‘വേദാന്തിന്റെ അവകാശവാദം തെറ്റ്’; കൂടിയത്‌ 2 മാർക്കല്ല, 11 മാർക്കെന്ന് സി.ബി.എസ്.ഇ

#Education desk
ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനം (ഫയൽ ചിത്രം/മാതൃഭൂമി)
ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനം (ഫയൽ ചിത്രം/മാതൃഭൂമി)

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയുടെ പുനർമൂല്യനിർണ്ണയ ഫലവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഫലം വന്നപ്പോൾ തനിക്ക് ആകെ രണ്ട് മാർക്ക് മാത്രമാണ് കൂടിയതെന്ന വിദ്യാർഥിയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മൂന്ന് വിഷയങ്ങളിലായി ആകെ 11 മാർക്കിന്റെ വർധനവാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് അറിയിച്ചു.

തനിക്ക് ഫിസിക്സിന് മാർക്കൊന്നും കൂടിയില്ലെന്നും മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്ക് ഓരോ മാർക്ക് വീതമേ ഉയർന്നിട്ടുള്ളൂവെന്നും കാണിച്ച് വേദാന്ത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

മാർക്കുകളിലെ മാറ്റം ഇങ്ങനെ:

  • ഫിസിക്സ് (തിയറി): മാർക്ക് 35-ൽ നിന്ന് 44 ആയി ഉയർന്നു (9 മാർക്കിന്റെ വർധനവ്‌).

  • മാത്തമാറ്റിക്സ്: മാർക്ക് 46-ൽ നിന്ന് 47 ആയി (1 മാർക്കിന്റെ വർധനവ്‌).

  • കമ്പ്യൂട്ടർ സയൻസ്: മാർക്ക് 61-ൽ നിന്ന് 62 ആയി (1 മാർക്കിന്റെ വർധനവ്‌)നേരത്തെ, സി.ബി.എസ്.ഇ നൽകിയ ഫിസിക്സ് ഉത്തരക്കടലാസ് മാറിയതിനെ തുടർന്ന് വേദാന്ത് രംഗത്തെത്തിയിരുന്നു. തുടർന്ന് ബോർഡ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുകയും യഥാർത്ഥ ഉത്തരക്കടലാസ് നൽകുകയും ചെയ്തു. ഇതിലൂടെ പ്രാക്ടിക്കൽ മാർക്കുകൾ ഉൾപ്പെടെ ഫിസിക്സിലെ ആകെ സ്കോർ 65-ൽ നിന്ന് 74 ആയി ഉയർന്നിരുന്നു. ഇതിനുശേഷമാണ് വിദ്യാർത്ഥി വീണ്ടും പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ചത്.

സി.ബി.എസ്.ഇ ഇത്തവണ പുതുതായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിങ് രീതിക്കെതിരെ വിദ്യാർഥികൾക്കിടയിൽ പരാതികൾ ഉയരുന്നതിനിടെയാണ് ഈ സംഭവം. അതേസമയം, പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച 99.7% വിദ്യാർഥികളുടെയും ഫലങ്ങൾ ബോർഡ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Content Highlights: The Union Education Ministry has refuted the viral social media claims of CBSE Class 12 student Vedant Shrivastava, clarifying that his revaluation resulted in an overall increase of 11 marks across three subjects rather than just two marks as alleged.