ കോഴ്‌സിന്റെ ഭാവിയിലെ തൊഴില്‍, ബിസിനസ് സാധ്യതകള്‍ കൂടി അറിഞ്ഞിരിക്കണം.

ഇന്നത്തെ പ്രധാനവെല്ലുവിളിയെന്നത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍സാധ്യതകളാണ്. ഏതാനും ചില തൊഴില്‍ മേഖലകളൊഴിച്ചാല്‍ ബാക്കി എല്ലാ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അഥവാ നിര്‍മിത ബുദ്ധി പിടിമുറുക്കുമെന്നാണ് ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവര്‍ പോലും പ്രവചിക്കുന്നത്. എഐ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്ന കോഡിങ്, എഐക്ക് തനിച്ച് കൈകാര്യം ചെയ്യാനാകാത്ത എനര്‍ജി, മെഡിക്കല്‍ ഗവേഷണം ഉള്‍പ്പെടെയുള്ള ബയോളജി തുടങ്ങിയവയാണ് ബില്‍ ഗേറ്റ്സിന്റെ അഭിപ്രായത്തില്‍ തുടര്‍ന്നും ഡിമാന്‍ഡ് നിലനില്‍ക്കുമെന്നുറപ്പുള്ള പ്രധാന തൊഴില്‍മേഖലകള്‍.

ഈ പശ്ചാത്തലത്തില്‍ എഐ, മെഷീന്‍ ലേണിങ്, ഐഒടി, റോബോട്ടിക്സ്, ഡേറ്റാ സയന്‍സ്, ഡേറ്റാ അനലറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിലെ ഉന്നത വിദ്യഭ്യാസ പ്രോഗ്രാമുകള്‍ക്കാണ് സമീപഭാവിയില്‍ വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നത്. പ്രിസിഷന്‍ അഗ്രികള്‍ച്ചറാണ് പുതുതായി ഡിമാന്‍ഡുള്ള മറ്റൊരു മേഖല.എന്ത് എഐ വന്നാലും വിശപ്പുമാറണമെങ്കില്‍ കൃഷിയും ഭക്ഷണവും ഇല്ലാതെ സാധ്യമല്ല എന്നതാണ് ഇതിന്റെ തുടര്‍ച്ച. അതേ സമയം പഴയ പല കോഴ്സുകളും എന്നത് പോലെത്തന്നെ പഴയ കൃഷിരീതികളും തീര്‍ത്തും കളമൊഴിഞ്ഞു കഴിഞ്ഞു. ഇവിടെയാണ് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൃഷിരീതിയായ പ്രിസിഷന്‍ അഗ്രികള്‍ച്ചറിന്റെ പ്രസക്തി വരുന്നത്.

കൂടാതെ വിദേശ സര്‍വകലാശാലകളും കോളേജുകളും ഊന്നല്‍ നല്‍കുന്ന മറ്റൊരു പഠന മേഖല മാനസികാരോഗ്യ മേഖലയിലെ പ്രോഗ്രാമുകളാണ്. ഒരു സൈക്കോളജിസ്റ്റിനെ കാണുകയെന്നത് മുമ്പെല്ലാം രഹസ്യമായിട്ടാണ് ആളുകള്‍ ചെയ്തിരുന്നത്. പുതിയ തലമുറയ്ക്ക് അങ്ങനെ ഒരു മറയില്ല. മറ്റേതൊരു അവയവവും നേരിടുന്ന വെല്ലുവിളികള്‍ മനസ്സിനും ബാധകമാണെന്ന് അവര്‍ക്കറിയാം. മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഗാഡ്ജറ്റുകളുടെ അമിതോപയോഗം, ലഹരി, വിഷാദം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, ഏകാന്തത തുടങ്ങിയവയും സൈക്കോളജി പഠനത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. ഫാമിലി സൈക്കോളജി മുതല്‍ ബിസിനസ് സൈക്കോളജി വരെ നീണ്ടുകിടക്കുന്നതാണ് സൈക്കോളജിയുടെ പ്രായോഗിക മേഖലകള്‍.

ചുരുക്കിപ്പറഞ്ഞാല്‍ 2025ല്‍ എന്തു പഠിക്കുന്നു എന്നുള്ളത് 2035ല്‍ പ്രസക്തമാകണം. മറ്റ് മേഖലകളിലെ തെരഞ്ഞെടുപ്പുകള്‍ എങ്ങനെയുമാകട്ടെ, ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച തീരുമാനങ്ങള്‍ ഭാവിയിലേയ്ക്ക് കണ്ണുംനട്ടാകണം.

(ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, സാന്റാമോണിക്ക സ്റ്റഡി എബ്രോഡ്)
പഠനസംബന്ധമായ സംശയങ്ങള്‍ക്ക്: cmd@santamonicaedu.in

Content Highlights: courses in the age of artificial inteligence