CBSE വിദ്യാർത്ഥികൾക്ക് ആശ്വാസം; ത്രിഭാഷാ പദ്ധതിയിൽ പുതിയ വിശദീകരണവുമായി അധികൃതർ

ന്യൂഡൽഹി: സി.ബി.എസ്.ഇ. 7 മുതൽ 9 വരെയുള്ള ക്ലാസുകളിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കാൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷൻ തുടരാം. ത്രിഭാഷാ പദ്ധതിക്ക് കീഴിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കാൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ അതേ ഭാഷാ കോമ്പിനേഷൻ തന്നെ തുടർന്ന് പഠിക്കാൻ സാധിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.
ജൂലൈ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് കുറഞ്ഞത് രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് സി.ബി.എസ്.ഇ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സി.ബി.എസ്.ഇയുടെ മുൻ ഉത്തരവിനെതിരെ നിരവധി വിദ്യാർത്ഥികളും മാതാപിതാക്കളും കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം വന്നിരിക്കുന്നത്.
‘പുതിയ ഭാഷാ നയത്തിന് കീഴിൽ കുറഞ്ഞത് രണ്ട് ഇന്ത്യൻ ഭാഷകളെങ്കിലും പഠിക്കണമെന്ന നിബന്ധന ആറാം ക്ലാസ് മുതൽ മാത്രമേ പ്രാബല്യത്തിൽ വരുത്തുകയുള്ളൂ. നിലവിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമായിരിക്കില്ല’- എന്ന് മുതിർന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയം 2020, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ 2023 എന്നിവയുമായി സ്കൂൾ സിലബസ് പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സി.ബി.എസ്.ഇയുടെ പരിഷ്കാരങ്ങൾ. മെയ് 15-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ഇന്ത്യൻ ഭാഷകൾ പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ ഭാഷയായിട്ടോ അല്ലെങ്കിൽ ഓപ്ഷണൽ നാലാമത്തെ ഭാഷയായിട്ടോ മാത്രമേ അത് തിരഞ്ഞെടുക്കാൻ സാധിക്കൂ.
ഒൻപതാം ക്ലാസിൽ രണ്ട് തലങ്ങളിലുള്ള മാത്തമാറ്റിക്സും സയൻസും
2026-27 അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസിൽ ഗണിതശാസ്ത്രത്തിനും ശാസ്ത്രത്തിനും രണ്ട് തലങ്ങളിലുള്ള (ടു ലെവൽ സിസ്റ്റം) സമ്പ്രദായം അവതരിപ്പിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് കോഴ്സ്: എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായ കോഴ്സ്.
അഡ്വാൻസ്ഡ് കോഴ്സ്: കൂടുതൽ ആഴത്തിലുള്ള പഠനത്തിനായി തിരഞ്ഞെടുക്കാവുന്ന ഓപ്ഷണൽ കോഴ്സ്.
എല്ലാ വിദ്യാർത്ഥികളും പൊതുവായ 80 മാർക്കിന്റെ പരീക്ഷ എഴുതേണ്ടതുണ്ട്. എന്നാൽ ഉയർന്ന തലത്തിലുള്ള പ്രാവീണ്യം ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ആശയപരമായ ധാരണയും ചിന്താശേഷിയും വിലയിരുത്തുന്ന അഡ്വാൻസ്ഡ് ലെവൽ പേപ്പർ അധികമായി എഴുതാവുന്നതാണ്. പുതിയ സമ്പ്രദായത്തിന് കീഴിലുള്ള ആദ്യ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ 2028-ൽ നടക്കും.
Content Highlights: The Central Board of Secondary Education (CBSE) has announced that students who chose two foreign languages in classes 7 to 9 can continue the same combination till class 10, while also introducing a two-level system for Mathematics and Science from the 2026-27 academic year.