സെറിബ്രൽപാൾസി മുട്ടുമടക്കി, നിശ്ചയദാർഢ്യത്തിലൂടെ MA വിജയം നേടി ദേവദത്ത്

ഉദിനൂർ: വർഷങ്ങൾക്ക് മുൻപ് പ്ലസ്ടു പരീക്ഷയിൽ ഇംഗ്ലീഷിൽ നാലുമാർക്കിന്റെ കുറവിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് അതേ വിഷയത്തിൽ തന്നെ മികവുകൾ നേടിക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ് ഉദിനൂർ കിനാത്തിലിലെ ഇ.വി. ദേവദത്തൻ.
സെറിബ്രൽപാൾസി തന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നിന്നപ്പോൾ നിശ്ചയദാർഢ്യവും വീട്ടുകാരുടെ പിന്തുണയും ചെന്നെത്തിച്ചത് എംഎ ഇംഗ്ലീഷ് പരീക്ഷയിൽ കോളേജിലെ ടോപ്പർ എന്ന സ്ഥാനത്തേക്കാണ്. പയ്യന്നൂർ കോളേജിൽനിന്നും ഭിന്നശേഷിക്കാർക്കുള്ള ഗ്രേസ് മാർക്ക് പരിഗണിക്കാതെ 71 ശതമാനം മാർക്ക് നേടിയാണ് ഒന്നാമതെത്തിയത്. പ്ലസ് ടു പരീക്ഷ മുതൽ പഠിച്ച സ്ഥാപനങ്ങളിലൊക്കെ ഒന്നാമതായിരുന്നു.
ബിരുദപരീക്ഷയിൽ 92 ശതമാനമായിരുന്നു മാർക്ക്. എംഎ പരീക്ഷയിൽ ലഭിച്ച 71 ശതമാനം മാർക്ക് ഗ്രേസ് മാർക്ക് ചേർക്കുന്നതോടെ 80 ശതമാനത്തിന് മുകളിലാകും. എംഎ ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷിൽ നെറ്റ് പരീക്ഷയും ഭിന്നശേഷിവിഭാഗക്കാർക്കായുള്ള ജെആർഎഫും നേടി. ഇനി, യുജിസി സ്കോളർഷിപ്പോടെ പിഎച്ച്ഡിയാണ് സ്വപ്നം. കഴിഞ്ഞ വർഷം മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സ്പീക്ക് ഫോർ ഇന്ത്യ’യിൽ കോളേജിനെ പ്രതിനിധീകരിച്ചിരുന്നു.
സ്കൂൾ കാലഘട്ടം മുതൽ മാതാപിതാക്കളുടെയും ഇരട്ടസഹോദരിയുടെയും തുണയിൽ സ്കൂളിലെത്തിയ ദേവദത്തൻ പരിമിതികളെ മനക്കരുത്തുകൊണ്ട് നേരിട്ട് വിജയം വരിക്കുകയായിരുന്നു. ബിരുദപഠനത്താനായി പയ്യന്നൂർ കോളേജിൽ ചേർന്നപ്പോൾ അതേ ക്ലാസിൽ ഉണ്ടായിരുന്ന സഹോദരി പഠനം പൂർത്തിയാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥയായി. കോളേജിൽ കൊണ്ടുവിടുന്നത് മുൻ പ്രവാസിയായിരുന്ന അച്ഛൻ ഇ.വി. ഹേമചന്ദ്രൻ ആയിരുന്നു.
ദേവദത്തന്റെ ഹൈസ്കൂൾപഠനത്തിലും കൗതുകമുണ്ട്. ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. രേഖപ്രകാരം ബോയ്സ് ഹൈസ്കൂളിലായിരുന്നു പ്രവേശനമെങ്കിലും സഹോദരി ദേവപ്രിയയുടെ തുണയ്ക്കായി പഠനം പെൺകുട്ടികൾക്കൊപ്പമായി. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിലെ ഇംഗ്ലീഷ് അധ്യാപിക പി.കെ. രാജലക്ഷ്മിയാണ് അമ്മ.
Content Highlights: E.V. Devadathan, a student with cerebral palsy, topped his MA English class