സമഗ്ര ശിക്ഷാ പദ്ധതി; 'കേരളത്തിന്റെ പരിശ്രമങ്ങളെ വിവേചന നിലപാടിലൂടെ കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു'

രാജ്യത്തെ മുഴുവൻ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സമഗ്ര ശിക്ഷാ പദ്ധതിയുടെ ലക്ഷ്യം. ബജറ്റിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കുന്ന രീതിയിലാണ് പ്രോജക്‌ടിന്റെ പ്രവർത്തനഘടന.
2024-'25 സാമ്പത്തികവർഷം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒരുരൂപപോലും സമഗ്ര ശിക്ഷാ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ല. ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ള രേഖകൾ പ്രകാരം കേരളത്തിന് 1510 കോടി രൂപയും തമിഴ്‌നാടിന് 2151.60 കോടി രൂപയും ബംഗാളിന് 1745.80 കോടി രൂപയുമാണ് പദ്ധതിയിനത്തിൽ കുടിശ്ശികയായി നൽകാനുള്ളത്. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഫണ്ട് നൽകിയിട്ടുമുണ്ട്.
ദേശീയ വിദ്യാഭ്യാസപദ്ധതിക്ക് കീഴിൽ വരുന്ന പിഎം ശ്രീയിൽ (പ്രധാൻമന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) ഒപ്പുവെക്കാൻ തയ്യാറാവാത്തതുകൊണ്ടാണ് ഈ മൂന്ന് സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തത് എന്നാണ് സൂചന.
പ്രകടമായ അവഗണന
പ്രോജക്‌ട് അപ്രൂവൽ ബോർഡ് അംഗീകരിച്ച തുക മറ്റൊരു പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തടഞ്ഞുവെക്കാനോ വെട്ടിക്കുറയ്ക്കാനോ നിയമം അനുവദിക്കുന്നില്ല. ഒരു പ്രത്യേക പദ്ധതിയിൽ പങ്കാളിയായില്ല എന്നതിനാൽ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ആകെ തകിടംമറിക്കുന്ന രീതിയിൽ സമഗ്രശിക്ഷയുടെ ഫണ്ട് തടഞ്ഞുവെക്കുന്നത് നീതിമത്‌കരിക്കാവുന്നതല്ല.
കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഒരു ഇടപെടൽമേഖലയാണ് വിദ്യാഭ്യാസം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ അധികാരവും ഉത്തരവാദിത്വവുമുള്ളതിനാൽ ദേശീയ വിദ്യാഭ്യാസനയങ്ങൾ അംഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ട്. എന്നാൽ, കേന്ദ്രനയങ്ങളെ അതേപടി സ്വീകരിച്ച് നടപ്പാക്കുകയെന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രായോഗികമാവില്ല. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങളും സവിശേഷതകളും അനുസരിച്ച് പദ്ധതികൾ ആസൂത്രണംചെയ്യാനും മുൻഗണനക്രമം നിശ്ചയിക്കാനുമുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടാണ് സമഗ്ര ശിക്ഷാ അഭിയാൻ രൂപപ്പെടുത്തിയിട്ടുള്ളത്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് സംസ്ഥാനങ്ങൾക്കുള്ള അധികാരവും സ്വാതന്ത്ര്യവും എടുത്തുകളയുക അസാധ്യവുമാണ്.
സമഗ്രശിക്ഷയുടെ ലക്ഷ്യങ്ങൾ
2021 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കുംവിധമാണ് 294283.04 കോടി രൂപയുടെ സമഗ്ര ശിക്ഷാ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 11.6 ലക്ഷം സ്‌കൂളുകളിലായി 15.6 കോടി കുട്ടികൾ ഗുണഭോക്താക്കളായി വരുന്ന പദ്ധതി. ഇത് മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളിൽ പലതും ഇതിനകം നേടിക്കഴിഞ്ഞതിനാൽ, കേരളം മുന്നോട്ടുവെക്കുന്ന പദ്ധതികൾ പലതും വികസിതരാജ്യങ്ങളോടുമാത്രം താരതമ്യംചെയ്യാവുന്നതാണ്. എന്നാൽ, ദീർഘകാലത്തെ സാമൂഹികശ്രേണീകരണത്തിന്റെ ഭാഗമായി അധഃസ്ഥിത ജീവിതം നയിക്കേണ്ടിവന്ന മനുഷ്യരുടെ തുല്യാവകാശങ്ങൾ ഉറപ്പാക്കാൻ ഇനിയുമേറെ ചെയ്യാനുണ്ട് എന്നതാണ് യാഥാർഥ്യം.
ഭിന്നശേഷിസൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിൽ ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്തുതീർക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾ സ്‌കൂളിലെത്തി എന്നതും അവർക്കാവശ്യമായ പദ്ധതികൾ നടപ്പാക്കിവരുന്നു എന്നതും നേട്ടമാണെങ്കിലും, പൂർണാർഥത്തിൽ പിന്തുണ ഉറപ്പാക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിതന്നെയാണ്. സ്‌പെഷ്യൽ എജ്യുക്കേറ്റർമാരുടെ മുഴുവൻസമയ സേവനം, മുടങ്ങാതെ നൽകുന്ന ചികിത്സകളും തെറാപ്പികളും, പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 168 ബ്ലോക്കുകളിലും പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററുകൾ, പരിമിതികൾ ഉൾക്കൊണ്ടുകൊണ്ട് അനുരൂപവത്‌കരിച്ച പാഠ്യപദ്ധതിയും പഠനോപകരണങ്ങളും, സ്‌കൂളിൽ വരാൻ കഴിയാത്തവിധം കിടപ്പിലായ കുട്ടികൾക്കും ക്ലാസനുഭവം ഉറപ്പാക്കുന്ന വിർച്വൽ ക്ലാസ് റൂമുകൾ, ചങ്ങാതിക്കൂട്ടംപോലെയുള്ള സൗഹൃദപരിപാടികൾ എന്നിങ്ങനെ ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്താനുള്ള ഒട്ടേറെ പദ്ധതികൾ സംസ്ഥാനത്തുണ്ട്. ഇതൊന്നും മുടങ്ങാൻപാടില്ല എന്നുമാത്രമല്ല, കാലോചിതമായ പുതുക്കലുകൾകൂടി നമ്മുടെ ലക്ഷ്യമാണ്. ട്രൈബൽ കുട്ടികളുടെ വിദ്യാഭ്യാസത്തിലും അതിഥിത്തൊഴിലാളികളായി സംസ്ഥാനത്ത് താമസിക്കുന്നവരുടെ മക്കളുടെകാര്യത്തിലും സർക്കാരിന്റെ കരുതൽ പ്രധാനപ്പെട്ടതാണ്.
ഇങ്ങനെ വിദ്യാഭ്യാസത്തിന്റെ ഒന്നും രണ്ടും തലമുറപ്രശ്നങ്ങളെ ഘട്ടംഘട്ടമായി പരിഹരിച്ച്, സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ സമഗ്ര ഗുണമേന്മ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ പരിശ്രമങ്ങളെയാണ് വിവേചന നിലപാടിലൂടെ കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
സമഗ്ര ശിക്ഷാ കേരളയുടെ കോർഡിനേറ്ററാണ് ലേഖകൻ
Content Highlights: central govt's PM Sree school project and kerala public education sector