സാമ്പത്തികശാസ്ത്ര പഠനത്തിന് സിഡിഎസ്; എംഎ അപ്ലൈഡ് ഇക്കണോമിക്സ് പ്രവേശനം

വികസന കാഴ്ചപ്പാടോടെയുള്ള സാമ്പത്തികശാസ്ത്ര പഠനങ്ങൾക്ക് ഊന്നൽ നൽകുന്ന സെൻറർ ഫോർ ഡിവലപ്മെൻറ് സ്റ്റഡീസ് -തിരുവനന്തപുരം, എംഎ അപ്ലൈഡ് ഇക്കണോമിക്‌സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം ജവാഹർലാൽ നെഹ്റു സർവകലാശാല നൽകും. കേരള സർക്കാരിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) എന്നിവയുടെ സ്പോൺസർഷിപ്പിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് സിഡിഎസ്.
അപ്ലൈഡ് ഇക്കണോമിക് അനാലിസിസിന്റെ തിയറി, ടൂൾസ്, രീതികൾ എന്നിവയിൽ പരിശീലനം നൽകുന്ന പ്രോഗ്രാം, സാമ്പത്തികവികസന കാര്യങ്ങളിൽ പ്രത്യേക ഊന്നൽ നൽകുന്നു. അക്കാദമിയ, സർക്കാർ, നാഷണൽ/ഇൻറർനാഷണൽ ഡിവലപ്മെൻ്റ് ഏജൻസികൾ, ഗവേഷണസ്ഥാപനങ്ങൾ, കോർപ്പറേറ്റ്, മീഡിയ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുള്ളവരെ രൂപപ്പെടുത്താൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. ഇൻറർ ഡിസിപ്ലിനറി കാഴ്ചപ്പാടോടെ വികസനത്തിന്റെ വ്യത്യസ്തതലങ്ങളിൽ പ്രവർത്തിക്കുന്ന ഗവേഷണതത്‌പരരായ ഒരു സമൂഹവുമായി സഹകരിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു.
പാഠ്യപദ്ധതി
നിർബന്ധിത കോഴ്സുകളിൽ മൈക്രോ/മാക്രോ ഇക്കണോമിക് തിയറി, ഇക്കണോമെട്രിക് മെത്തേഡ്സ്, ഇക്കണോമിക് ഡിവലപ്മെൻറ്, മാത്തമാറ്റിക്കൽ മെത്തേഡ്സ്, ഇൻറർനാഷണൽ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇന്ത്യൻ ഇക്കണോമിക് ഡിവലപ്മെൻറ്, പ്രോജക്ട് എന്നിവ ഉൾപ്പെടും. ഓപ്ഷണൽ കോഴ്സുകളിൽ ചിലത്: പബ്ലിക് ഇക്കണോമിക്സ്, ലേബർ ആൻഡ് ഡിവലപ്മെൻറ്, ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, പോപ്പുലേഷൻ ആൻഡ് ഡിവലപ്മെൻറ്, പൊളിറ്റിക്കൽ ഇക്കോണമി തുടങ്ങിയവ. കുറഞ്ഞത് ഏഴ് ഓപ്ഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബാച്ച്‌ലർ ബിരുദം വേണം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർ യോഗ്യതാ പ്രോഗ്രാം ജയിച്ചിരുന്നാൽ മതി. അവർക്ക് യോഗ്യതാ കോഴ്സിലെ മാർക്ക് സംബന്ധിച്ച വ്യവസ്ഥയില്ല. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ രജിസ്ടേഷൻ വേളയിൽ യോഗ്യത തെളിയിക്കണം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ 2025-ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജ്വേറ്റ് [സിയുഇടി-പിജി] ടെസ്റ്റ് പേപ്പർ കോഡ് COQP10 അഭിമുഖീകരിച്ച് സ്കോർ നേടിയിരിക്കണം. ഈ സ്കോർ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
ട്യൂഷൻ ഫീസ് ആദ്യ രണ്ട് സെമസ്റ്ററുകളിൽ 13,200 രൂപ വീതമാണ്. മൂന്ന്, നാല് സെമസ്റ്ററുകളിൽ 14,520 രൂപ വീതമായിരിക്കും. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് യഥാക്രമം 3300 രൂപയും 3630 രൂപയുമായിരിക്കും. മറ്റു ചില ഫീസുകളും ഉണ്ടാകും.
സ്കോളർഷിപ്പ്
രണ്ടുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനമുള്ളവരിൽ എല്ലാ സെമസ്റ്ററുകളിലും കുറഞ്ഞത് ഏഴെങ്കിലും ഗ്രേഡ് പോയിൻറ് ആവറേജ് ലഭിക്കുന്നവർക്ക് രണ്ടാം സെമസ്റ്റർ മുതൽ സെമസ്റ്റർ ഫീ ഒഴിവാക്കി നൽകും. സൗജന്യ ഹോസ്റ്റൽ അക്കോമഡേഷൻ, സൗജന്യ ബേസിക് കഫറ്റീരിയ മീൽസ് എന്നിവയും ലഭിക്കും. അദ്യ സെമസ്റ്റർ ഫീ വിദ്യാർഥി അടയ്ക്കണം.
അപേക്ഷ. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും cds.edu/ma2025/ കാണുക. അവസാന തീയതി ജൂലായ് 15-ന് വൈകിട്ട് അഞ്ചുവരെ.
പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. മറ്റുള്ളവർക്ക് അപേക്ഷാഫീസ് 300 രൂപയാണ്. ഓൺലൈനായി അടയ്ക്കാം
Content Highlights: MA Applied Economics at CDS Thiruvananthapuram