CBSE പത്താം ക്ലാസ് പരീക്ഷ: വിജയത്തിന് ഇന്റേണലും തിയറിയും ചേർത്ത് 33% മാർക്ക് മതി

ന്യൂഡൽഹി: 2026-27 അക്കാദമിക വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ വിജയമാനദണ്ഡത്തിൽ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് സി.ബി.എസ്.ഇ. മുൻ വർഷങ്ങളിലെപ്പോലെ ഇന്റേണൽ അസസ്‌മെന്റും തിയറി പരീക്ഷയും ചേർത്ത് മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് വിഷയം വിജയിക്കാമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർ്ട്ട് ചെയ്തു.
അടുത്തിടെ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ ഇന്റേണൽ അസസ്‌മെന്റിലും എക്സ്റ്റേണൽ പരീക്ഷയിലും വേറെവേറെ 33 ശതമാനം മാർക്ക് വേണമെന്ന രീതിയിൽ പരാമർശമുണ്ടായിരുന്നത് അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
പഴയ രീതി തുടരും
പത്താം ക്ലാസ്: പഴയ രീതിയിലുള്ള 80:20 അസസ്‌മെന്റ് പാറ്റേൺ തന്നെ തുടരും. ഇന്റേണൽ അസസ്‌മെന്റും എക്സ്റ്റേണൽ തിയറി പരീക്ഷയും കൂട്ടിച്ചേർത്ത് 33% മാർക്ക് നേടിയാൽ മതിയാകും.
പന്ത്രണ്ടാം ക്ലാസ്: പ്ലസ് ടു വിദ്യാർഥികൾക്ക് ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകളിൽ വെവ്വേറെ 33 ശതമാനം മാർക്ക് നിർബന്ധമാണെന്ന നിബന്ധന തുടരും.
മാതൃകാ ചോദ്യപേപ്പറുകൾ: പരീക്ഷാ പാറ്റേണിലും ചോദ്യപേപ്പർ ഘടനയിലും മാറ്റങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ സി.ബി.എസ്.ഇ, വിദ്യാർഥികൾക്കായി ഉടൻ തന്നെ മാതൃകാ ചോദ്യപേപ്പറുകളും (SQP) മാർക്കിങ് സ്കീമും പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും എന്നാൽ എല്ലാ മാറ്റങ്ങളും ഒരുമിച്ച് നടപ്പിലാക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നതെന്നും അതിനാൽ നിലവിലുള്ള ഫോർമാറ്റ് തുടരുമെന്നും സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Content Highlights: CBSE Class 10 board exam 2026-27 passing criteria remains unchanged at a combined 33% for theory and internal assessment