സ്കൂൾ തുറന്നിട്ടും പാഠപുസ്തകങ്ങൾ എത്തിയില്ല; ഒൻപതാം ക്ലാസുകാരെ പ്രതിസന്ധിയിലാക്കി സി.ബി.എസ്.ഇ.

തൃശ്ശൂർ: പ്ലസ്ടു പരീക്ഷാവിവാദങ്ങൾക്കു പിന്നാലെ ഈ അധ്യയനവർഷത്തെ ഒൻപതാം ക്ലാസ് വിദ്യാർഥികളെയും വട്ടംകറക്കി സി.ബി.എസ്.ഇ. സ്കൂൾ തുറന്നിട്ടും ഒൻപതാംക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിതരണംചെയ്യാനായിട്ടില്ല. എങ്ങനെ ക്ലാസെടുക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ. ഉത്തരേന്ത്യയിലുൾപ്പെടെ ഏപ്രിലിൽ പുതിയ അധ്യയനവർഷം ആരംഭിച്ചെങ്കിലും പുസ്തകം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തിനിപ്പുറം കേരളത്തിൽ വിദ്യാലയങ്ങൾ തുറന്നപ്പോഴും ഏപ്രിലിലെ അതേ അവസ്ഥതന്നെയാണ്.
സി.ബി.എസ്.ഇ. നിർദേശപ്രകാരം സ്കൂളുകൾവഴിയല്ല പുസ്തകവിതരണം. സ്വകാര്യ ഏജൻസികളാണ് വിതരണം ചെയ്യുന്നത്. അപൂർവം ഇടങ്ങളിലെ സ്വകാര്യ വിൽപ്പനശാലകളിൽ ചില വിഷയങ്ങളുടെ വളരെക്കുറിച്ച് കോപ്പികൾ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അച്ചടി നടക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് സ്കൂളധികൃതർ. മുഴുവൻ വിദ്യാർഥികൾക്കും എന്നത്തേക്ക് പുസ്തകം ലഭ്യമാക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പൊന്നും ആർക്കുമില്ല. ചില വിഷയങ്ങളുടെ ഡിജിറ്റൽകോപ്പികൾ ലഭ്യമാണെങ്കിലും പകർപ്പെടുത്ത് വിദ്യാർഥികൾക്ക് നൽകുന്നത് പ്രായോഗികമല്ലെന്ന് സ്കൂളധികൃതർ ചൂണ്ടിക്കാണിക്കുന്നു.
കണക്കുപുസ്തകത്തിന്റെ ആദ്യഭാഗം ഡിജിറ്റൽകോപ്പി ലഭ്യമായിട്ടുണ്ട്. അതേസമയം സോഷ്യൽസയൻസിന്റെ കോപ്പികളൊന്നും ലഭ്യമായിട്ടില്ല. എവിടെനിന്ന് പഠനം തുടങ്ങുമെന്ന ആശങ്കയാണുള്ളത്.
ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ട് മാതൃഭാഷകളെങ്കിലും നിർബന്ധമാക്കുന്ന ത്രിഭാഷാനയവും ഇത്തവണ സി.ബി.എസ്.ഇ. കൊണ്ടുവന്നിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ ഒൻപതാംക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കാനായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ, ഇതിനെതിരേ രക്ഷിതാക്കളുൾപ്പെടെ കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇടക്കാല സ്റ്റേ സുപ്രീംകോടതി അനുവദിച്ചില്ലെങ്കിലും സി.ബി.എസ്.ഇ.ക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചു. കേസ് തുടർവാദങ്ങൾക്കായി ജൂലായ് പകുതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒൻപതാംക്ലാസിലെ ത്രിഭാഷാപഠനം സംബന്ധിച്ചും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് അധ്യാപകർ.
Content Highlights: Following the Class 12 evaluation controversies, CBSE has landed Class 9 students and teachers in crisis by failing to distribute the newly revised textbooks even after schools reopened for the new academic year in Kerala.