സിഎംഎസിലെ ജെന്‍ സീ പോസ്റ്റോഫീസ് എക്‌സില്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി

കോട്ടയം സിഎംഎസ് കോളേജിലെ ജെൻ സീ പോസ്റ്റോഫീസിനെക്കുറിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്.|Photo: @JM_Scindia
കോട്ടയം സിഎംഎസ് കോളേജിലെ ജെൻ സീ പോസ്റ്റോഫീസിനെക്കുറിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്.|Photo: @JM_Scindia

''യുവതലമുറ അവര്‍ക്കായി രൂപകല്പനചെയ്തു, ഒരു വീടുപോലെ... 'അക്ഷരനഗര'ത്തിലെ ജെന്‍ സീ പോസ്റ്റ് ഓഫീസ് നവോന്മേഷദായകവും സര്‍ഗാത്മകവും പാരമ്പര്യം മറക്കാത്തതുമാണ്. പാരമ്പര്യം നിലനിര്‍ത്തി ഭാവിയിലേക്കുള്ള ഇന്ത്യ പോസ്റ്റിന്റെ പാതയാണിത്.'' -കോട്ടയം സിഎംഎസ് കോളേജിലെ ജെന്‍ സീ പോസ്റ്റോഫീസിനെപ്പറ്റി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 'എക്‌സി'ല്‍ കുറിച്ചതാണിത്.

യുവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പോസ്റ്റ് വികസിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും സിന്ധ്യ പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യ പോസ്റ്റിന്റെ സംസ്ഥാനത്തെ ആദ്യ ജെന്‍ സീ പോസ്റ്റ് ഓഫീസ് എക്‌സ്റ്റെന്‍ഷന്‍ കൗണ്ടര്‍ കോട്ടയം സിഎംഎസ് കോളേജില്‍ തിങ്കളാഴ്ചയാണ് തുറന്നത്.

'വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികളാല്‍, വിദ്യാര്‍ഥികള്‍ക്കുവേണ്ടി' എന്ന ആശയത്തില്‍ ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തിന്റെ മുഴുവന്‍ രൂപകല്‍പ്പനയും ആസൂത്രണവും നിര്‍മാണപങ്കാളിത്തവും നിര്‍വഹിച്ചത്. ഊര്‍ജസ്വലതവും യുവത്വവും കൂടിച്ചേര്‍ന്ന ഒരു പ്രകൃതിസൗഹൃദ ഇടമാണ് പുതുതലമുറയ്ക്കുവേണ്ടിയുള്ള ഈ എക്‌സ്റ്റെന്‍ഷന്‍ കൗണ്ടര്‍.

ജെന്‍ സീ കൗണ്ടറിന്റെ സവിശേഷതകള്‍:

  • പിക്‌നിക് ടേബിള്‍ ശൈലിയിലുള്ള ഇരിപ്പിടങ്ങളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഉള്‍പ്പെടെ പരിസ്ഥിതി സൗഹൃദം.
  • ലാപ്‌ടോപ്പുകള്‍ക്കും മൊബൈലുകള്‍ക്കുമുള്ള ചാര്‍ജിങ് പോയിന്റുകളോടുകൂടി വര്‍ക്ക് ഫ്രണ്ട്ലി കൗണ്ടര്‍ ലെഡ്ജ്.
  • പുസ്തകങ്ങളും ബോര്‍ഡ് ഗെയിമുകളുമുള്ള ബുക്ക് ഷെല്‍ഫ്, ശാന്തമായ ഇന്‍ഡോര്‍ വായനാമൂല.
  • പാക്കേജിങ് മെറ്റീരിയലുകളും 'മൈസ്റ്റാമ്പ്' പ്രിന്ററുമുള്ള സമ്പൂര്‍ണ എംപിസിഎം ബുക്കിങ് കൗണ്ടര്‍.
  • ഇന്ത്യപോസ്റ്റ്, അക്ഷരനഗരിയുടെ സാംസ്‌കാരിക പൈതൃകം, കേരള പാരമ്പര്യം, സിഎംഎസ് കോളേജിന്റെ ചരിത്രം എന്നിവ പ്രതിഫലിപ്പിക്കുന്ന വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും കലാസൃഷ്ടികള്‍ ഉള്‍പ്പെട്ട അകത്തളം.
  • സേവനകേന്ദ്രം എന്നതിനപ്പുറം വര്‍ക്ക്പ്ലേസ്, മീറ്റിങ് പ്ലേസ്, ക്രിയേറ്റീവ് ഹബ്, റിലാക്‌സേഷന്‍ സോണ്‍, കമ്യൂണിറ്റി കോര്‍ണര്‍ എന്നിവയും ഉണ്ട്.

Content Highlights: India Post opens its first Gen Z extension counter at CMS College, Kottayam. Designed by students, for students, it`s a modern, eco-friendly hub blending tradition and innovation.