ക്ലാറ്റ് യുജി 2025 ഫലം പുനഃപരിശോധിക്കും, നാലാഴ്ച്ചക്കുള്ളില്‍ പുതിയ ലിസ്റ്റ്

സുപ്രീംകോടതി | ഫയല്‍ചിത്രം | Photo: PTI
സുപ്രീംകോടതി | ഫയല്‍ചിത്രം | Photo: PTI

ദേശീയ നിയമസർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയായ ക്ലാറ്റ് യുജി 2025 ഫലം പുനഃപരിശോധിക്കാന്‍ തീരുമാനമായി. കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളോട് (സിഎന്‍എല്‍യു) ക്ലാറ്റ് യുജി 2025 മാര്‍ക്ക് ഷീറ്റുകള്‍ പുനഃപരിശോധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ പുതിയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2024 ഡിസംബര്‍ 1-ന് നടന്നതും ഡിസംബര്‍ 7-ന് ഫലം പ്രഖ്യാപിച്ചതുമായ ക്ലാറ്റ് യുജി 2025 ചോദ്യപേപ്പറിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളെ തുടര്‍ന്നാണ് ഈ വിധി. ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച ചില വാദങ്ങള്‍ അംഗീകരിക്കുകയും മറ്റുള്ളവ തള്ളിക്കളയുകയും ചെയ്തു.

ഏപ്രില്‍ 9-നാണ് ഈ കേസ് ആദ്യം പരിഗണിച്ചത്. അന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകരുടെയും സിഎന്‍എല്‍യു പ്രതിനിധികളുടെയും വാദം കോടതി കേട്ടിരുന്നു. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം കോടതി വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം ക്ലാറ്റ് പിജി 2025-മായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. 

ക്ലാറ്റ് പരീക്ഷയിലെ ഒട്ടേറെ ചോദ്യങ്ങള്‍ തെറ്റായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഒന്നിലധികം വിദ്യാര്‍ഥികള്‍ വിവിധ ഹൈക്കോടതികളില്‍ ഈ വര്‍ഷം ആദ്യം ഹര്‍ജികള്‍ നല്‍കിയിരുന്നു. പിന്നീട് ഏകീകൃതമായ ഒരു തീരുമാനം ഉറപ്പാക്കാന്‍ സുപ്രീം കോടതി എല്ലാ കേസുകളും ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റി.

ഇന്ത്യയിലുടനീളമുള്ള നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളിലെ (എന്‍എല്‍യു) പഞ്ചവത്സര എല്‍എല്‍ബി, എല്‍എല്‍എം പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ്.

Content Highlights: CLAT UG 2025 Results Re-evaluation Ordered