കോഫി ടേസ്റ്റർ ആകാൻ പഠിക്കാം; സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം

കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. കോഫി ടേസ്റ്ററായി പ്രവർത്തിക്കാൻ ആവശ്യമായ അറിവും നൈപുണികളും കോഴ്‌സിലൂടെ നേടാം.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനമാണ് കോഫി ബോർഡ് ഓഫ് ഇന്ത്യ.
മൂന്നു ട്രിമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമിൽ പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. ആദ്യ ട്രിമസ്റ്റർ ചിക്കമഗളൂരു ബലേഹോണൂർ സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിസിആർഐ) ആയിരിക്കും. ഇവിടെ സൗജന്യതാമസം അനുവദിക്കും. രണ്ടും മൂന്നും സെമസ്റ്ററുകൾ ബെംഗളൂരുവിൽ ആയിരിക്കും.
പാഠ്യപദ്ധതി
കോഫി വെറൈറ്റീസ് ആൻഡ് കപ് പ്രൊഫൈൽ, കോഫി അഗ്രോണമി-കോഫി ഗ്രോയിങ്, കോഫി പെസ്റ്റ് ആൻഡ് ഡിസീസ്, കോഫി പ്രോസസ്സിങ് ആൻഡ് ക്വാളിറ്റി, പ്രിൻസിപ്പിൽസ് ഓഫ് കോഫി ക്വാളിറ്റി (തിയറി, പ്രാക്ടിക്കൽ), കോഫി കെമിസ്ട്രി ആൻഡ് റോസ്റ്റിങ് ടെക്‌നോളജി (തിയറി, പ്രാക്ടിക്കൽ), ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം (തിയറി, പ്രാക്ടിക്കൽ), സോഫ്റ്റ് സ്കിൽസ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഫോർ ക്വാളിറ്റി മാനേജ്‌മെന്റ്, കോഫി മാർക്കറ്റിങ് ആൻഡ് ട്രേഡ്, ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം ആൻഡ് ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റ്, കോഫി കെമിസ്ട്രി ആൻഡ് ബ്രൂവിങ് ടെക്‌നോളജി, എസ്‌പ്രസോ ആൻഡ് വാല്യൂ ആഡഡ് കോഫീസ് (പ്രാക്ടിക്കൽ), ഇന്റൻസീവ് കപ്പിങ് (പ്രാക്ടിക്കൽ) ഡിസർട്ടേഷൻ തുടങ്ങിയവയും ഉൾപ്പെടും.
ഓപ്പൺ കാറ്റഗറിയിലും കോഫി ഇൻഡസ്ട്രി സ്പോൺസർഷിപ്പോടെയും പ്രവേശനമുണ്ട്. കോഫി ഇൻഡസ്ട്രി സ്പോൺസർഷിപ്പുള്ളവർക്ക് മുൻഗണനയുണ്ട്.
പ്രവേശനയോഗ്യത
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബാച്ച്‌ലർ ബിരുദമോ അഗ്രിക്കൾച്ചറൽ സയൻസസിലെ ബാച്ച്‌ലർ ബിരുദമോ വേണം.
അക്കാദമിക് മികവ്, പഴ്‌സണൽ ഇന്റർവ്യൂ, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
അപേക്ഷ
വിശദ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ coffeeboard.gov.in/News.aspx-ൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫീസ് 1500 രൂപ. വിജ്ഞാപനത്തിൽ നൽകിയ അക്കൗണ്ടിൽ ഓൺലൈനായി അടയ്ക്കാം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്‌റ്റംബർ 30-നകം ലഭിക്കത്തക്കവിധം ‘ഡിവിഷണൽ ഹെഡ്, കോഫി ക്വാളിറ്റി, കോഫിബോർഡ്, നമ്പർ 1, ഡോ. ബി.ആർ. അംബേദ്കർ വീഥി, ബെംഗളൂരു-560001’ എന്ന വിലാസത്തിൽ അയക്കണം.
ഇന്റർവ്യൂ, സെലക്‌ഷൻ എന്നിവ 2025 ഒക്ടോബർ രണ്ട്/മൂന്ന് വാരത്തിൽ നടത്തും.
കോഴ്‌സ് ഫീസ് രണ്ടുലക്ഷത്തി അൻപതിനായിരം രൂപ. പട്ടികവിഭാഗക്കാർക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ. വിവരങ്ങൾക്ക്: coffeeboard.gov.in സഹായങ്ങൾക്ക്: hdqccoffeeboard@gmail.com