പത്താംക്ലാസിൽ മൂന്ന് ഭാഷകൾ പഠിക്കണം: മൂന്നാംഭാഷയ്ക്ക് സ്കൂൾ പരീക്ഷ മാത്രം, CBSE നിബന്ധനകൾ ഇങ്ങനെ

#Education desk
ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനം (ഫയൽ ചിത്രം/മാതൃഭൂമി)
ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനം (ഫയൽ ചിത്രം/മാതൃഭൂമി)

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കരിച്ച ത്രിഭാഷാ പദ്ധതിയിൽ പുതിയ മാർഗ്ഗരേഖയുമായി സി.ബി.എസ്.ഇ.

പുതിയ മാനദണ്ഡപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷയ്ക്ക് (R3) പ്രത്യേക പരീക്ഷ ഉണ്ടാകില്ല. എന്നാൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സ്കൂൾ തലത്തിൽ നടത്തുന്ന ഇന്റേണൽ അസസ്മെന്റിൽ വിദ്യാർഥികൾ നിർബന്ധമായും വിജയിച്ചിരിക്കണം.

പ്രധാന തീരുമാനങ്ങൾ ചുരുക്കത്തിൽ:

  • 2026-27 അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിലെത്തുന്ന വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. ഇതിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം.

  • സ്കൂൾ തല പരീക്ഷ: ഈ ബാച്ച് വിദ്യാർഥികൾ 2027-28 വർഷത്തിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. പകരം സ്കൂളുകൾ നടത്തുന്ന പരീക്ഷ പാസായാൽ മാത്രമേ സർട്ടിഫിക്കറ്റിന് അർഹതയുണ്ടാവൂ.

  • പരാജയപ്പെടുന്നവർക്ക് പുനഃപരീക്ഷ: അധ്യയന വർഷത്തിനിടയിൽ മൂന്നാം ഭാഷാ പരീക്ഷ ജയിക്കാത്ത കുട്ടികൾക്കായി, പത്താം ക്ലാസ് ഫലം വരുന്നതിന് മുൻപ് സ്കൂളുകൾ പുനഃപരീക്ഷ നടത്തണം.

  • ഒൻപതാം ക്ലാസിലെ ഇളവ്: ഒൻപതാം ക്ലാസിലെ മൂന്നാം ഭാഷാ പരീക്ഷയിൽ യോഗ്യത നേടിയില്ലെങ്കിലും കുട്ടികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കും. എന്നാൽ, അടുത്ത അധ്യയന വർഷത്തിൽ ഈ പരീക്ഷ അവർ എഴുതിയെടുക്കണം.

  • പഠന സാമഗ്രികൾ: ഒൻപതാം ക്ലാസിലെ മൂല്യനിർണ്ണയ രീതികൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ പഠന സാമഗ്രികൾ എൻ.സി.ഇ.ആർ.ടി വഴി ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

പരിഷ്കരിച്ച ഭാഷാ നയവും താൽക്കാലിക ഇളവുകളും:

  • വിദേശ ഭാഷകൾ പഠിക്കുന്നവർക്ക് ഇളവ്: നിലവിൽ ഇംഗ്ലീഷും ഫ്രഞ്ചും അല്ലെങ്കിൽ ഇംഗ്ലീഷും ജർമ്മനിയും പോലുള്ള രണ്ട് അന്യഭാഷകൾ പഠിക്കുന്ന കുട്ടികൾക്ക് ഒരുതവണത്തെ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. അവർക്ക് ഈ ഭാഷകൾ തുടർന്നും പഠിക്കാമെങ്കിലും മൂന്നാമതായി ഒരു ഇന്ത്യൻ ഭാഷ കൂടി തിരഞ്ഞെടുക്കേണ്ടി വരും.

  • നിലവിലെ പത്താം ക്ലാസുകാർക്ക് മാറ്റമില്ല: 2026-27 അധ്യയന വർഷത്തിൽ പത്താം ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് നിലവിലെ ഇരുഭാഷാ പദ്ധതി തന്നെയായിരിക്കും. ഇവരുടെ പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകില്ല.

  • ആറാം ക്ലാസുകാർക്ക് ബോർഡ് പരീക്ഷ: 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്കും ബോർഡ് പരീക്ഷ എഴുതേണ്ടി വരും. പുതിയ പാഠപുസ്തകങ്ങളും സിലബസും വരുന്നതോടെയായിരിക്കും ഇത് പൂർണ്ണമായി നടപ്പിലാക്കുക.

സുപ്രീം കോടതിയിലെ നിയമപോരാട്ടം

പുതിയ ത്രിഭാഷ നയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അധ്യയന വർഷം തുടങ്ങിയ ശേഷം നയം പ്രഖ്യാപിച്ചതും പാഠപുസ്തകങ്ങളുടെയും അധ്യാപകരുടെയും കുറവും കുട്ടികൾക്ക് അധികഭാരമാകുമെന്ന് ചൂണ്ടിക്കാണിച്ച്  രക്ഷിതാക്കളും വിദേശഭാഷാ അധ്യാപകരും കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ, 99 ശതമാനത്തിലധികം സ്കൂളുകളിലും ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ അധ്യാപകരുണ്ടെന്നും ആശങ്കകൾ പരിഹരിക്കാൻ വേണ്ട നടപടികൾ മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സി.ബി.എസ്.ഇ കോടതിയെ അറിയിച്ചത്. 

Content Highlights: The CBSE has issued new guidelines for the revised three-language formula under the NEP, ruling out external board exams for the third language in Class 10 while making school-level internal assessments mandatory for obtaining the passing certificate.