ബിരുദമുള്ളവരാണോ? മാനേജ്മെൻ്റ് പ്രവേശനത്തിനുള്ള സിമാറ്റ് 2026-ന് അപേക്ഷിക്കാം

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റി (സിമാറ്റ്)ന് അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങൾ (സർവകലാശാലാ ഡിപ്പാർട്ട്മെൻ്റുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ തുടങ്ങിയവ) എന്നിവയിലെ മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിലെ 2026-’27-ലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല മാനേജ്മെന്റ് അഭിരുചി പരീക്ഷയാണ് സിമാറ്റ്. നവംബർ 17 വരെ അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധിയില്ല. ബാച്ച്‌ലർ പ്രോഗ്രാം അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
പരീക്ഷാഘടന
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തും. തീയതി, സമയം പിന്നീട് പ്രഖ്യാപിക്കും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും പരീക്ഷാ കേന്ദ്രങ്ങളാണ്. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽനിന്നും 20 വീതം ഒബ്ജക്ടീവ് ടൈപ്പ് - മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.
അപേക്ഷ
cmat.nta.nic.in വഴി നവംബർ 17-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ വിഭാഗം ആൺകുട്ടികൾക്ക് 2500 രൂപ. വനിതകൾ, ജനറൽ ഇഡബ്ല്യുഎസ്, ഒബിസി(എൻസിഎൽ), എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/ട്രാൻസ്ജൻഡർ എന്നീ വിഭാഗക്കാർക്ക് 1250 രൂപ. തുക ഓൺലൈനായി 18-ന് രാത്രി 11.50 വരെ അടയ്ക്കാം.
പ്രവേശന രീതി
സിമാറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശന കൗൺസലിങ്ങിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് പങ്കില്ല. ഈ സ്കോർ പരിഗണിക്കുന്ന സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി അതത് സ്ഥാപനങ്ങളുടെ വിജ്ഞാപന പ്രകാരം അവിടേക്ക് പ്രത്യേകം അപേക്ഷിക്കണം. പ്രവേശനത്തിന്റെ ഭാഗമായി ഗ്രൂപ്പ് ഡിസ്കഷൻ (ജിഡി), പഴ്സണൽ ഇൻറർവ്യൂ (പിഐ) തുടങ്ങിയവ അഭിമുഖീകരിക്കേണ്ടിവരാം. നടപടിക്രമം സ്ഥാപന വെബ് സൈറ്റ്/നോട്ടിഫിക്കേഷൻ പരിശോധിച്ച് മനസ്സിലാക്കണം.
സ്കോർ പരിഗണിച്ച ചില സ്ഥാപനങ്ങൾ
പ്രവേശനത്തിനായി മറ്റ് ചില മാനേജ്മെന്റ് പരീക്ഷാ സ്കോറുകൾക്കൊപ്പം സിമാറ്റ് സ്കോറും മുൻ വർഷങ്ങളിൽ പരിഗണിച്ചിട്ടുള്ള ചില സ്ഥാപനങ്ങൾ (ഓരോ പ്രവേശന വർഷവും ഉപയോഗിക്കുന്ന അഭിരുചി പരീക്ഷാ സ്കോറുകളിൽ മാറ്റംവരാം. സ്ഥാപന വെബ് സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ നില പരിശോധിക്കണം)
• മോട്ടിലാൽ നെഹ്റു എൻഐടി, അലഹാബാദ് •മൗലാന ആസാദ് എൻഐടി, ഭോപാൽ •എൻഐടി ആന്ധ്രപ്രദേശ് •നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഫരീദാബാദ് •നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ്, ഹൈദരാബാദ് •ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ചെന്നൈ -വിവിധ കാമ്പസുകൾ • ഡിവലപ്മെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, പട്ന • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻറ്, ആനന്ദ് (ഇപ്പോൾ ത്രിഭുവൻ സഹ്കാരി യൂണിവേഴ്സിറ്റി) • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റേഷൻ മാനേജ്മെൻറ്, െബംഗളൂരു • നാഷണൽ ഇൻഷുറൻസ് അക്കാദമി, പുണെ • സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് -നാഷണൽ ലോ യൂണിവേഴ്സിറ്റി, ജോധപുർ
• ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിവലപ്മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി, ഹൈദരാബാദ് • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി, ഷിബ്പുർ • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് -വിവിധകേന്ദ്രങ്ങൾ • എൽഎൻ മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡിവലപ്മെൻറ് ആൻഡ് സോഷ്യൽ ചേഞ്ച്, പട്ന • എബിവി ഐഐഐടിഎം, ഗ്വാളിയർ • രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, അമേഠി • മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, ചെന്നൈ • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്, നവി മുംബൈ
• വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ, പുണെ • സിഎബിഎം ബിഹാർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ഭഗൽപുർ • കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, തിരുവനന്തപുരം • കേരള കാർഷിക സർവകലാശാല, തൃശ്ശൂർ • കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കൊച്ചി • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, തിരുവനന്തപുരം • കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം • ഡിപാർട്ട്മെൻറ് ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, കാലിക്കറ്റ് സർവകലാശാല • മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള, കേരള സർവകലാശാല
Content Highlights: National Testing Agency (NTA) invites applications for CMAT 2026-27.