അധ്യാപക പരിശീലനം; സംസ്ഥാന സിലബസിൽ നിശ്ചലം, സി.ബി.എസ്.ഇ.യിൽ ഉഷാർ

പത്തനംതിട്ട: സംസ്ഥാന സിലബസിൽ അധ്യാപക പരിശീലനം നിശ്ചലമായപ്പോൾ സി.ബി.എസ്.ഇ. സിലബസിൽ അത് മുൻ വർഷങ്ങളേക്കാൾ ഉഷാറാക്കി. സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയിലാണ് വിദ്യാഭ്യാസപ്രവർത്തനങ്ങൾ നിശ്ചലമായത്. അധ്യാപക പരിശീലനത്തെക്കുറിച്ചുള്ള ആലോചനപോലും നടന്നിട്ടില്ല. ഇനിയുള്ള മൂന്നാഴ്ചകൊണ്ട് നടക്കാനും സാധ്യതയില്ല.
എന്നാൽ സി.ബി.എസ്.ഇ. രാജ്യത്തെ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും നൽകുന്ന ഊർജിത പരിശീലനത്തിന്റെ അടിസ്ഥാനം ദേശീയ വിദ്യാഭ്യാസനയത്തിന്റെ നടപ്പാക്കലാണ്. വിവിധക്ലാസുകളിലെ പഠനരീതിതന്നെ മാറുകയാണ് ഇക്കൊല്ലം മുതൽ.
കൗശൽ ബോധ് അഥവാ നൈപുണ്യ പരിശീലനം
ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ നിർബന്ധമാക്കിയ തൊഴിൽ നൈപുണ്യ പരിശീലനത്തിന് നിർദേശിച്ചിരിക്കുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള പരിശീലനമാണ് അധ്യാപകർക്ക് നൽകുന്നതിൽ ഒന്ന്.
മൂന്നു മേഖലകളിലായിട്ടാണ് കൗശൽ ബോധിലെ ഉള്ളടക്കം വരിക.
വർഷം 110 മണിക്കൂർ ഇതിനായി സ്‌കൂളുകളിൽ കണ്ടെത്തണമെന്നാണ് നിർദേശം. അധിക പീരിയഡുകളായി ഇവ കണ്ടെത്താം. മൂന്നു മേഖലകളിൽനിന്ന് ഒരുവർഷം ഒരു പ്രോജക്ട് കുട്ടികളെകൊണ്ട് ചെയ്യിക്കാം.
മേഖലകൾ ഇവയാണ്:
1. ജീവജാലങ്ങളുമായി ബന്ധപ്പെട്ട ജോലി
(ഇതിൽ അടുക്കളത്തോട്ടം, ജൈവവൈവിധ്യ രജിസ്റ്റർ, ഔഷധ സസ്യങ്ങൾ തുടങ്ങിയ ഉൾപ്പെടും)
2. യന്ത്രങ്ങളും വസ്തുക്കളുമായി ജോലി
(ഇലക്ട്രിക്കൽ റിപ്പയർ, മരപ്പണി, മൺപാത്ര നിർമാണം, കോഡിങ് തുടങ്ങിയവ ഇതിലുൾപ്പെടും)
3. മനുഷ്യസേവനങ്ങൾ
(ഇതിൽ പാചകം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ സുരക്ഷ, കരകൗശലം തുടങ്ങിയവയുണ്ടാകും)
വിലയിരുത്തൽ
എഴുത്തുപരീക്ഷ, വാക്കാലുള്ള അവതരണം, ആക്ടിവിറ്റി ബുക്ക്, അധ്യാപകരുടെ നിരീക്ഷണം തുടങ്ങി നിരവധി വഴികളിലൂടെയുള്ള വിലയിരുത്തലാണ് കൗശൽ ബോധിൽ ഉണ്ടാവുക. ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പാഠപുസ്തകത്തിലെ കാര്യങ്ങൾക്കപ്പുറം തൊഴിൽ എന്തെന്നറിയാനുള്ള സൗകര്യംകൂടി പരിചിതമാക്കും.
കംപ്യൂട്ടേഷണൽ തിങ്കിങ്, എ.ഐ.
മൂന്നാംക്ലാസുമുതൽ കംപ്യൂട്ടേഷണൽ തിങ്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീവിഷയങ്ങളിൽ തുടങ്ങുന്നതിന്റെ പരിശീലനവും അധ്യാപകർക്ക് നൽകുന്നുണ്ട്. കോഡിങ്ങിനെ കുറിച്ചുള്ള കാര്യങ്ങൾ ചെറിയ ക്ലാസുകളിൽ അവരുടെ പ്രായത്തിന് അനുസരിച്ചുള്ള മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ഹാൻഡ്ബുക്കുകളുമുണ്ട്്.
അധ്യാപകരെ ശാക്തീകരിക്കും
ദേശീയ വിദ്യാഭ്യാസനയത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ പഠനരീതി പരിചയപ്പെടുത്തുന്നതിലൂടെ അധ്യാപകരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. വരുന്ന അധ്യയനവർഷം തുടങ്ങുമ്പോൾ കുട്ടികൾക്കുമുന്നിൽ പകച്ചുനിൽക്കാതെ അധ്യാപകരെ പരിശീലനങ്ങളിലൂടെ സജ്ജമാക്കിവരുന്നു.
- ലതാ പ്രകാശ്, മാസ്റ്റർ ട്രയിനർ, സി.ബി.എസ്.ഇ.
Content Highlights: Implementation of National Education Policy (NEP) for 2026 academic year., Introduction of Kaushal Bodh (vocational skills) for classes 6 to 8., 110 mandatory hours per year allocated for vocational project-based learning., Integration of Computational Thinking and Artificial Intelligence from class 3 onwards., Comprehensive teacher empowerment programs to ensure seamless classroom transition.